Get Updates
Get notified of breaking news, exclusive insights, and must-see stories!

'തോഴര്‍ നല്ലകണ്ണ് വാഴ്ക'; മുതിര്‍ന്ന സിപിഐ നേതാവ് നല്ലകണ്ണ് അന്തരിച്ചു, 'ജനകീയനായ കമ്യൂണിസ്റ്റ്'

ചെന്നൈ: തമിഴ്നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന സിപിഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ആര്‍ നല്ലകണ്ണ് അന്തരിച്ചു. 101 വയസായിരുന്നു. അനാരോഗ്യവും വാര്‍ധക്യ സഹജമായ അസുഖങ്ങളെയും തുടര്‍ന്ന് അദ്ദേഹം ഫെബ്രുവരി 1 മുതല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിലെ 'നീതിബോധം' ആയിരുന്നു സഖാവ് ആര്‍എന്‍കെ എന്നറിയപ്പെടുന്ന നല്ലകണ്ണ്

'കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു. ഒരു സംഘം സ്‌പെഷ്യലിസ്റ്റുകള്‍ അദ്ദേഹത്തെ ചികിത്സിച്ചു. എന്നിരുന്നാലും, ഇന്ന് രാവിലെ മുതല്‍ മരുന്നുകളോട് പ്രതികരിക്കാനുള്ള ശരീരത്തിന്റെ കഴിവ് ക്രമേണ കുറഞ്ഞു, അദ്ദേഹത്തിന്റെ നില വഷളായി. തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നിട്ടും, അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി, ഉച്ചയ്ക്ക് 1.55 ന് അദ്ദേഹം അന്തരിച്ചു,' ആശുപത്രി സൂപ്രണ്ട് പ്രസ്താവനയില്‍ പറഞ്ഞു.

R Nallakannu

നല്ലകണ്ണിന് അണ്ടാള്‍, കാശി ഭാരതി എന്നീ രണ്ട് പെണ്‍മക്കള്‍ ഉണ്ട്. ലളിത ജീവിതം നയിക്കുക എന്ന കമ്യൂണിസ്റ്റ് ശൈലി മരണം വരെ അദ്ദേഹം പാലിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ എന്നാല്‍ സ്വത്ത് സമ്പാദിക്കുന്നവരാണെന്ന ധാരണയെ നല്ലകണ്ണ് തകര്‍ത്തു. 80-ാം പിറന്നാളിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മാനിച്ച 1 കോടിയുടെ സംഭാവനയും പുതിയ കാറും അദ്ദേഹം സദസ്സില്‍ വെച്ച് തന്നെ പാര്‍ട്ടിക്ക് തിരികെ നല്‍കി.

'ഇത് പാര്‍ട്ടിയുടെ പണമാണ്, പാര്‍ട്ടിക്കേ ചേരട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സൈക്കിള്‍ പോലും സ്വന്തമായി ഇല്ലാതിരുന്ന നേതാവായിരുന്നു അദ്ദേഹം. തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ 'തകൈസാല്‍ തമിഴര്‍' പുരസ്‌കാരമായി ലഭിച്ച 10 ലക്ഷവും കൈവശമുണ്ടായിരുന്ന 5,000-വും ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലകണ്ണു നല്‍കിയതും വാര്‍ത്തയായിരുന്നു.

സ്വന്തമായുള്ളതെല്ലാം നല്‍കിയ ശേഷം, പ്രതിമാസം പാര്‍ട്ടി നല്‍കുന്ന 2000 രൂപ ഉപയോഗിച്ചാണ് അദ്ദേഹം വാടകവീട്ടില്‍ ജീവിച്ചത്. 1949-ല്‍ നെല്ലായിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായപ്പോള്‍ അന്നത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സിഗരറ്റ് കൊണ്ട് അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ പൊള്ളലേല്‍പ്പിച്ചിരുന്നു. അതിനുശേഷം നല്ലകണ്ണ് മുഖത്ത് മീശ വളര്‍ത്തിയിട്ടില്ല. 'പൊലീസിന്റെ ക്രൂരമായ മര്‍ദനത്തിന് അടയാളമായി ഇനി എന്റെ മുഖത്ത് മീശയുണ്ടാകില്ല' എന്നായിരുന്നു അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തത്.

മരണം വരെ അദ്ദേഹം ആ വാക്ക് പാലിച്ചു. ആരോഗ്യം അനുവദിച്ചിടത്തോളം കാലം രാഷ്ട്രീയപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ ഊര്‍ജം. താമ്രഭരണി നദിയിലെ മണല്‍ക്കൊള്ള തടയാന്‍ കോടതിയില്‍ പോരാടി അഞ്ചുവര്‍ഷത്തെ നിരോധനം നേടിയെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 85 വയസായിരുന്നു. സിഐടി നഗറിലെ ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാതൊരു മടിയും കൂടാതെ പെട്ടി കിടക്കകളുമെടുത്ത് അദ്ദേഹം വാടകവീട്ടിലേക്ക് മാറി.

ഈ നിശ്ചയദാര്‍ഢ്യം ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് ഒരു പാഠപുസ്തകമാണ്. 'പെരിയാര്‍ തമിഴ്നാടിന്റെ ഒരു കണ്ണെങ്കില്‍, നല്ലകണ്ണു മറ്റേ കണ്ണാണ്' എന്നായിരുന്നു കലാജ്ഞര്‍ കരുണാനിധി അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്. നല്ലകണ്ണിന്റെ മുറിയില്‍ ആഡംബരങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു പഴയ മരക്കട്ടില്‍, ഏതാനും പുസ്തകങ്ങള്‍, ഭംഗിയായി മടക്കിവെച്ച രണ്ട് ജോടി ഖദര്‍ മുണ്ടുകള്‍ എന്നിവ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

തമിഴ്നാട്ടിലെ വലിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ഒരു വ്യക്തി, തന്റെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ ഒരു വാടകവീട്ടിലെ ചെറിയ മുറിയില്‍ ജീവിച്ചു എന്നത് ഇന്നത്തെ കോര്‍പ്പറേറ്റ് രാഷ്ട്രീയക്കാര്‍ക്ക് ഒരു ചോദ്യചിഹ്നമാണ്. സ്വയം മറന്ന്, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച മഹാനായ നേതാവായിരുന്നു നല്ലകണ്ണ്.

തിരുനെല്‍വേലി ശ്രീവൈകുണ്ഠത്തെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച നല്ലകണ്ണ് സ്‌കൂള്‍ കാലത്ത് തന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. 15-ാം വയസ്സില്‍ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി രാജ്യത്തിനായി നിരവധി ത്യാഗങ്ങള്‍ സഹിച്ചു.1949-ല്‍ ഒളിവില്‍ കഴിഞ്ഞിരുന്നപ്പോള്‍ പൊലീസ് അദ്ദേഹത്തെയും സുഹൃത്തുക്കളെയും വളഞ്ഞു. മലമുകളില്‍ നിന്ന് എറിയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും, സഖാക്കളെ ഒറ്റിക്കൊടുക്കാന്‍ നല്ലകണ്ണ് തയ്യാറായില്ല.

ഇത് അദ്ദേഹത്തിന്റെ ധീരതയ്ക്ക് ഉജ്ജ്വലമായ ഉദാഹരണമാണ്. പ്രകോപിതനായ പോലീസ് ഉദ്യോഗസ്ഥന്‍ നല്ലകണ്ണുവിനെ വിലങ്ങണിയിച്ച്, തലകീഴായി കെട്ടിത്തൂക്കി, മീശയും കവിളുകളും തീയിട്ട് പൊള്ളിച്ചക്കുകയായിരുന്നു. എന്നിട്ടും പോലീസിന് ഒരു വിവരവും ലഭിച്ചില്ല. ഈ ക്രൂരതകള്‍ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. ദരിദ്രര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന് നെല്ലായിലെ ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തി, നല്ലകണ്ണു ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു.

യൗവനകാലത്ത് ജയിലുകളിലും ഒളിവുജീവിതത്തിലുമായിരുന്നു. ജീവിതത്തിലുടനീളം നല്ലകണ്ണു ദരിദ്ര ജനവിഭാഗങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി. സാമൂഹിക സൗഹാര്‍ദ്ദത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം പ്രവര്‍ത്തിച്ചു. തമിഴ്നാടിന്റെയും തമിഴ് സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് നിസ്വാര്‍ത്ഥനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വലിയ സംഭാവനകള്‍ നല്‍കി. രാഷ്ട്രീയക്കാര്‍ ദുഷിച്ചവരാണെന്ന് വാദിക്കുന്നവര്‍ പോലും നല്ലകണ്ണിനെ ആ ഗണത്തില്‍ ഉള്‍പ്പെടുത്തിയില്ല.

അത് അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്ക് തെളിവാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എഴുത്തുകളും പോരാട്ടങ്ങളും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു. 18-ാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന നല്ലകണ്ണു, 83 വര്‍ഷത്തോളം കമ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിച്ച് പ്രവര്‍ത്തിച്ചു. കര്‍ഷകര്‍ക്കും സാധാരണ തൊഴിലാളികള്‍ക്കും വേണ്ടി നിരവധി സമരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം, അവര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ നേടിക്കൊടുത്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ അദ്ദേഹം 'തോഴര്‍ നല്ലകണ്ണ്' എന്നറിയപ്പെട്ടു.കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവായി 25 വര്‍ഷവും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി 13 വര്‍ഷവും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയില്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടിരുന്നു. അന്ന് 'ജനശക്തി' പത്രത്തിന്റെ പത്രാധിപരായിരുന്ന നല്ലകണ്ണു പത്തിനിക്കോട്ടത്ത് ധാന്യം പൂഴ്ത്തിവെച്ചിരിക്കുന്നത് കണ്ടെത്തുകയും അത് പത്രത്തില്‍ വാര്‍ത്തയാക്കുകയും ചെയ്തു.

അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് 1000 നെല്‍ ചാക്കുകള്‍ പുറത്തെടുത്തുകൊണ്ട് വിശപ്പില്‍ വലഞ്ഞ ആയിരങ്ങള്‍ക്ക് ആശ്വാസമേകാന്‍ അദ്ദേഹത്തിനായി. ഇത് അദ്ദേഹത്തിന് ജനകീയനായകനെന്ന പദവി നേടിക്കൊടുത്തു. സ്വാതന്ത്ര്യാനന്തരം, കമ്മ്യൂണിസ്റ്റുകള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ അഴിച്ചുവിട്ട അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നല്ലകണ്ണു നിരന്തരം പോരാടി.

സായുധ വിപ്ലവത്തിന് പ്രേരിപ്പിച്ചുവെന്നും സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് പ്രമാദമായ നെല്ലായി ഗൂഢാലോചന കേസില്‍ അദ്ദേഹം ജയിലിലാകുന്നത്. 1952-ല്‍ ഈ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കുമ്പോള്‍ അദ്ദേഹത്തിന് വെറും 27 വയസ്സ് മാത്രമായിരുന്നു പ്രായം.

തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്ക് പുറമേ, പട്ടികജാതി, ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും സാമൂഹിക നീതിക്ക് വേണ്ടിയും അദ്ദേഹം ശബ്ദമുയര്‍ത്തി. പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിനും പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കുമെതിരെ വിവിധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിയമസഭാ അംഗമോ പാര്‍ലമെന്റ് അംഗമോ ആകാത്ത നല്ലകണ്ണിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+