ആര്‍എസ്എസ് ട്രൗസര്‍ ഉപേക്ഷിച്ചത് തന്റെ ഭാര്യ കാരണമെന്ന് ലാലു പ്രസാദ് യാദവ്!
പട്‌ന: ആര്‍ എസ് എസ് കാക്കി ട്രൗസര്‍ ഉപേക്ഷിച്ച് നീളന്‍ പാന്റ് യൂണിഫോമാക്കാന്‍ തീരുമാനിച്ചത് തന്റെ ഭാര്യ റാബ്രി ദേവി കാരണമാണ് എന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. രാഷ്ട്രീയ സ്വയം സേവക് സംഘത്തെ യൂണിഫോം മാറ്റാന്‍ നിര്‍ബന്ധിതരാക്കിയത് റാബ്രി ദേവി - മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ലാലു ഇത് പറഞ്ഞത്.
ആര്‍ എസ് എസുകാര്‍ക്ക് ട്രൗസറിട്ട് പൊതുസ്ഥലത്ത് വരാന്‍ നാണമില്ലേ എന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് റാബ്രി ദേവി ചോദിച്ചിരുന്നു. ഈ ചോദ്യം കേട്ട് നാണം തോന്നിയിട്ടാണ് ആര്‍ എസ് എസ് കാക്കി ട്രൗസര്‍ ഉപേക്ഷിത് എന്നാണ് ലാലു പറയുന്നത്. ആര്‍ എസ് എസിനെ വീണ്ടും തിരിച്ച് പഴയ ട്രൗസറിലേക്ക് തന്നെ കൊണ്ടുവരുമെന്നും ലാലു പ്രസാദ് യാദവ് പറയുന്നു.

1925 മുതല്‍ ഉപയോഗിച്ചു വന്നിരുന്ന യൂണിഫോം ആര്‍ എസ് എസ് കഴിഞ്ഞ ദിവസമാണ് മാറ്റിയത്. കാക്കി ട്രൗസറിന് പകരം ബ്രൗണ്‍ പാന്റ് ധരിക്കാനാണ് സംഘത്തിന്റെ തീരുമാനം. സംഘടന രൂപീകരിച്ച് 91 വര്‍ഷം കഴിയുമ്പോഴാണ് ആര്‍ എസ് എസ് കാക്കി ട്രൗസര്‍ ഉപേക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ഇത് സംബന്ധിച്ച് ആലോചന തുടങ്ങിയിരുന്നു. രാജസ്ഥാനിലെ നാഗോറില്‍ ചേര്‍ന്ന അഖില്‍ ഭാരതീയ പ്രതിനിധി സഭ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.












Click it and Unblock the Notifications