റേസിംഗ് താരം അശ്വിന്‍ സുന്ദറും ഭാര്യയും അപകടത്തില്‍ മരിച്ചു: അപകടം കാറിന് തീപിടിച്ച്!!
ചെന്നൈ: കാര്‍ റേസിംഗ് ചാമ്പ്യന്‍ അശ്വിന്‍ സുന്ദറും (32)ഭാര്യ നിവേദിതയും വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യൂ കാര്‍ മറീന ബീച്ചിനടുത്ത് വച്ച് മരത്തിലിടിച്ച് തീപിടിയ്ക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അപകടം. അമിത വേഗതയാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എംആര്‍സി നഗറിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നും പോരൂരിലെ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട നിലയില്‍ വാഹനം കണ്ടെത്തിയതിനെ തുടര്‍ന്ന് വഴിയാത്രക്കാരാണ് വിവരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. അരമണിക്കൂറിനുള്ളില്‍ മൈലാപ്പൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ച ശേഷം ദമ്പതികളുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി റായ്‌പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് അയച്ചിട്ടുണ്ട്.

കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറിന്റെ സഹായത്തോടെയായിരുന്നു അപകടത്തില്‍പ്പെട്ടത് അശ്വിനാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പതിനാല് വയസ്സുമുതല്‍ റേസിംഗ് രംഗത്തുള്ള അശ്വിന്റെ ഭാര്യ നിവേദിത ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറാണ്. 32 കാരനായ അശ്വിന്‍ 2012ലും 2013ലും എഫ്4 കാറ്റഗറിയിലെ ജേതാവായിരുന്നു. അപകടത്തിന്റെയും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികള്‍ സാഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications