കര്‍ഷകരില്‍ നിന്നും 1.5 കോടി തട്ടി: രാധേ മാ കൂടുതല്‍ കുഴപ്പങ്ങളിലേക്ക്!
മുംബൈ: വിവാദ ആള്‍ദൈവം രാധേ മാ കൂടുതല്‍ കുഴപ്പങ്ങളിലേക്ക്. രാധേ മായും സഹായികളും ചേര്‍ന്ന് കര്‍ഷകരില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയെടുത്തു എന്നാണ് പുതിയ പരാതി. ഏഴ് പേരുള്ള കര്‍ഷക കുടുംബത്തെയാണ് ആള്‍ദൈവവും കൂട്ടരും കൂടി പറ്റിച്ചത്. കുടുംബത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാക്കിത്തരാം എന്നായിരുന്നത്രെ രാധേ മായുടെ വാഗ്ദാനം.
രാധേ മാ തങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ കുടുംബത്തിലെ നാല് പേര്‍ ഇതിനോടകം ആത്മഹത്യ ചെയ്തു എന്നും പരാതിയില്‍ പറയുന്നു. സ്വന്തം കൃഷിസ്ഥലം വിറ്റാണ് ഇവര്‍ രാധേ മായ്ക്ക് പണം നല്‍കിയത്. ധര്‍മ രക്ഷക് മഹാ പ്രസിഡണ്ട് രമേഷ് ജോഷി എന്നയാളാണ് രാധേ മായ്‌ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഗുജറാത്തിലെ കച്ചില്‍ നിന്നുള്ളവരാണ് ഈ കര്‍ഷക കുടുംബം. രാധേ മായുടെ തട്ടിപ്പ് വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രമേഷ് ജോഷി ഈ കുടുംബത്തെ ബന്ധപ്പെടുകയായിരുന്നു. രാധേ മാ പണം തട്ടിയതുമായി ബന്ധപ്പെട്ട് ഈ കുടുംബത്തിലെ ആളുകള്‍ ആത്മഹത്യ ചെയ്ത കാര്യം രമേഷ് ജോഷിക്ക് നേരത്തെ അറിയാമായിരുന്നത്രെ.
ഈ കുടുംബത്തില്‍ നടന്ന ആത്മഹത്യകള്‍ക്ക് കാരണക്കാരി രാധേ മായാണ് എന്നാണ് ജോഷി പരാതിയില്‍ പറയുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് രാധേ മായ്‌ക്കെതിരെ മറ്റൊരു കേസും ഇപ്പോഴുണ്ട്. നിക്കി ഗുപ്ത എന്ന മുംബൈ സ്വദേശിനിയാണ് പരാതിക്കാരി.












Click it and Unblock the Notifications