റാഫേല്‍ പുനപരിശോധനാ ഹര്‍ജി; സുപ്രീം കോടതിയുടെ നിര്‍ണായക വിധി നാളെ
ദില്ലി: റാഫേല്‍ പുനപരിശോധനാ ഹര്‍ജിയില്‍ വ്യാഴാഴ്ച സൂപ്രീം കോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ജസ്റ്റിസുമാരായ എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്നതാണ് ബഞ്ച്. കരാറില്‍ അഴിമതിയില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചീറ്റ് നല്‍കിയ 2018 ഡിസംബറിലെ വിധിക്കെതിരേയാണ് പുനപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. മെയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.
ഡിസംബര്‍ 14 നാണ് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സര്‍ക്കാരിന് ക്ലീന്‍ ചീറ്റ് നല്‍കിയത്. ഫ്രാന്‍സില്‍ നിന്നും 36 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നും ഇതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കേസ്. എന്നാല്‍ ഈ ആരോപണമെല്ലാം തള്ളികൊണ്ടായിരുന്നു സുപ്രീം കോടതി വിധി.
അതേസമയം മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. മറച്ചുവെച്ച വിവരങ്ങള്‍ സുപ്രധാനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.മോഷണം നടത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പുനപരിശോധന ഹര്‍ജി നല്‍കിയതെന്നും അതുകൊണ്ട് പരിഗണിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല.റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടന്ന തെളിയിക്കുന്ന രേഖകള്‍ ദി ഹിന്ദു പത്രം നേരത്തേ പുറത്തുവിട്ടിരുന്നു.












Click it and Unblock the Notifications