അംബേദ്കർ വിവാദത്തിനിടെ പ്രധാനമന്ത്രിയുമായി രാഹുലിന്റെ കൂടിക്കാഴ്ച, ഒപ്പം ഖാർഗെയും
അംബേദ്കർ വിവാദം കത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും. അംബേദ്കർ വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ച് മോദി എക്സിൽ കുറിപ്പ് പങ്കുവെച്ചതിന് തൊട്ട് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. വിവാദത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടുക്കാഴ്ച സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം അംബേദ്കർ വിവാദത്തിൽ അമിത് ഷായ്ക്കും ബിജെപിയ്ക്കുമെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്.

കഴിഞ്ഞ ദിവസം രാജ്യസഭയിൽ അമിത് ഷാ നടത്തിയ പ്രസംഗമാണ് വിവാദമായത്. അംബേദ്കർ,അംബേദ്കർ,അംബേദ്കർ,അംബേദ്കർ,അംബേദ്കർ...ഇതിപ്പോൾ ഒരു ഫാഷനായിരിക്കുകയാണ്. ഇത്രയും തവണ ഭഗവാനെ വിളിച്ചിരുന്നെങ്കിൽ ഏഴ് ജൻമത്തിലും സ്വർഗം ലഭിച്ചേനേ. അംബേദ്കറുടെ പേര് കോൺഗ്രസ് ആവർത്തിക്കുന്നതിൽ സന്തോഷമുണ്ട്, പക്ഷെ അദ്ദേഹത്തോടുള്ള അവരുടെ യഥാർത്ഥ താത്പര്യം എന്താണെന്ന് കൂടി ഉറക്കെ പറയണം' എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ.
പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ അതിശക്തമായ ഭാഷയിൽ തന്നെ തുറന്നടിച്ചു. ബിജെപിക്കും സംഘപരിവാറിനും വിദ്വേഷവും വൈരാഗ്യവും ഉള്ളതിനാലാണ് അംബേദ്കറിന്റെ പേര് കേൾക്കുമ്പോൾ തന്നെ ബിജെപി അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
മനുസ്മൃതിയിൽ വിശ്വസിക്കുന്നവർക്ക് തീർച്ചയായും അംബേദ്കറുമായി പ്രശ്നം ഉണ്ടാകുമെന്നായിരുന്നു രാഹുലിന്റെ വിമർശനം. അതേസമയം വർഷങ്ങളായി അംബേദ്കറിനെ അപമാനിക്കുന്ന ദ്രവിച്ച സംവിധാനമാണ് കോൺഗ്രസ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടിച്ചത്.
'വർഷങ്ങളായി കോൺഗ്രസും അവരുടെ നശിച്ച സംവിധാനങ്ങളും ഡോ അംബേദ്കറിനെതിരെ നടത്തുന്ന ദുഷ്പ്രവൃത്തികളും അവഹേളനങ്ങളും മറച്ചുവെക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നതെങ്കിൽ അവർക്ക് തീർച്ചയായും തെറ്റിപ്പോയി. ഡോ. അംബേദ്കറുടെ പാരമ്പര്യം ഇല്ലാതാക്കാനും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ അപമാനിക്കാനും എന്തെല്ലാം വഴികൾ കോൺഗ്രസ് നടത്തിയിട്ടുണ്ടെന്ന് ഇവിടെയുള്ള എല്ലാവർക്കുമറിയാം.
തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പരാജയപ്പെടുത്തിയത് ഒന്നല്ല, രണ്ട് തവണയാണ്. പന്ധിത് നെഹ്റു അംബേദ്കറിനെതിരെ പ്രചരണം നടത്തി. അദ്ദേഹത്തെ പരാജയപ്പെടുത്തുകയെന്നത് നെഹ്റുവിന്റെ അഭിമാനപ്രശ്നമായിരുന്നു. അദ്ദേഹത്തിന് ഭാരത് രത്ന നൽകാൻ വിസമ്മതിച്ചു, പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രം പതിപ്പിക്കുന്നത് നിഷേധിച്ചു', മോദി എക്സിൽ കുറിച്ചു.












Click it and Unblock the Notifications