'രാഹുൽ ബാബൂ ടിക്കറ്റ് ബുക്ക് ചെയ്തോളൂ , 2024 ജനുവരി 1 ന് അയോധ്യയിൽ രാമക്ഷേത്രം തുറക്കും'; അമിത് ഷാ
ദില്ലി: അടുത്ത വർഷം ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ അയോധ്യയിൽ രാമക്ഷേത്രം പണി പൂർത്തിയക്കുമെന്ന പ്രഖ്യപനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. 2024 ജനവരി ഒന്നോടെ ക്ഷേത്രമൊരുങ്ങുമെന്ന് പറഞ്ഞ ഷാ ക്ഷേത്രത്തിന് തുരങ്കം വെച്ചത് കോൺഗ്രസ് ആണെന്നും വിമർശിച്ചു. ത്രിപുരയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഷാ.
'ക്ഷേത്ര നിർമ്മാണത്തിന് തടസം നിന്നത് കോൺഗ്രസ് ആണ്. ബാബർ നശിപ്പിച്ച് പോയത് മുതൽ, രാജ്യം സ്വാതന്ത്ര്യം നേടിയത് മുതൽ, ഈ കോൺഗ്രസുകാർ സെഷൻസ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി, വീണ്ടും സെഷൻസ് കോടതി എന്നിങ്ങനെ ക്ഷേത്രത്തിനെതിരെ കയറി ഇറങ്ങുകയായിരുന്നു. സുപ്രീം കോടതി വിധി വന്നതോടെ മോദി ജി രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നിർവഹിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. രാമക്ഷേത്രം 2024 ജനവരി 1 ന് പൂർത്തിയാകും', സാബ്റൂമിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമിത് ഷാ പറഞ്ഞു. രാഹുലിനെ പേരെടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു കോൺഗ്രസിനെതിരായ വിമർശനം.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പിയുടെ അധ്യക്ഷൻ ഞാൻ ആയിരുന്നു. രാഹുൽ ഗാന്ധിയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ. രാക്ഷേത്രം പണിയുമെന്ന് രാഹുൽ ഗാന്ധി പ്രസംഗിക്കും. പക്ഷേ എപ്പോഴെന്ന് മാത്രം പറയില്ല. രാഹുൽ ബാബ, ,സബ്റൂം കേട്ടോളൂ, നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യൂ, 2024 ജനവരി 1 ന് രാമക്ഷേത്രം പണി കഴിക്കും',അമിത് ഷാ പറഞ്ഞു. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ മുഖ്യ പ്രചരണ ആയുധം രാമക്ഷേത്രമാകുമെന്നതാണ് അമിത് ഷായുടെ വാക്കുകളുടെ സൂചന.

അതിനിടെ ഈ വർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുകയാണ് ബി ജെ പി. ഇതിന്റെ ഭാഗമായാണ് അമിത് ഷായുടെ സന്ദർശനം. വ്യാഴാഴ്ച രണ്ട് രഥയാത്രകൾ അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. ഗര്‍ത്തലയില്‍നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള വടക്കന്‍ ത്രിപുരയിലെ ധര്‍മനഗറിൽ നിന്നും സബ്റൂമിൽ നിന്നുമാണ് രഥയാത്രകൾ ആരംഭിച്ചത്. 60 അസംബ്ലി നിയോജക മണ്ഡലങ്ങളിലൂടെ 8 ദിവസങ്ങളിലായി 1,000 കിലോമീറ്ററാണ് യാത്ര. 200 യോഗങ്ങളും 100 പദയാത്രകളും 50 റോഡ് ഷോകളും യാത്രയുടെ ഭാഗമായി നടക്കും.

സി പി എമ്മിനെ പിഴുതെറിഞ്ഞ് കൊണ്ടായിരുന്നു 2018 ൽ ത്രിപുരയിൽ ബി ജെ പി അധികാരം നേടിയത്. 60 അംഗ നിയമസഭയിൽ 35 സീറ്റുകളായിരുന്നു ബി ജെ പി നേടിയത്. തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന സിപിഎമ്മിന് 16 സീറ്റുകളില്‍ മാത്രമാണ് നേടാനായത്. ഇത്തവണയും അധികാര തുടർച്ചയാണ് ബി ജെ പി ഇവിടെ സ്വപ്നം കാണുന്നത്.എന്നാൽ ഇത്തവണ കടുത്ത വെല്ലുവിളിയാണ് പാർട്ടി നേരിടുന്നത്. അഞ്ച് എം എൽ എമാർ ഇതിനോടകം ബി ജെ പി വിട്ടിരുനന്ു. സഖ്യകക്ഷിയായ ഐപിഎഫ്ടിയിൽ നിന്ന് മൂന്ന് പേരും. ബി ജെ പി സഖ്യം വിട്ട മൂന്ന് പേർ കോൺഗ്രസിൽ ചേർന്നിരുന്നു.നാലുപേര്‍ ത്രിപുരയിലെ രാജകുടുംബത്തില്‍ നിന്നുള്ള പ്രദ്യോത് ബിക്രം മാണിക്യദേബ് ബര്‍മന്റെ ടി ഐ പി ആർ എയിലും ചേർന്നു.

അതേസമയം മറുവശത്ത് വമ്പൻ പ്രതീക്ഷയിലാണ് പ്രതിപക്ഷം. ബി ജെ പിയെ പൂട്ടാൻ കോൺഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായുള്ള സഖ്യസാധ്യത ചർച്ചകളിലേക്ക് സി പി എം കടന്നിരിക്കുകയാണ്. ടി ഐ പി ആര്‍ എ യുമായും കോണ്‍ഗ്രസുമായും ആദിവാസി വോട്ട്ബാങ്കുള്ള ചില പ്രാദേശിക പാര്‍ട്ടികളുമായും സി പി എം ചർച്ച നടത്തിയിട്ടുണ്ടെങ്കിലും പാർട്ടികൾ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications