രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍; അമിത് ഷായെ അപമാനിച്ച കേസില്‍ കോടതിയില്‍ ഹാജരായി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍. ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതി രാഹുല്‍ ഗാന്ധിയെ വെറുതെവിട്ടു. അമിത് ഷാ കൊലപാതക കേസില്‍ പ്രതിയാണ് എന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചതാണ് കേസിന് ആധാരം.
വിധി കേള്‍ക്കാന്‍ അദ്ദേഹം നേരിട്ട് കോടതിയില്‍ എത്തിയിരുന്നു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശുഭം വര്‍മയാണ് വാദം കേട്ടതും വിധി പ്രസ്താവിച്ചതും. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അപകീര്‍ത്തിപരമല്ല എന്ന് കോടതി വിധിയില്‍ പറയുന്നു. ബിജെപി നേതാവ് വിനയ് മിശ്ര 2018ല്‍ നല്കിയ കേസിലാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ വാക്കുകളാണ് കേസിന് കാരണം. അമിത് ഷാ കൊലക്കേസ് പ്രതിയാണ് എന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചതാണ് പരാതിക്കാരനായ ബിജെപി നേതാവ് ചൂണ്ടിക്കാട്ടിയത്. ''ബിജെപി അധ്യക്ഷന്‍ കൊലക്കേസ് പ്രതിയാണ് എന്ന് ജനങ്ങള്‍ മറന്നിരിക്കുന്നു. അതൊരു സത്യമാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് മാന്യതയെ കുറിച്ച് സംസാരിക്കുന്നത്'' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.
സുഹ്റബുദ്ദീന്‍ ശൈഖ് ഏറ്റുമുട്ടല്‍ കൊലപാതക കേസാണ് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചത്. ഈ കേസില്‍ അമിത് ഷാ പ്രതിയായിരുന്നു. 2014ല്‍ ഇദ്ദേഹത്തെ സിബിഐ കോടതി കേസില്‍ നിന്ന് ഒഴിവാക്കി. 2018ലാണ് രാഹുല്‍ ഗാന്ധി വിഷയം പ്രസംഗത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇത് അപകീര്‍ത്തിപരമായ പ്രസ്താവനയായി കാണാന്‍ സാധിക്കില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നത്.
2023ല്‍ മറ്റൊരു അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ഗുജറാത്തിലെ കോടതി വിധിച്ചിരുന്നു. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുണ്ട് എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇത്. നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകള്‍ ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പ് ചെയ്തുള്ള പ്രസംഗമായിരുന്നു അത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധി ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടു. പക്ഷേ, ഗുജറാത്ത് കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ അയോഗ്യത നീങ്ങി.


Click it and Unblock the Notifications
