'മോദിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമം'; ഇലക്ടറല്‍ ബോണ്ടില്‍ സമയം നീട്ടി ചോദിച്ച എസ്ബിഐക്കെതിരെ രാഹുല്‍
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള സമയപരിധി നീട്ടി നല്‍കണം എന്നാവശ്യപ്പെട്ട എസ് ബി ഐ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യഥാര്‍ത്ഥ മുഖം മറച്ചുവെക്കാനുള്ള അവസാന ശ്രമമാണിത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അജ്ഞാത സംഭാവന നല്‍കുന്ന ഇലക്ട്രറല്‍ ബോണ്ട് സംവിധാനം ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഓരോ ഇലക്ടറല്‍ ബോണ്ടിന്റെയും വിശദാംശങ്ങള്‍ മാര്‍ച്ച് ആറിനകം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം എന്ന് എസ് ബി ഐയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന് ജൂണ്‍ 30 വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ് ബി ഐ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കാന്‍ നിലവിലുള്ള സമയപരിധി പര്യാപ്തമല്ലെന്നാണ് എസ് ബി ഐ പറയുന്നത്. ഓരോ സൈലോയില്‍ നിന്നും വിവരങ്ങള്‍ വീണ്ടെടുക്കുന്നതും ഒരു സൈലോയുടെ വിവരങ്ങള്‍ മറ്റൊന്നുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള നടപടിക്രമവും സമയമെടുക്കും എന്നാണ് എസ് ബി ഐ ഹര്‍ജിയില്‍ പറയുന്നത്.
ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. സംഭാവന ബിസിനസ് മറച്ചുവെക്കാന്‍ നരേന്ദ്ര മോദി പരമാവധി ശ്രമിച്ചു എന്ന് രാഹുല്‍ ഗാന്ധി എക്സ് പോസ്റ്റില്‍ പറഞ്ഞു. ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചുള്ള സത്യം അറിയുക എന്നത് രാജ്യത്തെ ജനങ്ങളുടെ അവകാശമാണെന്ന് സുപ്രീം കോടതി പറഞ്ഞപ്പോള്‍ ഈ വിവരങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് പരസ്യമാക്കരുതെന്ന് എസ്ബിഐ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു.
ഒരു ക്ലിക്കില്‍ വീണ്ടെടുക്കാന്‍ കഴിയുന്ന വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയം ആവശ്യപ്പെടുന്നതില്‍ അപാകതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ സ്വതന്ത്ര സംഘടനകളും തങ്ങളുടെ അഴിമതി മൂടിവെക്കാന്‍ ശ്രമിക്കുന്ന 'മോദാനി കുടുംബത്തിന്റെ' ഭാഗമായി മാറുകയാണ് എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
ഇലക്ടറല്‍ ബോണ്ടുകളുടെ ഉറവിടം വെളിപ്പെടുത്തുന്നതില്‍ ഭരണകക്ഷിയെ ഇത്രയധികം പരിഭ്രാന്തരാക്കുന്നത് എന്താണ് എന്ന് ജയ്‌റാം രമേശ് ചോദിച്ചു. എസ്ബിഐയുടെ നീക്കം സംശയാസ്പദമായ ആശങ്കയുണ്ടാക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി/gx പറഞ്ഞു. 'ഇത് നീതിയുടെ പരിഹാസമാണ്. മോദിയെയും ബിജെപിയെയും സംരക്ഷിക്കാന്‍ എസ്ബിഐ പൊതുതെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടാന്‍ ശ്രമിക്കുകയാണോ?,' യെച്ചൂരി ചോദിച്ചു.
ഈ ഡിജിറ്റല്‍ യുഗത്തില്‍ ഈ വിവരങ്ങളെല്ലാം ഒരു മൗസ്-ക്ലിക്ക് അകലെയാണ് എന്നും സമയ പരിധി നീട്ടി ചോദിക്കുന്നത് സംശയാസ്പദമായ ആശങ്കകള്‍ ഉയര്‍ത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ വിവരാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദ ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രീം കോടതി അവസാനിപ്പിച്ചത്. ഈ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത് നിര്‍ത്തിവയ്ക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
മാര്‍ച്ച് 13 -നകം ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. കള്ളപ്പണത്തിനെതിരെ പോരാടാനും ദാതാക്കളുടെ രഹസ്യ സ്വഭാവം നിലനിര്‍ത്താനുമുള്ള പ്രഖ്യാപിത ലക്ഷ്യത്തിന് പദ്ധതിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. കള്ളപ്പണം തടയാനുള്ള ഏക മാര്‍ഗം ഇലക്ടറല്‍ ബോണ്ടുകളല്ലെന്നും കോടതി പറഞ്ഞിരുന്നു.












Click it and Unblock the Notifications