ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താൻ രാഹുലും ഖാർഗെയും: 'മോദിയും ഷായും യുവാക്കളെ ഭയക്കുന്നു'
ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും. ഇന്ന് വൈകീട്ട് 5 നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കാണുക. വോട്ടു ചോരിയിൽ പ്രതിപക്ഷത്തിൻ്റെ ആശങ്കകൾ പങ്കുവെയ്ക്കുകയാണ് ലക്ഷ്യം.
രാജ്യത്ത് അനാവശ്യമായ പ്രതിസന്ധി സൃഷ്ടിക്കുകയാണ് അമിത് ഷായും നരേന്ദ്ര മോദിയുമെന്ന് ഖാർഗെ കുറ്റപ്പെടത്തി. കൂട്ടത്തോടെയുള്ള കസ്റ്റഡികളും ഡൽഹിയിലെ സുരക്ഷ നടപടികളും യുവാക്കളെ എത്രമാത്രം മോദിയും ഷായും ഭയക്കുന്നുവെന്നതിൻ്റെ വ്യക്തമായ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. വൈകുന്നേരം 4 നും 5 നും ഇടയിലുള്ള സമയത്ത് കാണാനാണ് ഞങ്ങൾ സമയം തേടിയത്. ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടാൻ ഞങ്ങൾക്ക് സാധിക്കില്ല. അഭ്യർത്ഥിക്കാൻ മാത്രമേ കഴിയൂ. കൈകൂപ്പി അപേക്ഷിക്കാനേ സാധിക്കൂ', ഖാർഗെ പറഞ്ഞു.

ഇത് രണ്ടാം സ്വാതന്ത്ര്യ സമരം; കെസി വേണുഗോപാൽ
ജനാധിപത്യ സംരക്ഷണത്തിനായി നടക്കുന്ന സമാനതകളില്ലാത്ത, ഏറ്റവും ശക്തമായ പോരാട്ടമാണ് ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ സമരമെന്ന് കെസി വേണുഗോപാൽ എംപി. ജനാധിപത്യം തകരുമ്പോൾ പോരാടുകയല്ലാതെ മറ്റു വഴികളൊന്നുമില്ല. ഇതൊരു രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും അദ്ദേഹം പറഞ്ഞു.
'ജനങ്ങളുടെ പിന്തുണയില്ലെങ്കിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും, വോട്ടർമാരെ ഒഴിവാക്കാനുള്ള മറ്റ് സംവിധാനങ്ങളും, എന്ത് അനീതിക്കും കൂട്ടുനിൽക്കുന്ന ഒരു ചീഫ് ഇലക്ഷൻ കമ്മീഷണറും തങ്ങൾക്കുണ്ടെന്ന ധാർഷ്ട്യത്തിലാണ് മോദി-ഷാ യുഗം മുന്നോട്ട് പോകുന്നത്. ശത്രുരാജ്യങ്ങളെ നേരിടുന്നതിന് തുല്യമായിട്ടാണ് ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ ശബ്ദമുയർത്തുന്ന നേതാക്കളെയും, മുൻ മുഖ്യമന്ത്രിമാരെയും, പ്രതിപക്ഷ നേതാവിനെയും ഇവർ കൈകാര്യം ചെയ്യുന്നത്. കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ആ പദവിയിൽ നിന്ന് പുറത്താക്കുന്നത് വരെ ഈ സമരം തുടരുക തന്നെ ചെയ്യും. കാരണം, ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനലാണ് അയാൾ.
ക്രിമിനൽ ചിന്താഗതിയുള്ള പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അയാളെ മുൻനിർത്തി ജനാധിപത്യം അട്ടിമറിക്കുമ്പോൾ എന്ത് വില കൊടുത്തും അതിനെ പരാജയപ്പെടുത്തും.
സമരം തുടങ്ങും മുമ്പേ പ്രതിരോധം തീർക്കാൻ പോലീസ് സംവിധാനങ്ങളെ ഇറക്കുന്നത് ഭരണാധികാരികളുടെ ഭയത്തിന്റെ തെളിവാണ്. 56 ഇഞ്ചിൽ നിന്ന് 4 ഇഞ്ചിലേക്ക് ചുരുങ്ങിയ ഭീരുക്കളാണ് ഇതെല്ലാം ചെയ്യുന്നത്. ഹോസ്റ്റലുകളിലും വീടുകളിലും റെയ്ഡുകൾ നടക്കുന്നു. AIIMS ആശുപത്രിയിൽ പോകവെ സമരത്തിന്റെ ഫോട്ടോ ഫോണിൽ പകർത്തിയ സാധാരണക്കാരനെ പോലും പോലീസ് കസ്റ്റഡിയിലെടുത്തു. പാവപ്പെട്ടവർ ആശ്രയിക്കുന്ന ട്രെയിനുകൾ വരെ റദ്ദാക്കി.
തെരുവിൽ ഇറങ്ങി പോരാടിയാണ് നമ്മൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുത്തത്. ന്യായമായ സമരങ്ങളെ അടിച്ചമർത്തുന്നതും പ്രവർത്തകരെ വലിച്ചിഴയ്ക്കുന്നതും ഏകാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും ലക്ഷണമാണ്. ഇവർ ഫാസിസത്തേക്കാൾ അപകടകാരികളാണ്. എന്ത് തടസ്സങ്ങൾ സൃഷ്ടിച്ചാലും അതിശക്തമായ സമരവുമായി ഞങ്ങൾ മുന്നോട്ട് പോകും', അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications
