രാഹുൽ ഗാന്ധി ജമ്മു കശ്മീരിലേക്ക്; ഗുലാം നബി ആസാദും സീതാറാം യെച്ചൂരിയും രാഹുലിനൊപ്പം
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജമ്മു കശ്മീരിലേക്ക്. പ്രതിപക്ഷ നേതാക്കൾക്കൊപ്പമായിരിക്കും രാഹുൽ ഗാന്ധിയുടെ സന്ദർശനം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിക്ക് ശേഷം താഴ്വരയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയാണ് ലക്ഷ്യം.
കര്‍ണാടകത്തില്‍ സഖ്യം പൊളിയാന്‍ കാരണം ആ നേതാവ്.... വെളിപ്പെടുത്തി ദേവഗൗഡ!!
കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശർമ, സിപിഐ നേതാവ് ഡി രാജ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആർജെഡി നേതാവ് മനോജ് ഝാ,
കെസി വേണുഗോപാൽ, ഡിഎംകെ നേതാവ് തിരുച്ചി ശിവ, തൃണമൂൽ കോൺഗ്രസ് നേതാവ് ദിനേശ് ത്രിവേദി, എൻസിപി നേതാവ് മജീദ് മേമൻ, ആർജെഡി നേതാവ് കുപേന്ദ്ര റെഡ്ഡിതുടങ്ങിയ പ്രതിപക്ഷ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം കശ്മീരിൽ എത്തുന്നുണ്ട്. കശ്മീരിലെ ജനങ്ങളുമായും പ്രാദേശിക നേതാക്കളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
നേരത്തെ സീതാറാം യെച്ചൂരിയേയും ഡി രാജയേയും ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം കശ്മീർ അശാന്തമാണെന്നും അക്രമങ്ങൾ നടക്കുന്നുണ്ടെന്നും നേരത്തെ രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി വ്യാജ വാർത്തകൾ പ്രചരിക്കുകയാണെന്നും അദ്ദേഹത്തിന് കശ്മീരിലെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനായി വിമാനം അയച്ചുകൊടുക്കാമെന്നും കശ്മീർ ഗവർണർ സത്യപാൽ മാലിക് പറഞ്ഞിരുന്നു. ഇവിടെയുള്ള കാര്യങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കൂ. നിങ്ങള്‍ ഉത്തരവാദിത്തപ്പെട്ട വ്യക്തിയാണ്. ഒരിക്കലും ഇങ്ങനെ പറയാന്‍ പാടില്ലെന്നും മാലിക്ക് വിമർശിച്ചു.
ഗവർണറുടെ ക്ഷണം സ്വീകരിച്ച രാഹുൽ ഗാന്ധി താനും മറ്റ് പ്രതിപക്ഷ നേതാക്കളും ജമ്മു കശ്മീരിലേക്ക് വരുന്നുണ്ടെന്നും താഴ്വരയിലെ പ്രമുഖ നേതാക്കളെയും സൈനികരെയും സന്ദർശിക്കാൻ അവസരം തന്നാൽ മതിയെന്നും പ്രതികരിക്കുകയായിരുന്നു. ഞങ്ങൾക്ക് എയർക്രാഫ്റ്റ് വേണ്ട പകരം താങ്കൾ സഞ്ചാര സ്വാതന്ത്രം ഉറപ്പ് വരുത്തിയാൽ മതിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. രാഹുൽ ഗാന്ധി കശ്മീർ വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്നായിരുന്നു ഗവർണർ തിരിച്ചടിച്ചത്.