രാഹുലിനേയും പ്രിയങ്കയേയും കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്; ബസിനുള്ളിലും പ്രതിഷേധം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ, കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയെയും സഹോദരിയും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധിയെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ആകാശവാണി ഭവനില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം രാത്രിയിലും തുടരാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതായും പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
സ്ഥലം ഒഴിയാന്‍ പ്രതിഷേധക്കാര്‍ വിസമ്മതിച്ചാല്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരെ പൊലീസ് വാഹനത്തില്‍ കയറ്റിയത്. ആകാശവാണി ഭവനില്‍ നിന്ന് രാഹുല്‍ ഗാന്ധിയെയും മറ്റ് എംപിമാരെയും കസ്റ്റഡിയിലെടുക്കാന്‍ ഡല്‍ഹി പോലീസ് ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

ഏറെ നേരത്തെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് പൊലീസ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. അതേസമയം സര്‍ക്കാരിന് കഴിവില്ലെന്നും ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ലെന്നും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. 'ഞങ്ങള്‍ക്ക് സിഇസിയെ കാണണം. സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ല,' പ്രിയങ്ക ഗാന്ധി പറഞ്ഞു.
നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നതിനിടെ, പാര്‍ലമെന്റ് സ്ട്രീറ്റില്‍ ആകാശവാണി ഭവനും നീതി ആയോഗ് ഓഫീസിനും മുന്നില്‍ വെച്ച് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് എംപിമാരെയും പൊലീസ് തടഞ്ഞിരുന്നു. ഇതോടെ നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറിനിന്നു പ്രതിഷേധിച്ചു.
അതേസമയം, പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുക്കാനായി അവിടെയുണ്ടായിരുന്ന ബസിലേക്ക് കൊണ്ടുപോയി. എന്നാല്‍, ഉടന്‍ തന്നെ ബസില്‍ നിന്ന് ഇറങ്ങിയ അവര്‍ ആകാശവാണി ഗേറ്റിന് സമീപം രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നു. പൊലീസ് തടഞ്ഞുവെങ്കിലും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡയും റിസപ്ഷന്‍ ഗേറ്റ് വഴി ആകാശവാണി ഭവന്‍ വളപ്പിലേക്ക് പ്രവേശിച്ചു.
പിന്നീട് നേതാക്കള്‍ വളപ്പിനുള്ളിലെ ബോധിവൃക്ഷച്ചുവട്ടിലിരുന്നാണ് പ്രതിഷേധിച്ചത്. ആകാശവാണി ഭവന്‍ വളപ്പില്‍ തങ്ങളുടെ പ്രതിഷേധം തുടരുമെന്നും, ഈ സമരത്തില്‍ ഡല്‍ഹി പൊലീസിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ പ്രതിഷേധത്തിനായി മറ്റൊരു സ്ഥലം അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിലാണ് എം പിമാര്‍ പ്രതിഷേധിക്കുന്നത്.


Click it and Unblock the Notifications
