ഡല്‍ഹിയില്‍ മിന്നല്‍ സമരവുമായി രാഹുലും പ്രിയങ്കയും; അങ്കിതയുടെ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യാ ഗേറ്റില്‍
ബിജെപി നേതാവ് ദുഷ്യന്ത് കുമാര്‍ ഗൗതമിനെ സിക്കിം ഗവര്‍ണറായി നിയമിച്ചതിനെതിരായ പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളുടെ ഇന്ത്യാ ഗേറ്റിലെ പ്രതിഷേധത്തിലാണ് ഇരുവരും പങ്ക് ചേര്‍ന്നത്.
കോണ്‍ഗ്രസ് നേതാക്കളായ ഇമ്രാന്‍ പ്രതാപ്ഗഢി, പവന്‍ ഖേര, ഉദയ് ഭാനു ചിബ് എന്നിവരും ഇന്ത്യ ഗേറ്റിലെത്തിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നിയമന നടപടി നിര്‍ത്തിവെക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഗൗതമിനെ ഗവര്‍ണറായി നിയമിക്കരുതെന്ന് അങ്കിതയുടെ മാതാപിതാക്കളായ വീരേന്ദ്ര സിംഗ് ഭണ്ഡാരിയും സോണി ദേവിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോട് അഭ്യര്‍ത്ഥിച്ചു.
'സിബിഐ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ദുഷ്യന്ത് കുമാറിനെ ഗവര്‍ണറായി നിയമിക്കരുതെന്ന് ഞങ്ങള്‍ ബഹുമാനപ്പെട്ട രാഷ്ട്രപതിയോട് അപേക്ഷിക്കുന്നു. ദുഷ്യന്ത് കുമാര്‍ ജയിലിലാവേണ്ട ആളാണ്,' അങ്കിതയുടെ പിതാവ് വീരേന്ദ്ര സിംഗ് ഭണ്ഡാരി പറഞ്ഞു. ഒക്ടോബര്‍ 12-ന് ഗൗതമിനെ ഗവര്‍ണറായി നിയമിച്ച വിവരം അറിഞ്ഞപ്പോള്‍ കുടുംബത്തിന് വലിയ വേദനയുണ്ടായെന്ന് അമ്മ സോണി ദേവി പറഞ്ഞു.
'ദുഷ്യന്ത് കുമാര്‍ ഗൗതമിനെ ഗവര്‍ണറായി നിയമിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് അതിയായ വേദന തോന്നി. ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ വികാരങ്ങള്‍ തീര്‍ച്ചയായും മനസിലാക്കാന്‍ കഴിയുന്ന ബഹുമാനപ്പെട്ട രാഷ്ട്രപതിയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സിബിഐ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തെ ഗവര്‍ണറായി നിയമിക്കാനുള്ള നീക്കം നിര്‍ത്തിവെക്കണം,' അവര്‍ പറഞ്ഞു.
തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഡെറാഡൂണിലെ സെക്രട്ടേറിയറ്റിലുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് മാതാപിതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള വനന്ത്ര റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19-കാരിയായ അങ്കിത 2022 സെപ്റ്റംബര്‍ 18-നാണ് കൊല്ലപ്പെട്ടത്. നാല് ദിവസത്തിന് ശേഷം ചില്ല കനാലില്‍ നിന്ന് അവളുടെ മൃതദേഹം കണ്ടെടുത്തു.
മുന്‍ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോര്‍ട്ട് ഉടമയുമായ പുല്‍കിത് ആര്യയും അദ്ദേഹത്തിന്റെ രണ്ട് സഹായികളും ഈ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കുറ്റകൃത്യവുമായി തിരിച്ചറിയപ്പെടാത്ത ഒരു വിഐപിക്ക് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കേസ് രാഷ്ട്രീയ ശ്രദ്ധയും നേടിയിരുന്നു. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഗൗതമിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.
ഈ സാഹചര്യത്തില്‍, പ്രസ്തുത വിഐപി ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അങ്കിതയുടെ കുടുംബവും സാമൂഹിക പ്രവര്‍ത്തകരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. തന്റെ മകളുടെ കൊലപാതകത്തില്‍ ഒരു വിഐപിക്ക് വലിയ പങ്കുണ്ടെന്നും അതിന് ഉത്തരവാദി ഗൗതം ആണെന്നും അങ്കിതയുടെ പിതാവ് ആരോപിച്ചു.
'എന്റെ മകളുടെ കൊലപാതകത്തില്‍ ആ വിഐപിക്ക് വലിയ പങ്കുണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍, കേന്ദ്ര സര്‍ക്കാരും ഉത്തരാഖണ്ഡ് സര്‍ക്കാരും ഗൗതമിനെ സിക്കിം ഗവര്‍ണറായി നിയമിച്ചിരിക്കുകയാണ്,' അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗൗതമിനെതിരായ ആരോപണങ്ങള്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അദ്ദേഹം ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും, ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സിക്കിം ഗവര്‍ണറായി ഗൗതമിനെ നിയമിച്ചതിനെതിരെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസും രംഗത്തെത്തി. അങ്കിത ഭണ്ഡാരി വധക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നിട്ടുണ്ടെന്നും, അദ്ദേഹത്തെ സംരക്ഷിക്കാനാണ് ഈ നിയമനം നടത്തിയതെന്നും പാര്‍ട്ടി ആരോപിക്കുന്നു. ഗവര്‍ണര്‍ പദവിയിലിരിക്കെ ഒരാള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ബിജെപിയുടെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ ഗൗതം, നേരത്തെ ഉത്തരാഖണ്ഡിലെ പാര്‍ട്ടി ചുമതല വഹിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ സിക്കിം ഗവര്‍ണറായി നിയമിച്ചത്.


Click it and Unblock the Notifications
