തെലങ്കാനയില്‍ 15000 രൂപ താങ്ങുവില ഉറപ്പാക്കും, പഞ്ചസാര ഫാക്ടറികള്‍ പുനരുജ്ജീവിപ്പിക്കുമെന്ന് രാഹുല്‍
ഹൈദരാബാദ്: തെലങ്കാനയില്‍ കര്‍ഷക അനുകൂല പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ മഞ്ഞള്‍ കര്‍ഷകര്‍ക്ക് ക്വിന്റലിന് 12000 രൂപ മുതല്‍ 15000 വരെ താങ്ങുവില ഉറപ്പാക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. നവംബര്‍ മുപ്പതിന് തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തിയതായിരുന്നു രാഹുല്‍.
ജാഗ്തിയാല്‍ ജില്ലയില്‍ നടന്ന റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭരണത്തില്‍ പഞ്ചസാര മില്ലുകള്‍ പ്രവര്‍ത്തരഹിതമായെന്നും, അവയെല്ലാം കോണ്‍ഗ്രസ് വന്നാല്‍ പുനരുജ്ജീവിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ഓരോ കര്‍ഷകനും, അവരുടെ ഓരോ വിളകള്‍ക്കും കുറഞ്ഞത് 500 രൂപയില്‍ കൂടുതല്‍ താങ്ങുവില ഉറപ്പാക്കും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് സംസ്ഥാനത്ത് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി സെന്‍സസ് രാജ്യത്തിന്റെ എക്‌സറേയാണ്. അതിലൂടെ തെലങ്കാനയിലെ ജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയായ കെസിആര്‍ എത്ര രൂപ കൊള്ളയടിച്ചുവെന്ന് കണ്ടെത്താന്‍ സാധിക്കും.
ജനക്ഷേമ പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കുന്നതില്‍ കെസിആര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ദരിദ്രരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായിരിക്കുകയാണ് കെസിആര്‍ ഭരണത്തില്‍. ഈ രാജ്യത്തെ ജനങ്ങളുടെ സമ്പത്ത് എവിടേക്കാണ് പോകുന്നതെന്ന് ആര്‍ക്കുമറിയില്ല. പാവപ്പെട്ടവര്‍ ദരിദ്രരായി തന്നെ തുടരുകയാണ്. ജാതി സെന്‍സസിലൂടെ മാത്രമേ പിന്നോക്ക സമുദായ്, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് എത്ര ബജറ്റ് വേണമെന്ന് മനസ്സിലാക്കാന്‍ സാധിക്കൂ എന്നും രാഹുല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍ ജാതി സര്‍വേകള്‍ ആരംഭിച്ച് കഴിഞ്ഞു. തെലങ്കാനയിലും അതേ രീതി തന്നെ പിന്തുടരും. സംസ്ഥാനത്തെ ജനങ്ങളുെ സാമ്പത്തികാവസ്ഥയെ കുറിച്ചുള്ള ധാരണ ഇതിലൂടെ ലഭിക്കും. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഒരു കുടുംബം മാത്രമാണ് ഏറ്റവും പുരോഗതി നേടിയത്. അത് കെസിആറിന്റെ കുടുംബമാണ്.
നുണയനും, വഞ്ചകനുമാണ് കെസിആര്‍. തെലങ്കാനയിലെ ജനങ്ങളും, സംസ്ഥാനത്തെ കൊള്ളയടിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. കാളീശ്വരം പദ്ധതി വലിയ അഴിമതിയാണ്. കോടികളാണ് ഇതിലൂടെ കൊള്ളയടിക്കപ്പെട്ടത്. ജനങ്ങളുടെ ഭൂമി നഷ്ടപ്പെട്ടു. കരാറുകാര്‍ക്കാണ് ഗുണം ലഭിച്ചത്. കര്‍ഷക ദുരിതം തുടരുകയാണെന്നും രാഹുല്‍ പറഞ്ഞു.
തെലങ്കാനയില്‍ ജലദൗര്‍ലഭ്യം വളരെ കൂടുതലാണ്. അത്തരമൊരു ഘട്ടത്തിലും കെസിആര്‍ അഴിമതിയിലാണ് ശ്രദ്ധിക്കുന്നത്. ഒരു ലക്ഷം കോടി ചെലവിട്ടിട്ടും ജനങ്ങള്‍ക്ക് കാളീശ്വരം ജലപദ്ധതിയില്‍ നിന്ന് യാതൊരു ഗുണവും ലഭിച്ചില്ലെന്ന് രാഹുല്‍ ആരോപിച്ചു. ജനങ്ങളുടെ ആവശ്യം മനസ്സിലാക്കിയാണ് തെലങ്കാന രൂപീകരണത്തിന് കോണ്‍ഗ്രസ് അനുമതി നല്‍കിയത്. രാഷ്ട്രീയപരമായ ബന്ധമല്ല തെലങ്കാനയിലെ ജനങ്ങളുമായി ഉള്ളത്. യുവാക്കളുടെ ത്യാഗത്തെ കെസിആര്‍ അപമാനിച്ചത്. ജനങ്ങളുടെ പതിനായിരം എക്കറും ഒരു ലക്ഷം കോടിയുമാണ് കെസിആര്‍ കൊള്ളയടിച്ചതെന്നും രാഹുല്‍ ആരോപിച്ചു.












Click it and Unblock the Notifications