ഭാരത് ന്യായ് യാത്രയുമായി രാഹുല്‍ ഗാന്ധി; ബിജെപി തട്ടകത്തിലൂടെ 6200 കി.മി... കോണ്‍ഗ്രസ് മാസ്റ്റര്‍ പ്ലാന്‍
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പുതിയ യാത്രയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരുങ്ങുന്നു. നേരത്തെ ഭാരത് ജോഡോ യാത്രയില്‍ ദക്ഷിണേന്ത്യ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് പരിഗണിച്ചതെങ്കില്‍ ഇത്തവണ ഹിന്ദി ഹൃദയ ഭൂമിയിലൂടെയാണ് യാത്ര. ഭാരത് ന്യായ് യാത്ര എന്നാണ് പുതിയ യാത്രയുടെ പേര്.
ജനുവരി 14ന് മണിപ്പൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുക. മാര്‍ച്ച് 20ന് മുംബൈയില്‍ അവസാനിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് വലിയ ഒരുക്കമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് ഭാരത് ന്യായ് യാത്ര. ഭാരത് ജോഡോ യാത്ര ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് നേട്ടം സമ്മാനിച്ചിരുന്നു എങ്കിലും ഉത്തരേന്ത്യയില്‍ ഉപകാരപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ യാത്ര സംഘടിപ്പിക്കുന്നത്.

14 സംസ്ഥാനങ്ങളിലൂടെയാണ് പുതിയ യാത്ര കടന്നുപോകുക. 85 ജില്ലകളിലൂടെയായി 6200 കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും സഞ്ചരിക്കും. പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കാനും വിവിധ ജനവിഭാഗങ്ങളുമായി അടുപ്പമുണ്ടാക്കാനും യാത്ര സഹായിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. ഭാരത് ജോഡോ യാത്രയില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണ് ഭാരത് ന്യായ് യാത്ര.
മണിപ്പൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കുകി-മെയ്‌തേയ് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. ഇവിടെ നേരത്തെ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് കോണ്‍ഗ്രസ് വലിയ പ്രചാരണ വിഷയമാക്കുകയും ചെയ്തിരുന്നു. നിലവില്‍ മണിപ്പൂര്‍ ഭരിക്കുന്നത് ബിജെപിയാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, നാഗാലാന്റ്, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോയ ശേഷമാണ് യാത്ര മഹാരാഷ്ട്രയില്‍ അവസാനിക്കുക. അടുത്തിടെ കോണ്‍ഗ്രസിന് നഷ്ടമായ രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലുടെയും രാഹുലിന്റെ യാത്ര കടന്നുപോകുമെന്നത് എടുത്തുപറയണം.
ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കര്‍ണാടകയിലും തെലങ്കാനയിലും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത് നേട്ടമായിരുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ വേണ്ട ഫലം കോണ്‍ഗ്രസിന് കിട്ടിയിരുന്നില്ല. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി പദയാത്ര മാത്രമാണ് തിരഞ്ഞെടുത്തത്. എന്നാല്‍ ഭാരത് ന്യായ് യാത്രയില്‍ ബസിലും യാത്രയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര എന്നതും എടുത്തു പറയണം. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനം ജനുവരി 22നാണ്. പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല എന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. അദ്ദേഹം ഭാരത് ന്യായ് യാത്രയിലാകും.












Click it and Unblock the Notifications