അത്ര ഗൗരവമുള്ള കേസായിരുന്നെങ്കില്‍ നിങ്ങളെന്തുകൊണ്ട് ഒന്നും ചെയ്തില്ല; രാഹുലിനെതിരായ കേസില്‍ കോടതി
രാഹുല്‍ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബന്ധപ്പെട്ട കേസ് അത്ര ഗൗരവമുള്ളതാണെങ്കില്‍ എന്തുകൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ ഇതുവരെ മൗനം പാലിച്ചതെന്ന് സുപ്രീം കോടതി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനോടായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നുണ്ടായ സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട കേസില്‍, അലഹബാദ് ഹൈക്കോടതി ഉള്‍പ്പെടെയുള്ള ഏതെങ്കിലും അധികാരികള്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് സിബിഐയോടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നടപടി.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ അടുത്ത തവണ വാദം കേള്‍ക്കുന്നത് വരെ, ഓഗസ്റ്റ് 20-ന് നിശ്ചയിച്ചിരുന്ന വാദം കേള്‍ക്കല്‍ നടപടികള്‍ മാറ്റിവെക്കാന്‍ അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അതിനിടെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ഹര്‍ജിക്കാരനായ വിഗ്‌നേഷ് ശിശിറിന് നിയമപരമായ അവകാശമുണ്ടോ എന്ന് രാഹുലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ചോദിച്ചു.
'ഇത് നിയമത്തിന് തീര്‍ത്തും അജ്ഞാതമായ ഒന്നാണ്. നിയമം അംഗീകരിക്കാത്ത, വേട്ടയാടല്‍ ലക്ഷ്യമിട്ടുള്ള നടപടിയാണിത്. ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഈ ഹര്‍ജിക്കാരന്‍ തുടര്‍ച്ചയായി ഇത്തരം ശ്രമങ്ങള്‍ നടത്തുകയാണ്. 'പരാതി പരിശോധിക്കുകയല്ലാതെ സിബിഐ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് പറയാന്‍ കഴിയും,' കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു, കേസില്‍ തങ്ങള്‍ക്ക് ഇതുവരെ യാതൊരു പങ്കുമില്ലെന്നും, എന്നാല്‍ പരാതിയില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്നതായി സൂചനയുണ്ടെങ്കില്‍ അത് ഗൗരവകരമാണെന്നും വ്യക്തമാക്കി. എന്നാല്‍ ഇതിന് രൂക്ഷമായ ഭാഷയില്‍ ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.
'ഞങ്ങള്‍ അതല്ല പരിഗണിക്കുന്നത്. ഉദാഹരണത്തിന് ഒരാള്‍ കൊലപാതകം നടത്തിയാല്‍ പൊലീസിന് നടപടിയെടുക്കാന്‍ അനുമതി ആവശ്യമില്ലല്ലോ. എന്നാല്‍ ഞങ്ങള്‍ക്ക് തോന്നുന്നത്, ഇരുപക്ഷത്തുനിന്നും ലഭിക്കുന്ന സഹായത്തിന്റെ അടിസ്ഥാനത്തില്‍ കോടതി എന്തെങ്കിലും നിര്‍ദ്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം എന്നാണ്,' ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഓണ്‍ലൈനായി ഹാജരായ ഹര്‍ജിക്കാരന്‍, ഹൈക്കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയെ എതിര്‍ത്തു. 'ഇതൊരു പ്രാഥമിക ഘട്ടത്തിലുള്ള കേസ് മാത്രമാണ്... എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പുള്ള ഘട്ടത്തില്‍ വാദം കേള്‍ക്കാന്‍ പ്രതിക്ക് അവകാശമില്ല,' അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെ കപില്‍ സിബല്‍ എതിര്‍ത്തു.
'വസ്തുതകള്‍ ശരിയാകാം, തെറ്റാകാം. എന്നാല്‍ വസ്തുതകള്‍ ശരിയാണെങ്കില്‍, കോടതിയുടെ അധികാരം പ്രയോഗിക്കാന്‍ പാകത്തിലുള്ള ഗൗരവകരമായ കേസാണിത്,' സിബല്‍ പറഞ്ഞു. ഈ ഘട്ടത്തില്‍, ആരോപണങ്ങള്‍ അത്രയും ഗൗരവമുള്ളവയായിരുന്നെങ്കില്‍ ഇതുവരെ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് കോടതി ഏജന്‍സികളുടെ അഭിഭാഷകനോട് ചോദിച്ചു.
'ഇത്രയും ഗൗരവകരമായ വിഷയമായിട്ടും എന്തുകൊണ്ടാണ് നിങ്ങളുടെ ഏജന്‍സി മൗനം പാലിക്കുന്നത്? കോടതിയുടെ നിര്‍ദ്ദേശം ആവശ്യമുണ്ടോ, മിസ്റ്റര്‍ രാജു? സ്വമേധയാ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ? ഇല്ല, അല്ലേ?', അന്വേഷണ ഏജന്‍സികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനോട് ജസ്റ്റിസ് ബാഗ്ചി ചോദിച്ചു.





Click it and Unblock the Notifications