രാഹുല്‍ ഗാന്ധി പിടിച്ചിട്ടും നിന്നില്ല; ഭുപെന്‍ ബോറ ബിജെപിയിലേക്ക്, പ്രഖ്യാപിച്ച് ഹിമന്ത ബിശ്വ ശര്‍മ
ഗുവാഹത്തി: കഴിഞ്ഞ ദിവസം രാജി നാടകം കളിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭുപെന്‍ ബോറ ബിജെപിയിലേക്ക്. മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 22ന് ബോറ ബിജെപിയില്‍ ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അസം കോണ്‍ഗ്രസിലെ മുന്‍ സംസ്ഥാന അധ്യക്ഷനാണ് ബോറ.
ബോറക്കൊപ്പം നിരവധി കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുവാഹത്തിയിലെയും നോര്‍ത്ത് ലഖിംപൂരിലെയും കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയില്‍ ചേരുക. കോണ്‍ഗ്രസിലെ അവസാന ഹിന്ദു നേതാവാണ് ബോറ. അദ്ദേഹത്തെ ബിജെപിയില്‍ സ്വീകരിക്കുന്നതിന് ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

വീട്ടിലേക്ക് വരുന്ന പോലെയാണ് ബോറ ബിജെപിയില്‍ എത്തുന്നത്. കാരണം അദ്ദേഹത്തെ പോലെയുള്ള നിരവധി നേതാക്കളുടെ വീടാണ് ബിജെപി എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുവാഹത്തിയിലെ ബോറയുടെ വീട് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിച്ചു. ബോറയുടെ ഭാര്യയും മകനും ആരതി എടുത്ത് സ്വാഗതം ചെയ്തു. ബോറ ബിജെപിയില്‍ ചേരുന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച നടത്തിയ എല്ലാ ശ്രമവും നിഷ്ഫലമാകുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് അസം. കഴിഞ്ഞ രണ്ട് തവണയായി ബിജെപിയാണ് അസം ഭരിക്കുന്നത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന പല നേതാക്കളും ഇന്ന് ബിജെപിയിലാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു. ബോറ ബിജെപിയില്‍ ചേര്‍ന്നാല്‍ അദ്ദേഹത്തിന് ജയിക്കാന്‍ സാധിക്കുന്ന നിയമസഭാ മണ്ഡലത്തില്‍ മല്‍സരിപ്പിക്കുമെന്ന് ശര്‍മ പറഞ്ഞു.
തിങ്കളാഴ്ച നടന്ന രാജി നാടകം ഇങ്ങനെ
ബോറ തിങ്കളാഴ്ച രാവിലെയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. കാരണം വിശദീകരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അദ്ദേഹം കത്തയച്ചിരുന്നു. എന്നാല്‍ പിന്നീട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബോറയെ വീട്ടിലെത്തി കണ്ടു. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. ഇതോടെ അന്തിമ തീരുമാനം എടുക്കാന്‍ സമയം വേണമെന്ന് ബോറ പറഞ്ഞു. സിപിഎം നേതാക്കളും ബോറയുമായി സംസാരിച്ചിരുന്നു.
അസം കോണ്‍ഗ്രസിലെ കരുത്തനായ നേതാവാണ് ബോറ. മറ്റു പാര്‍ട്ടികളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് ബോറയെ ആണ് ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം പാര്‍ട്ടി വിട്ടു പോകുമെന്ന് ഒരിക്കലും കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതാണ് ബോറയുടെ അതൃപ്തിക്ക് കാരണമത്രെ.
കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് അസം. സീറ്റ് വിഭജനം, സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ എന്നിവ കോണ്‍ഗ്രസ് നടത്തി വരവെയാണ് മുതിര്‍ന്ന നേതാവ് രാജി പ്രഖ്യാപിച്ചത്. ബിജെപി തുടര്‍ഭരണം പിടിക്കുമെന്നാണ് ഹിമന്ത ബിശ്വ ശര്‍മയുടെ അവകാശവാദം. മുസ്ലിങ്ങളെ വെടിവയ്ക്കുന്ന തരത്തില്‍ മുഖ്യമന്ത്രിയുടെ വീഡിയോ ബിജെപി പുറത്തിറക്കിയിരുന്നു. ഇതിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചിട്ടില്ല. ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.












Click it and Unblock the Notifications