'മദ്യ കുംഭകോണത്തിന്റെ ശിൽപ്പി': അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അരവിന്ദ് കെജ്‌രിവാളിനെ "മദ്യ കുംഭകോണത്തിന്റെ ശിൽപ്പി" എന്ന് വിശേഷിപ്പിച്ച ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ബി ജെ പി പ്രധാന പ്രചരണ ആയുധമാക്കുന്ന 'ശീഷ്മഹല്‍' പ്രചരണവും ആവർത്തിച്ചു. കോണ്‍ഗ്രസും എ എ പിയും ഇന്ത്യ സംഖ്യത്തിന്റെ ഭാഗമാണെങ്കിലും ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കുകയാണ്.
മദ്യനയ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച അരവിന്ദ് കെജ്രിവാളിനേയും അദ്ദേഹത്തിന്റെ വലംകൈയും മുൻ ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയേയും ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു പട്പർഗഞ്ചിൽ നടന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി സംസാരിച്ചത്. നേരത്തെ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ശക്തമായി രംഗത്ത് വന്ന നേതാവായിരുന്നു രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും എന്നതും ശ്രദ്ധേയമാണ്.

കെജ്‌രിവാൾ വരുമ്പോള്‍ ഒരു ചെറിയ കാറായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പുതിയൊരു തരം രാഷ്ട്രീയം അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഡല്‍ഹിയെ വലിയ തോതില്‍ മാറ്റി മറിക്കുമെന്ന വാഗ്ദാനമുണ്ടായി. എന്നാൽ ഡൽഹിയിലെ പാവപ്പെട്ട ജനങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുള്ളപ്പോൾ, അദ്ദേഹത്തെ എവിടെയും കണ്ടില്ല. ഡൽഹിയിൽ കലാപം നടന്നപ്പോൾ അദ്ദേഹത്തെ എവിടെയും കാണാനില്ലായിരുന്നു. അദ്ദേഹം 'ശുദ്ധ രാഷ്ട്രീയ'ത്തെക്കുറിച്ച് സംസാരിച്ചു, പക്ഷേ ഏറ്റവും വലിയ മദ്യ കുംഭകോണം നടന്നത് ഡൽഹിയിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ബംഗ്ലാവ് പുതുക്കിപ്പണിയാൻ എഎപി 45 കോടി രൂപ ചെലവഴിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിജി എന്നെ വീട്ടിൽ നിന്ന് പുറത്താക്കി. ഞാൻ അവർക്ക് താക്കോൽ കൈമൈറുകയും അത് നിങ്ങൾക്ക് തന്നെ സൂക്ഷിക്കാമെന്നും പറഞ്ഞു. പക്ഷേ കെജ്‌രിവാൾജി ഒരു 'ശീഷ്മഹലി'ലാണ് താമസിക്കുന്നത്' രാഹുല്‍ ഗാന്ധി പറഞ്ഞു.
എ എ പി സ്ഥാനാർത്ഥിയായി സിസോദിയ വീണ്ടും ജനവിധി തേടുന്ന സീറ്റാണ് പട്പർഗഞ്ച്. ഡല്‍ഹിയില്‍ എ എ പി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ സിസോദിയ ഉപമുഖ്യമന്ത്രിയാകുമെന്ന് കെജ്രിവാള്‍ അടുത്തിടെ പ്രഖ്യാപിച്ചിട്ടുമുണ്ട്. യഥാർത്ഥത്തില്‍ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ എ എ പി - കോണ്‍ഗ്രസ് സഖ്യം വേണമെന്ന നിലപാട് പുലർത്തിയിരുന്ന നേതാവായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ മത്സരിക്കുന്ന സീറ്റുകളെചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇരുപാർട്ടികള്‍ക്കും ഇടയില്‍ സഖ്യമില്ലാതെ പോകുകയായിരുന്നു.












Click it and Unblock the Notifications