ഡൽഹിയിൽ നാടകീയ നീക്കങ്ങൾ; ബാരിക്കേഡിന് മുകളിൽ കയറി രാഹുൽ ഗാന്ധിയും പ്രിയങ്കയും..വൻ പ്രതിഷേധം
തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തിനിടെ നാടകീയ നീക്കങ്ങൾ. പ്രതിഷേധത്തിനിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോലീസ് ബാരിക്കേഡിന് മുകളിൽ കയറി ത്രിവർണപതാക വീശി. ഇതിന് പിന്നാലെ പ്രതിപക്ഷ എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. എന്നാൽ ഗ്യാനേഷ് രാജിവെയ്ക്കും വരെ ഒരടി പിന്നോട്ടില്ലെന്ന് ഇന്ത്യ സഖ്യ നേതാക്കൾ വ്യക്തമാക്കി.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടാണ് പാർലമെൻ്റിൽ നിന്നും നിർവചൻ സദനിലേക്ക് ഇന്ത്യ സഖ്യ എംപിമാർ മാർച്ച് നടത്തിയത്. രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. 150 ഓളം എംപിമാർ പ്രതിഷേധത്തിൻ്റെ ഭാഗമായിരുന്നു.
പ്രതിഷേധ മാർച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് സമീപം എത്തിയതോടെ ആകാശവാണി ഭവന് മുന്നിൽ വെചച്് മാർച്ച് പോലീസ് തടഞ്ഞു. ഇതോടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിന് മുകളിൽ കയറി ത്രിവർണപതാക വീശി. ഇത് പ്രതിഷേധക്കാർക്ക് വലിയ ആവേശമായി. എന്നാൽ പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുക്കുകയും പോലീസ് ബസിലേക്ക് മാറ്റുകയും ചെയ്തു. പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
പിന്നീട് ഇരുവരേയും വിട്ടയച്ചു. ഇതോടെ വീണ്ടും രാഹുൽ എംപിമാർക്കൊപ്പം റോഡിൽ ധർണ നടത്തി. ഇതിനിടയിൽ പോലീസിൻ്റെ കണ്ണുവെട്ടിച്ച് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ദീപേന്ദർ ഹൂഡ, ചരൺജിത് സിങ് ചന്നി എന്നിവർ ആകാശവാണി ഭവന്റെ ഉള്ളിൽ പ്രവേശിച്ചു. ഇവിടെ നാലാം ഗേറ്റിന് സമീപമുള്ള ഒരു മരച്ചുവട്ടിൽ കുത്തിയിരുന്ന് നേതാക്കൾ പ്രതിഷേധിച്ചത്. ആകാശവാണി ഭവന് തൊട്ടടുത്തുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യാൻ നേതാക്കളെ അനുവദിക്കണമെന്നും ഗേറ്റ് തുറക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഇത് തടഞ്ഞുകൊണ്ട് പോലീസ് കൂടുതൽ ബാരിക്കേഡുകൾ വെച്ച് വഴി തടഞ്ഞു. ഉടൻ തന്നെ പ്രദേശത്ത് നിന്ന് പിൻവാങ്ങണമെന്നും പോലീസ് ആവശ്യപ്പെട്ടു. അതേസമയം രാഹുലും മറ്റ് നേതാക്കളും ആകാശവാണി ഭവനിൽ ഇപ്പോഴും തുടരുകയാണ്.
അതേസമയം സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാൻ, അഭിഷേക് ബാനർജി തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. നാലോളം ബസുകളിലായാണ് കസ്റ്റഡിയിലെടുത്ത എംപിമാരെ പോലീസ് കൊണ്ടുപോയത്. നിലവിൽ ആകാശവാണി ഭവന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. നിരവധി പ്രവർത്തകരും ഇവിടെ തടിച്ചുകൂടിയിട്ടുണ്ട്.


Click it and Unblock the Notifications
