മോദിയുടെ പരിഭ്രാന്തിക്ക് കാരണം ‘16’? ലോക്സഭയെ കുഴപ്പിച്ച് രാഹുലിന്റെ വാക്കുകൾ
ലോക്സഭയിൽ മണ്ഡല പുനർനിർണ്ണയ ബില്ലിന്മേലുള്ള (Delimitation Bill) ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ പരിഹാസവും നിഗൂഢമായ പരാമർശങ്ങളുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഭ്രാന്തിക്ക് പിന്നിൽ '16' എന്ന അക്കമാണെന്ന രാഹുലിന്റെ പ്രസ്താവന സഭയെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരേപോലെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
സഭയെ കുഴപ്പിച്ച 'നമ്പർ 16'
പാർലമെന്റിൽ സംസാരിക്കവെ, വനിതാ സംവരണ ബില്ല് തിരക്കിട്ട് കൊണ്ടുവന്നതിനെ രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ ശരീരഭാഷയിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം ഭയത്തിലാണെന്നും രാഹുൽ ആരോപിച്ചു. "ഇന്നലെ പ്രധാനമന്ത്രി സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ഊർജ്ജസ്വലത നഷ്ടപ്പെട്ടിരിക്കുന്നു, അദ്ദേഹം പരിഭ്രാന്തിയിലാണ്. എന്തുകൊണ്ടാണ് ഇതെന്ന് ഞാൻ ആലോചിച്ചു. അപ്പോഴാണ് ഞാൻ ഇന്നത്തെ തീയതി നോക്കിയത്-ഏപ്രിൽ 16. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഈ പ്രശ്നങ്ങളെല്ലാം 16 എന്ന അക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്," രാഹുൽ പറഞ്ഞു.

ഈ പ്രസംഗത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ "സിക്സ്റ്റീൻ സൗണ്ട്സ് ലൈക് എപ്‌സ്റ്റീൻ" (Sixteen sounds like Epstein) എന്ന പോസ്റ്റ് പങ്കുവെച്ചതോടെ രാഹുലിന്റെ നിഗൂഢമായ വാക്കുകൾക്ക് പിന്നിലെ അർത്ഥം ഇതാണെന്ന തരത്തിലായി ചർച്ചകൾ. എന്തായാലും പ്രധാനമന്ത്രിക്കെതിരെയുള്ള രാഹുലിന്റെ പരാമർശങ്ങളിൽ ഭരണപക്ഷം കടുത്ത പ്രതിഷേധം ഉയർത്തുകയാണ്.
മണ്ഡല പുനർനിർണ്ണയത്തിലെ ചർച്ചകൾ
വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്യുമ്പോഴും, അത് മണ്ഡല പുനർനിർണ്ണയത്തിന് ശേഷം മാത്രമേ നടപ്പിലാക്കൂ എന്ന നിബന്ധനയെ രാഹുൽ കടന്നാക്രമിച്ചു. മണ്ഡല പുനർനിർണ്ണയം എന്നത് രാജ്യത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള വിഭജനമാണെന്നും ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർദ്ധിപ്പിക്കുന്നത് ബിജെപിക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ വേണ്ടിയാണെന്നും ഇത് ഫെഡറൽ സംവിധാനത്തെ തകർക്കുമെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡല പുനർനിർണ്ണയത്തിന്റെ മറവിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കേന്ദ്ര നീക്കമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടേത് ഗൂഢാലോചനാ സിദ്ധാന്തങ്ങൾ മാത്രമാണെന്ന് ഭരണപക്ഷം പ്രതികരിച്ചു. സഭയുടെ അന്തസ്സ് കെടുത്തുന്ന രീതിയിലാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്ന് ബിജെപി എംപിമാർ ആരോപിച്ചു. യാതൊരു തെളിവുകളുമില്ലാത്ത കാര്യങ്ങൾ പാർലമെന്റിൽ വിളിച്ചു പറയുന്നത് അപലപനീയമാണെന്നും ഇതിനെതിരെ അവകാശലംഘനത്തിന് നടപടി സ്വീകരിക്കുമെന്നും ഭരണപക്ഷം മുന്നറിയിപ്പ് നൽകി.












Click it and Unblock the Notifications