അസമിൽ രാഹുൽ ഗാന്ധിക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം നിഷേധിച്ചു, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം
ന്യൂ ഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞു. നാഗാവിലെ ഭടദ്രവ സത്ര ക്ഷേത്രത്തിലേക്കാണ് രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചത്. 15ാം നൂറ്റാണ്ടില്‍ അസമില്‍ ജീവിച്ചിരുന്ന പണ്ഡിതനും സന്യാസിയുമായ ശ്രീമന്ദ ശങ്കര്‍ദേവയുടെ പേരിലുളളതാണ് ക്ഷേത്രം.
ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതിനെതിരെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഞങ്ങള്‍ക്ക് ക്ഷേത്രം സന്ദര്‍ശിക്കണം. ഒരു ക്ഷേത്രത്തില്‍ പോലും കയറാന്‍ സാധിക്കാത്ത തരത്തിലുളള എന്ത് കുറ്റമാണ് ഞാന്‍ ചെയ്തിട്ടുളളത്. ഞങ്ങള്‍ക്ക് യാതൊരു വിധത്തിലുമുളള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ആഗ്രഹമില്ല. ക്ഷേത്രത്തില്‍ കയറി തൊഴുക മാത്രമാണ് വേണ്ടത്, രാഹുല്‍ ഗാന്ധി പറഞ്ഞു.

അസമിലെ ഭാരത് ജോഡോ യാത്രയുടെ റൂട്ട് മാറ്റുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇന്നലെ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നങ്ങളുണ്ടാകാനുളള സാധ്യത കണക്കിലെടുത്താണ് യാത്രയുടെ പാത മാറ്റാനുളള നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്. രാമക്ഷേത്രവും ഭടദ്രവ സത്ര ക്ഷേത്രവും തമ്മിലൊരു മത്സരമുളളതായുളള പ്രതീതി സൃഷ്ടിക്കരുത് എന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുകയാണ്. കാരണം ടിവി ചാനലുകള്‍ ഒരു വശത്ത് രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങും മറുവശത്ത് രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനവും കാണിക്കും. അത് അസമിന് നല്ലതല്ല, ഹിമന്ത് ബിശ്വ ശര്‍മ പറഞ്ഞു.
ആര് ക്ഷേത്രത്തില്‍ പോകണം എന്നതും ഇപ്പോള്‍ തീരുമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഒരാള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പോകാനാകൂ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 11ാം തിയ്യതി ക്ഷേത്രത്തിലേക്ക് തനിക്ക് ക്ഷണം ഉണ്ടായിരുന്നു. എംപിയായ ഗൗരവ് ഗൊഗോയ്ക്ക് ക്ഷേത്രത്തിലേക്ക് പോകാം. തനിക്ക് പോകാനാകില്ല. ഉറപ്പായും അവര്‍ക്ക് മുകളില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. താന്‍ ക്ഷേത്രത്തിലേക്ക് പോകരുത് എന്നാണ് അവര്‍ക്ക്, രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications