രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി, ഇനി എംപിയല്ല: വയനാട് ലോക്സഭ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക്
ദില്ലി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. മാനനഷ്ട കേസില്‍ കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെയാണ് മുന്‍ എ ഐ സി സി അധ്യക്ഷനെതിരായ നടപടി. മോദി സമുദായത്തെ അപമാനിച്ചെന്ന കുറ്റത്തിന് കഴിഞ്ഞ ദിവസമായിരുന്നു രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി വർഷത്തേക്ക് ശിക്ഷിച്ചത്. ക്രിമിനല്‍ കേസുകളില്‍ രണ്ട് വർഷത്തേക്കോ അതിന് മുകളിലുള്ള കാലയളവിലേക്കോ ശിക്ഷിക്കപ്പെടുന്ന വ്യക്തികള്‍ക്ക് രാജ്യത്ത് ജനപ്രതിനിധികളായി തുടരാന്‍ സാധിക്കില്ല.
ലോക്സഭ സെക്രട്ടറിയേറ്റാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടി സ്വീകരിച്ചത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർക്ക് ഇന്നലെ തന്നെ പരാതി ലഭിക്കുകയും ചെയ്തു. ഇതേ തുടർന്ന് അദ്ദേഹം വിഷയത്തില്‍ നിയമോപദേശം തേടിയിരുന്നു. ലോക്സഭ സെക്രട്ടറിയേറ്റും വിഷയം പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ രാഹുല്‍ ഗാന്ധിയെ ലോക്സഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കുകയായിരുന്നു. അതേസമയം, രാഹുലിനെതിരായ നടപടി പ്രതീക്ഷിച്ചിരുന്നതാണെന്നാണ് എ ഐ സി സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചത്. അദാനിക്കെതിരായി പ്രസംഗിച്ചത് മുതല്‍ രാഹുലിനെതിരായ നീക്കം ആരംഭിച്ചിട്ടുണ്ട്. മോദി സർക്കാറിന്റെ കൃത്യമായ അജണ്ടയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.
എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. മഹാഭാരത്തിലെ അഭിമന്യുവിന്റെ അവസ്ഥയാണ് രാഹുല്‍ ഗാന്ധിയുടെ അവസ്ഥ. പല തരത്തിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. മാനനഷ്ട കേസില്‍ സാധാരണയായി എന്തൊക്കെ വിധികളാണ് ഉണ്ടാവുക എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പരമാവധി ശിക്ഷയായ രണ്ട് വർഷത്തേക്ക് ആകെ ശിക്ഷിക്കപ്പെട്ടത് നേരത്തെ ചെന്നൈയില്‍ നിന്നുമുള്ള ഒരു കേസിലാണ്.
രണ്ട് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ അയോഗ്യനാക്കാന്‍ സാധിക്കുകയുള്ളു. അത് ലക്ഷ്യമിട്ടുകൊണ്ടുകൊണ്ട് തന്നെയാണ് വിധിയുണ്ടായത്. നിയമ സംവിധാനത്തില്‍ ഇപ്പോഴും ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് അതുകൊണ്ട് നിയമപരമായി തന്നെ മുന്നോട്ട് പോവും. ഇതുകൊണ്ടൊന്നും ആരേയും പേടിപ്പിക്കാന്‍ നോക്കേണ്ടതില്ല. ആരും പേടിക്കുകയുമില്ല. അന്തിമ വിജയം ജനാധിപത്യത്തിനും രാഹുല്‍ ഗാന്ധിക്കുമായിരിക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications