രാഹുല്‍ ഗാന്ധിക്ക് വീണ്ടും കുരുക്ക്: മാനനഷ്ട കേസില്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി
മാനനഷ്ടക്കേസിൽ കോണ്‍ഗ്രസ് നേതാവും ലോകസഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി. ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസില്‍ ജാര്‍ഖണ്ഡിലെ ചൈബാസ കോടതിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് വരെ വേണമെങ്കിൽ ബി ജെ പി അധ്യക്ഷനാകാമെന്ന 2018-ലെ ഒരു പ്രസംഗത്തിന്റെ പേരില്‍ ഫയല്‍ ചെയ്യപ്പെട്ട മാനനഷ്ട കേസില്‍ കോടതി കടുത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലായിരുന്നു അമിത് ഷായ്ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമർശം. അതേവർഷം ജുലൈയില്‍ ജാര്‍ഖണ്ഡിലെ ബിജെ പി പ്രവര്‍ത്തകനായ പ്രതാപ് കത്യാർ രാഹുലിനെതിരെ മാനനഷ്ട കേസ് നല്‍കുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ, അമിത് ഷായുടെ പ്രതിച്ഛായയെ മോശമാക്കി എന്നായിരുന്നു പരാതിക്കാരന്റെ വാദം. കേസില്‍ കോടതി നിരന്തരം നോട്ടീസ് അയച്ചെങ്കിലും, രാഹുൽ ഗാന്ധി ഹാജരാകാത്തതിനെ തുടർന്നാണ് ഇപ്പോള്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഈ മാസം 26ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം.
അതേസമയം ഇത് രാഷ്ട്രീയപ്രേരിതമായ നീക്കമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. 'ഇത്തരം കേസുകൾ, ബി ജെ പി ഗവൺമെന്റിന്റെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമാണ്' എന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. കോടതിയുടെ അറസ്റ്റ് വാറന്റിനെതിരെ ഉടന്‍ തന്നെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബി ജെ പി വക്താക്കൾ, ഈ വാറന്റിനെ 'നീതിയുടെ വിജയം' എന്ന് വിശേഷിപ്പിച്ചു. നേതാക്കൾ അവരുടെ പ്രസ്താവനകളിൽ ഉത്തരവാദിത്തം കാണിക്കണം എന്ന് ജാർഖണ്ഡ് ബി ജെ പി വക്താവ് പ്രതുൽ ഷാ ദേവ് അഭിപ്രായപ്രപെട്ടു.
രാഹുല്‍ ഗാന്ധിക്കെതിരെ നേരത്തെയും നിരവധി മാനനഷ്ടകേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ, "ചൗക്കിദാർ ചോർ ഹേ" എന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണത്തിൽ, സൂറത്ത് കോടതിയിൽ ഒരു മാനനഷ്ടക്കേസ് രാഹുൽ ഗാന്ധിക്കെതിരെ ഫയൽ ചെയ്യപ്പെട്ടിരുന്നു. 2023-ൽ ഈ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന്, അദ്ദേഹത്തിന്റെ ലോക്സഭാ അംഗത്വം റദ്ദാക്കപ്പെട്ടു. എന്നാൽ സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയ്തതിനെ തുടർന്ന്, റാഹുൽ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.












Click it and Unblock the Notifications