കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയെ രാജി വെപ്പിച്ചത് കോൺഗ്രസിലെ ഓൾഡ് ഗ്യാംഗ്! കോൺഗ്രസിന്റെ ചോരയൂറ്റൽ!

Google Oneindia Malayalam News

ദില്ലി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയില്ലെങ്കില്‍ കൂടി മാന്യമായ സീറ്റുകള്‍ ലഭിക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കും എന്നുമാണ് കോണ്‍ഗ്രസ് അവസാന നിമിഷം വരെ കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ 2014ല്‍ ലഭിച്ചതിനേക്കാള്‍ വെറും 8 സീറ്റ് മാത്രമാണ് ഇക്കുറി കോണ്‍ഗ്രസിന് അധികം നേടാന്‍ സാധിച്ചത്.

തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി വെച്ചു കഴിഞ്ഞു. ഇനി മുന്നിലുളളത് സംഘടനയുടെ ഉടച്ച് വാര്‍ക്കലാണ്. രാജ്യത്തെ പ്രശ്‌നങ്ങളിലേക്ക് കടക്കും മുന്‍പ് കോണ്‍ഗ്രസിനുളളിലെ പുഴുക്കുത്തുകളെ ആദ്യം രാഹുലിനെ നേരിടേണ്ടതുണ്ട്. അത് മറ്റാരുമല്ല.. വര്‍ഷങ്ങളായി പാര്‍ട്ടി പദവികളില്‍ അളളിപ്പിടിച്ചിരിക്കുന്ന ഇത്തിള്‍ കണ്ണികള്‍ പോലുളള നേതാക്കള്‍ തന്നെയാണ്.

തലമൂത്ത കാരണവന്മാര്‍

തലമൂത്ത കാരണവന്മാര്‍

കോണ്‍ഗ്രസിലെ പുതിയ തലമുറയുടെ പ്രതീകമായാണ് 2004ല്‍ രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ആ വര്‍ഷം തന്നെയാണ് സോണിയ ഗാന്ധി പ്രധാനമന്ത്രി പദവി മന്‍മോഹന്‍ സിംഗിന് ദാനം ചെയ്തത്. പത്ത് വര്‍ഷം മന്‍മോഹന്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നു. അതിലും കൂടുതല്‍ കാലം സോണിയാ ഗാന്ധി അധ്യക്ഷ പദവിയില്‍ ഇരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഇവരൊക്കെ അടങ്ങുന്ന പാര്‍ട്ടിക്കുളളിലെ തലമൂത്ത കാരണവന്മാര്‍ തന്നെയാണ്.

അധികാരക്കസേര വിടാതെ

അധികാരക്കസേര വിടാതെ

ഈ തലമൂത്തവര്‍ ഒരിക്കലും അധികാരക്കസേര വിട്ടൊഴിയില്ലെന്ന് രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ തിരിച്ചറിവുണ്ടായിട്ടുണ്ട്. തന്റെ രാജിക്കത്തില്‍ രാഹുലത് പറയാതെ പറഞ്ഞിട്ടുമുണ്ട്. അധികാരക്കൊതി മാറാതെ എതിരാളികളെ തോല്‍പ്പിക്കാനാവില്ല എന്നാണ് രാഹുല്‍ എഴുതിയത്. ഇത് ഉന്നം വെച്ചത് കോണ്‍ഗ്രസിലെ കടല്‍ക്കിഴവന്മാരെയാണെന്ന് വ്യക്തം. കോണ്‍ഗ്രസിലെ ഏറ്റവും ഉന്നത സമിതിയായ പ്രവര്‍ത്തക സമിതിയില്‍ 55 അംഗങ്ങളുണ്ട്.

93കാരനായ വോറ വരെ

93കാരനായ വോറ വരെ

അതില്‍ ഭൂരിപക്ഷവും സോണിയാ ഗാന്ധിക്കും മുന്നേയുളള നേതാക്കളാണ്. 93കാരനായ, പരസഹായമില്ലാതെ നടക്കാന്‍ പോലും സാധിക്കാത്ത മോത്തിലാല്‍ വോറ അടക്കമുളളവര്‍ അക്കൂട്ടത്തിലുണ്ട് എന്നോര്‍ക്കണം. തരുണ്‍ ഗൊഗോയ്, ഹരീഷ് റാവത്ത്, ഉമ്മന്‍ ചാണ്ടി, ഗുലാം നബി ആസാദ്, ്മന്‍മോഹന്‍ സിംഗ്, എകെ ആന്റണി, അംബികാ സോണി, മല്ലികാര്‍ജുന്‍ ഗാര്‍ഖെ, അശോക് ഗെഹ്ലോട്ട്, ആനന്ദ് ശര്‍മ്മ, സിദ്ധരാമയ്യ എന്ന് വേണ്ട എണ്ണമറ്റ നേതാക്കളുണ്ട് ഈ ഓള്‍ഡ് ഗ്യാംഗില്‍.

ശക്തി ദുർഗമായ ഗ്യാംഗ്

ശക്തി ദുർഗമായ ഗ്യാംഗ്

ഗാന്ധി കുടുംബമാണ് അധികാര കേന്ദ്രമെന്ന് പറയുമെങ്കിലും ഈ ഓള്‍ഡ് ഗ്യാംഗ് കോണ്‍ഗ്രസിലെ ശക്തി ദുര്‍ഗമാണ്. ഇവരെ മറികടക്കാന്‍ രാഹുലിനോ സോണിയയ്‌ക്കോ സാധ്യമല്ല. അത് തന്നെയാണ് നിരാശനായിക്കൊണ്ടുളള രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്നിലും. 70 വയസ്സിന് മുകളില്‍ ഉളളവരാണ് പ്രവര്‍ത്തക സിമിതിയിലെ 20ഓളം നേതാക്കളും. രാഹുലിന് ഇവരെ തൊടാനാകുന്നില്ല. രാഹുല്‍ രാജി വെച്ചിട്ടും ഒരാള്‍ പോലും കസേര വിട്ട് അനങ്ങിയിട്ടില്ല. ഇവിടെയാണ് നരേന്ദ്ര മോദിയേയും ഷായേയും ബിജെപിയേയും രാഹുല്‍ കണ്ട് പഠിക്കേണ്ടത്.

ബിജെപി വ്യത്യസ്തമാകുന്നത്

ബിജെപി വ്യത്യസ്തമാകുന്നത്

ബിജെപിയുടെ രാഷ്ട്രീയം യാതൊരു അനുകമ്പയും ഇല്ലാത്ത പ്രായോഗികതയില്‍ ഊന്നിയത് കൂടിയാണ്. 2004ലെ തിരഞ്ഞെടുപ്പ് തോറ്റപ്പോള്‍ വാജ്‌പേയിയുടെ സ്ഥാനത്ത് അദ്വാനി വന്നു. 2009ലെ തിരഞ്ഞെടുപ്പില്‍ അദ്വാനിയുടെ നേതൃത്വത്തിലും പാര്‍ട്ടി പരാജയപ്പെട്ടു. അപ്പോള്‍ ബിജെപി പുതിയ നേതാവിനെ തേടി. ആ സ്ഥാനത്തേക്ക് നരേന്ദ്ര മോദി വന്നു. 2014ലെ തിരഞ്ഞെടുപ്പ് ജയിച്ചതോടെ തലമൂത്ത നേതാക്കളെ മാര്‍ഗദര്‍ശക് മണ്ഡല്‍ എന്നൊരു സംവിധാനമുണ്ടാക്കി ബിജെപി അതിലേക്ക് മാറ്റിയിരുത്തി.

കാരണവന്മാരെ ഒതുക്കി

കാരണവന്മാരെ ഒതുക്കി

ബിജെപിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സാധിക്കാത്ത വിധം വാജ്‌പേയിയും അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കമുളള നേതാക്കളെ ഒതുക്കി. ഈ നേതാക്കളുടെ അടുപ്പക്കാരായ സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും രാജ്‌നാഥ് സിംഗും അടക്കമുളള നേതാക്കള്‍ പതിയെ മോദിയുടെ പക്ഷത്തേക്ക് ചാഞ്ഞു. അമിത് ഷായ്ക്ക് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സ്മൂത്ത് എന്‍ട്രിയും ഇതോടെ സാധ്യമായി. ഷാ-മോദി കൂട്ട് ബിജെപിയെ തിരഞ്ഞെടുപ്പ് വിജയത്തിന് മാത്രമുളള യന്ത്രമാക്കി മാറ്റിയെടുത്തു.

ശ്രമങ്ങളെ പരാജയപ്പെടുത്തി

ശ്രമങ്ങളെ പരാജയപ്പെടുത്തി

ഇത് കോണ്‍ഗ്രസിന്റെ കാര്യത്തില്‍ തികച്ചും വ്യത്യസ്തമാണ്. യുവ നേതാക്കളെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താനുളള രാഹുല്‍ ഗാന്ധിയുടെ ശ്രമത്തെ തലനരച്ചവര്‍ ശക്തമായി എതിര്‍ത്തു. 2013 മുതല്‍ ഈ കാരണവന്മാരുമായി പാര്‍ട്ടിക്കുളളില്‍ രാഹുല്‍ ഏറ്റുമുട്ടുന്നുണ്ട്. പുറത്ത് നിന്ന് കഴിവുളള നേതാക്കളെ നേതൃത്വത്തിലേക്ക് എത്തിക്കാനുളള രാഹുലിന്റെ ശ്രമങ്ങളെ എല്ലാ ഈ ഓള്‍ഡ് ഗ്യാംഗ് പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നതിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിന് എതിരെ 2019 തിരഞ്ഞെടുപ്പില്‍ രാഹുല്‍ രോഷം കൊണ്ടിരുന്നു.

ആരെയും നിർബന്ധിക്കാനില്ല

ആരെയും നിർബന്ധിക്കാനില്ല

ദില്ലിയാണ് മികച്ച ഒരു ഉദാഹരണം. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണമെന്നായിരുന്നു രാഹുലിനും അദ്ദേഹത്തിന്റെ ടീമിനും. എന്നാല്‍ പഴയ തലമുറ നേതാക്കള്‍ ആ നീക്കം ബ്ലോക്ക് ചെയ്ത് കളഞ്ഞു. ഒടുക്കം കെജ്രിവാള്‍ കുറ്റം മുഴുവന്‍ രാഹുലിന്റെ തലയില്‍ ഇട്ടു. ഒടുവില്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി പ്രഖ്യാപിച്ചപ്പോള്‍ രാഹുല്‍ പറഞ്ഞത് തനിക്ക് ആരെയും രാജി വെക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വെക്കണം എന്ന് തോന്നുന്നവര്‍ അത് ചെയ്യട്ടെ എന്നുമാണ്.

പ്രതിരോധിക്കാൻ രാഹുലിനായില്ല

പ്രതിരോധിക്കാൻ രാഹുലിനായില്ല

എന്നാല്‍ ഇന്നേ ദിവസം വരെ മുതിര്‍ന്ന നേതാക്കളില്‍ ഹരീഷ് റാവത്ത് ഒഴികെ ഒരാളും അനങ്ങിയിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയ്ക്ക് രാഹുല്‍ ഗാന്ധിയുടെ പരാജയം ഈ ഇത്തിള്‍ക്കണ്ണികളെ വേരോടെ പിഴുതെറിയാന്‍ മടിച്ചു എന്നതാണ്. അദ്വാനിയേയും ജോഷിയേയും പോലുളള നേതാക്കള്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയ മോദിയേയും ഷായേയും രാഹുല്‍ പരിഹസിച്ചിരുന്നു. എന്നാല്‍ ആ വഴി പിന്തുടരാന്‍ മടിച്ചു എന്നത് കൂടിയാണ് കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന അപചയത്തിന് പിന്നിലുളള പ്രധാന കാരണവും.

 കൗണ്ടര്‍ പ്ലാനുകള്‍

കൗണ്ടര്‍ പ്ലാനുകള്‍

രാഹുല്‍ ഗാന്ധിയോട് കൂറുളള 200 കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധി രാജി തീരുമാനം പിന്‍വലിക്കുമെന്നും പ്രവര്‍ത്തക സമിതി പിരിച്ച് വിടും എന്നുമായിരുന്നു ടീം രാഹുല്‍ കണക്ക് കൂട്ടിയത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഓള്‍ഡ് ഗ്യാംഗിന് അവരുടേതായ കൗണ്ടര്‍ പ്ലാനുകള്‍ ഉണ്ടായിരുന്നു. രാഹുല്‍ രാജിയില്‍ ഉറച്ച് നിന്നതോടെ പുതിയ തിയറികള്‍ ഇക്കൂട്ടര്‍ മാധ്യമങ്ങളുടെ മുന്നിലേക്ക് അഴിച്ച് വിട്ടു. പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാന്‍ ഇടക്കാല അധ്യക്ഷനെ നിയമിക്കും എന്നതടക്കം.

രാഹുലിന്റെ പരാജയം

രാഹുലിന്റെ പരാജയം

സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഗാര്‍ഖെ, അശോക് ഗെല്ലോട്ട് എന്തിന് 90 കഴിഞ്ഞ മോത്തിലാല്‍ വോറെയുടെ പേര് വരെ അന്തരീക്ഷത്തില്‍ പറന്ന് നടന്നു. ഗാന്ധി കുടുംബം നേതൃത്വം ഏറ്റെടുക്കുന്നത് വരെ ഓള്‍ഡ് ഗ്യാംഗില്‍ നിന്നൊരാള്‍ അധ്യക്ഷ പദവിയിലിരിക്കും എന്നതായിരുന്നു ആ തിയറി. പാര്‍ട്ടിക്ക് മേലുളള പിടി ഒരിക്കലും അയഞ്ഞ് പോകാത്ത വിധമുളള പദ്ധതി. രാഹുല്‍ ഗാന്ധി രാജി വെച്ചതിലൂടെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് മാത്രമല്ല ഈ സംഘത്തിന്റെ പിടിയില്‍ നിന്ന് കൂടിയാണ് രക്ഷപ്പെട്ടിരിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം.

English summary
Rahul Gandhi failed to deal with the old gang in Congress which led to election defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X