'രാഹുലിന് യുവതികളെ കിട്ടില്ലേ,50 വയസുള്ള സ്ത്രീക്ക് ഫ്ലൈയിംഗ് കിസ് കൊടുക്കണോ'; വിവാദം
പട്ന; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെട്ട ഫ്ലയിംഗ് കിസ് വിവാദത്തിൽ വിവാദ പരാമർശവുമായി ബിഹാറിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ. ഹിസുവ മണ്ഡലത്തിൽ നിന്നുള്ള വനിതാ എംഎൽഎ നീതു സിംഗിന്റെ പരാമർശമാണ് വിവാദത്തിലായത്. രാഹുൽ ഗാന്ധിക്ക് ഫ്ലൈയിംഗ് കിസ് കൊടുക്കാൻ യുവതികളെ കിട്ടില്ലേയെന്നും 50 കഴിഞ്ഞ സ്ത്രീക്ക് കൊടുക്കേണ്ട ആവശ്യമുണ്ടോയെന്നുമായിരുന്നു നീതു സിംഗിന്റെ ചോദ്യം.
'ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് യുവതികളെ കിട്ടാൻ യാതൊരു ബുദ്ധിമുട്ടുമില്ല. അദ്ദേഹത്തിന് ഫ്ലയിംഗ് കിസ് കൊടുക്കണമെങ്കിൽ 50 കഴിഞ്ഞ സ്ത്രീക്ക് കൊടുക്കേണ്ടതുണ്ടോ? ഇത്തരം ആരോപണങ്ങളിലൊന്നും യാതൊരു അടിസ്ഥാനവുമില്ല', നീതു സിംഗ് പറഞ്ഞു.

അതേസമയം നീതു സിംഗിന്റെ പരാമർശത്തിനെതിരെ ബി ജെ പി നേതാവ് ഷെഹ്സാദ് പൂനെവാലെ രംഗത്തെത്തി. സ്ത്രീവിരുദ്ധരായ കോൺഗ്രസ് രാഹുലിൻറെ പ്രവർത്തിയെ ഏത് വിധത്തിലും ന്യായീകരിക്കും', എന്നായിരുന്നു ഷെഹ്സാദ് ട്വീറ്റ് ചെയ്തത്.
മണിപ്പൂർ വിഷയത്തിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ട് പിരിഞ്ഞപ്പോൾ രാഹുൽ ഗാന്ധി ഫ്ലൈയിംഗ് കിസ് നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. രാഹുൽ ഗാന്ധിയ്ക്ക് ശേഷം സ്മൃതി ഇറാനിയായിരുന്നു സഭയിൽ സംസാരിച്ചത്. അപ്പോഴായിരുന്നു അവർ രാഹുലിനെതിരെ ആരോപണമുയർത്തിയത്. 'എനിക്ക് മുൻപായി സംസാരിക്കാൻ അവസരം ലഭിച്ചയാൾ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ ഒരു അസഭ്യം പ്രകടിപ്പിച്ചു. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്നതിന് നേരെ ഒരു ഫ്ളൈയിങ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം പാർലമെന്റിൽ മുൻപ് ഉണ്ടായിട്ടില്ല', എന്നായിരുന്നു സ്മൃതിയുടെ വാക്കുകൾ.
സംഭവത്തിൽ ബി ജെ പി വനിതാ എംപിമാർ രാഹുൽ ഗാന്ധിയ്ക്കെതിരെ പരാതി നൽകിയിരുന്നു. ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്കായിരുന്നു പരാതി നൽകിയത്. കേന്ദ്രമന്ത്രി ശോഭ കരന്തലജെ നൽകിയ പരാതിയിൽ 21 ബി ജെ പി എംപിമാർ പരാതിയിൽ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ ഇതുവരെ രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടില്ല. അതിനിടെ സ്മൃതിയുടെ ആരോപണത്തിനെതിരെ ചില പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. മണിപ്പൂരിൽ സ്ത്രീകൾ കൂട്ടത്തോടെ ആക്രമിക്കപ്പട്ടപ്പോൾ സംസാരിക്കാത്ത മന്ത്രിയാണ് ഇപ്പോൾ ക്ഷോഭം കൊള്ളുന്നതെന്നായിരുന്നു നേതാക്കളുടെ ആക്ഷേപം.












Click it and Unblock the Notifications