'നിങ്ങളൊരു ട്രോളായി മാറി', രാഹുലിനെ പരിഹസിച്ച് ജ്യോതിരാദിത്യ സിന്ധ്യ, മൂന്ന് ചോദ്യങ്ങളും
ദില്ലി: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ കേന്ദ്ര മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ. രാഹുല്‍ ഗാന്ധി സ്വയം ഒരു ട്രോളായി മാറിയിരിക്കുകയാണെന്ന് സിന്ധ്യ പരിഹസിച്ചു. തന്നെ അദാനിയുമായി ബന്ധപ്പെടുത്തിയുളള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനോടാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം.
കോണ്‍ഗ്രസുമായുളള ബന്ധം ഉപേക്ഷിക്കുകയോ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയോ ചെയ്ത നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തിരുന്നത്. ഗുലാം നബി ആസാദ്, അനില്‍ ആന്റണി, ഹിമന്ത ബിശ്വ ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഡി എന്നിവരുടെ പേരുകള്‍ അദാനിയുമായി ബന്ധപ്പെടുത്തിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

''നിങ്ങളിപ്പോള്‍ വ്യക്തമായും ഒരു ട്രോളായി മാറിയിരിക്കുന്നു. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുകയും ചെയ്യുന്നതിന് പകരം എന്തുകൊണ്ട് നിങ്ങള്‍ക്ക് ഈ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൂട ? 1. പിന്നോക്കക്കാരെ അധിക്ഷേപിക്കുന്ന വാക്കുകള്‍ക്ക് എന്തുകൊണ്ട് നിങ്ങള്‍ മാപ്പ് പറയുന്നില്ല. ക്ഷമ ചോദിക്കാന്‍ നിങ്ങള്‍ സവര്‍ക്കര്‍ അല്ലെന്നാണ് അവര്‍ പറയുന്നത്. രാജ്യത്തിന്റെ സേവകനെ അപമാനിക്കുക മാത്രമല്ല ധാര്‍ഷ്ഠ്യവും.
2. കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും സംശയമുനയില്‍ നിര്‍ത്തുന്ന കോടതിക്ക് മേല്‍ എന്തിനാണ് സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നത്. 3. നിങ്ങള്‍ക്ക് മാത്രം എന്തിന് നിയമം മാറി നില്‍ക്കണം. സ്വയം ഒരു ഫസ്റ്റ് ക്ലാസ് പൗരന്‍ ആയിട്ടാണോ നിങ്ങള്‍ കണക്ക് കൂട്ടുന്നത്. താങ്കള്‍ക്ക് ഈ ചോദ്യങ്ങളുടെ ഗൗരവം മനസ്സിലാകില്ല, കാരണം നിങ്ങള്‍ അത്രയേറെ അഹന്തയില്‍ മുങ്ങിപ്പോയിരിക്കുന്നു'', എന്നാണ് സിന്ധ്യയുടെ ട്വീറ്റ്.












Click it and Unblock the Notifications