എക്‌സില്‍ നിര്‍ജീവമായി രാഹുല്‍, ട്വീറ്റുകളില്ലാതെ ഒരാഴ്ച, നിശബ്ദം.. ഇതെന്ത് പറ്റി..!?
ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിലെ 'മൗനം' ചര്‍ച്ചയാകുന്നു. പ്രതിപക്ഷ എം പിമാരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായി ഇടപെടുന്ന ഒരാളാണ് രാഹുല്‍ ഗാന്ധി. പ്രത്യേകിച്ച് എക്‌സില്‍ (ട്വിറ്റര്‍). എന്നാല്‍ ഈ മാസം ഡിസംബര്‍ ഏഴിന് ശേഷം രാഹുല്‍ ഗാന്ധി ഒരു ടീറ്റ് പോലും എക്‌സില്‍ പങ്ക് വെച്ചിട്ടില്ല. സാധാരണഗതിയില്‍ ഇത്രയും വലിയ ഇടവേള രാഹുല്‍ എക്‌സില്‍ എടുക്കാറില്ല.
ഈ മാസം ആദ്യ ഒരാഴ്ചയില്‍ മാത്രം എട്ട് ട്വീറ്റുകളാണ് എക്‌സില്‍ രാഹുല്‍ ഗാന്ധി പങ്ക് വെച്ചിരുന്നത്. നവംബറില്‍ 55 ട്വീറ്റും ഒക്ടോബറില്‍ 48 ട്വീറ്റും രാഹുല്‍ ഗാന്ധി പങ്ക് വെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ എക്‌സിലെ മൗനം ശ്രദ്ധേയമാകുന്നത്.

ഡിസംബര്‍ ഏഴിന് തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രേവന്ത് റെഡ്ഡിയെ അഭിനന്ദിച്ച് കൊണ്ടാണ് അദ്ദേഹം അവസാനമായി ട്വീറ്റ് ചെയ്തത്. 'തെലങ്കാനയില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും സംഘത്തിനും അഭിനന്ദനങ്ങള്‍! 'ബംഗാരു തെലങ്കാന' എന്ന സ്വപ്നം ഞങ്ങള്‍ സാക്ഷാത്കരിക്കുകയും ഞങ്ങളുടെ എല്ലാ ഉറപ്പുകളും നിറവേറ്റുകയും ചെയ്യും,' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
സത്യപ്രതിജ്ഞാ ചടങ്ങിലെ ചിത്രങ്ങളും രാഹുല്‍ പങ്ക് വെച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം ഒരു ട്വീറ്റ് പോലും രാഹുല്‍ പങ്ക് വെച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച രാജ്യമാകെ ശ്രദ്ധിച്ച നിരവധി സംഭവ വികാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ ഒന്നില്‍ പോലും രാഹുല്‍ ഗാന്ധി എക്‌സില്‍ പ്രതികരണം നടത്തിയില്ല. ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച വിധി വന്നത് ഈ ദിവസങ്ങളില്‍ ആയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു സുപ്രീംകോടതിയുടെ വിധി. എന്നാല്‍ ഈ സമയത്ത് രാഹുല്‍ നിശബ്ദത പാലിച്ചു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ പോലും രാഹുല്‍ ഗാന്ധി എക്‌സില്‍ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷം ഒന്നാകെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുമ്പോഴാണ് രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ നിശബ്ദത പാലിക്കുന്നത്.
ലോക്‌സഭാ ചേംബറില്‍ കളര്‍ ഗ്യാസ് കാനിസ്റ്ററുകള്‍ പൊട്ടിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും സഭയില്‍ ഉണ്ടായിരുന്നു. രാഹുല്‍ സംഭവം നടക്കുമ്പോള്‍ ലോക്‌സഭയില്‍ നില്‍ക്കുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആഘോഷപൂര്‍വം കൊണ്ടാടിയിരുന്നു. രാഹുലിന്റെ ധീരതയെ പ്രകീര്‍ത്തിക്കുന്ന തരത്തിലായിരുന്നു ഈ പോസ്റ്റുകള്‍.












Click it and Unblock the Notifications