'വാജ്‌പേയ് വീണെങ്കില്‍ മോദിയും വീഴും... രാഹുല്‍ വീഴ്ത്തും'; ജനങ്ങള്‍ക്ക് അതറിയാമെന്ന് ഗെലോട്ട്
കോണ്‍ഗ്രസ് കോര്‍പ്പറേറ്റുകള്‍ക്കെതിരല്ല. ചങ്ങാത്ത മുതലാളിത്തത്തെയാണ് രാഹുല്‍ വിമര്‍ശിച്ച് കൊണ്ടിരിക്കുന്നത്.

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ എല്ലാവരും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കോണ്‍ഗ്രസ് - ബി ജെ പി സര്‍ക്കാരുകള്‍ മാറി വരുന്ന പ്രവണത ഇത്തവണ ഇല്ലാതാകും എന്നും അദ്ദേഹം പറഞ്ഞു.
നാല് വര്‍ഷത്തിന് ശേഷം ജനങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനും അവര്‍ തങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിനും മാറ്റമില്ല എന്നും ഗെലോട്ട് അവകാശപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലൂടെ കടന്നുപോയപ്പോള്‍ അസാധാരണമായ പ്രതികരണമാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ ഭിന്നതയില്‍ തന്റെ ഭാഗം ഹൈക്കമാന്റിന് മുന്നില്‍ വിശദീകരിച്ചിട്ടുണ്ട് എന്നും ഗെലോട്ട് വ്യക്തമാക്കി.

മോദിക്ക് മിണ്ടാട്ടമില്ല
കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫോര്‍ത്ത് എസ്റ്റേറ്റിന്റെ പിന്തുണയില്ലാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു വിഷയത്തിലും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാകില്ല എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് മോദി പാര്‍ലമെന്റിനകത്തും പുറത്തും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തത്.

അദാനിക്കെതിരല്ല
ഇത്തരമൊരു വിഷയം ഉയര്‍ന്നുവരുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളെയും രാജ്യത്തെയും തൃപ്തിപ്പെടുത്തേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമല്ലേ എന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിക്ക് രാജ്യത്തിന് മറുപടി നല്‍കാതെ എത്ര നാള്‍ ഒഴിഞ്ഞു മാറാന്‍ കഴിയും എന്നും അദ്ദേഹം ആരാഞ്ഞു. കോണ്‍ഗ്രസ് കോര്‍പ്പറേറ്റുകള്‍ക്കോ ബിസിനസുകള്‍ക്കോ എതിരല്ല. അദാനിക്കെതിരായ രാഹുലിന്റെ വിമര്‍ശനം ചങ്ങാത്ത മുതലാളിത്തത്തെ കുറിച്ചാണ് എന്നും അദ്ദേഹം പറഞ്ഞു.

വാജ്‌പേയിയെ വീഴ്ത്തിയവരല്ലേ
2024ല്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയും എന്നും ഭിന്നതകളുണ്ടെങ്കിലും പ്രതിപക്ഷം ഒറ്റക്കെട്ടാണ് എന്നും അദ്ദേഹം പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് ഇന്ത്യ തിളങ്ങുന്നു എന്നായിരുന്നു പ്രചരണം. വാജ്പേയി സര്‍ക്കാര്‍ തോല്‍ക്കുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം പരാജയപ്പെട്ടതിന് രാജ്യം സാക്ഷിയാണ് എന്നും അശോക് ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

മോദിയെ തളക്കാന്‍ രാഹുല്‍ തന്നെ
ഈ രാജ്യത്തെ ജനങ്ങളുടെ സാമാന്യബുദ്ധി സമാനതകളില്ലാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയില്‍ വലിയ മാറ്റം കൈവന്നിരിക്കുന്നു. അദ്ദേഹം ഒരു അസാധാരണ വ്യക്തിയാണ്. ഗൂഢാലോചനയിലൂടെ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. മോദിക്ക് എതിരായി നില്‍ക്കാന്‍ യോഗ്യന്‍ രാഹുല്‍ മാത്രമാണെന്ന് രാജ്യം അംഗീകരിച്ച് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications