രാഷ്ട്രപതി ഇടപെടണം; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഇന്ന്, പ്രതിപക്ഷ നേതാക്കളും കൂടെ
ദില്ലി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. രാവിലെ 10.45ന് വിജയ് ചൗക്കില്‍ നിന്ന് പ്രകടനമായി എത്തിയാണ് രാഷ്ട്രപതിയെ കാണുക. വിജയ് ചൗക്കില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള പ്രകടനം രാഹുലിന്റെ നേതൃത്വത്തിലാകും. കര്‍ഷക സമരത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സംഘം നിവേദനം നല്‍കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളും സംഘത്തിലുണ്ടാകും. കര്‍ഷക സമരത്തില്‍ രാഷ്ട്രപതി ഇടപെടണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രണ്ട് കോടി ഒപ്പുശേഖരണമാണ് നടത്തിയിരിക്കുന്നത്. ഇതാണ് നിവേദനമയി സമര്‍പ്പിക്കുക. ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കവെയാണ് കോണ്‍ഗ്രസ് രാഷ്ട്രപതിയുടെ ഇടപെടല്‍ തേടുന്നത്.

കര്‍ഷക സമരം ഒരു മാസത്തോട് അടുക്കുകയാണ്. നവംബര്‍ 26നാണ് കര്‍ഷകരുടെ സമരം തുടങ്ങിയത്. വിവാദമായ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇത് സമ്മതിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കോര്‍പറേറ്റുകളെ സഹായിക്കുന്ന നിയമങ്ങളാണിതെന്ന് കര്‍ഷകര്‍ പറയുന്നു. രാജ്യം കൊറോണ ഭീതിയില്‍ കഴിയുന്ന വേളയില്‍ തിടുക്കപ്പെട്ട് കോര്‍പറേറ്റുകളെ സഹായിക്കാന്‍ നീക്കം നടത്തുകയായിരുന്നുവെന്നും കര്‍ഷകര്‍ ആരോപിച്ചു.
ആറ് തവണയിലധികം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രവും കര്‍ഷകരും നിലപാട് മാറ്റാത്തതിനാല്‍ പ്രശനം ഇതുവരെ അവസാനിച്ചിട്ടില്ല. എത്ര കാലം കഴിഞ്ഞാലും സമരം തുടരുമെന്നാണ് കര്‍ഷകരുടെ നിലപാട്. നിരവധി കര്‍ഷകരാണ് സമര ഭൂമിയില്‍ മരിച്ചത്. കൊടുംതണുപ്പിലാണ് കര്‍ഷകരുടെ സമരം. എന്നാല്‍ ഇതൊന്നും കേന്ദ്രസര്‍ക്കാരിന്റെ മനംമാറ്റത്തിന് കാരണമായിട്ടില്ല. പുതിയ ചര്‍ച്ച ഞായറാഴ്ച നടക്കും.
ഡിസംബര്‍ എട്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. അമിത് ഷാ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ തള്ളുകയാണുണ്ടായത്. അതേസമയം, കര്‍ഷക നേതാക്കളെ ഭിന്നിപ്പിക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. മാത്രമല്ല, സംഘര്‍ഷമുണ്ടാക്കുമെന്ന ഭീഷണിയും വര്‍ഗീയ സംഘടനകള്‍ ഉയര്‍ത്തി. ഇതിനിടെ കര്‍ഷകര്‍ക്ക് ആനുകൂല്യം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്മസ് ദിനത്തില്‍ മോദി കര്‍ഷകര്‍ക്കുള്ള പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.












Click it and Unblock the Notifications