സോണിയക്കൊപ്പം ഓറഞ്ച് മെർമലൈഡ് ഉണ്ടാക്കി രാഹുൽ; 'ബിജെപിക്ക് കൊടുത്താലോ?',മറുപടി ഇങ്ങനെ
വീട്ടിൽ വെച്ച് അമ്മ സോണിയ ഗാന്ധിയ്ക്കൊപ്പം ഓറഞ്ച് മർമലൈഡ് തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി. വീട്ടുവളപ്പിൽ നിന്നും വിളവെടുത്ത ഓറഞ്ച് കൊണ്ടാണ് രാഹുൽ മെർമലൈഡ് തയ്യാറാക്കിയത്. സഹോദരി പ്രിയങ്ക ഗാന്ധിയുടേതാണ് റെസിപ്പിയെന്ന് വീഡിയോയിൽ രാഹുൽ പറയുന്നുണ്ട്. വിഭവം തയ്യാറാക്കുന്ന വിശദമായ വീഡിയോ തന്റെ യുട്യൂബ് ചാനലിലൂടെ രാഹുൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനിടയിൽ അമ്മയും മകനും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും കേൾക്കാം.
ഓറഞ്ച് ജാം ബിജെപിക്ക് വേണമെങ്കിൽ അയച്ച് കൊടുക്കാം അമ്മയ്ക്ക് എന്ത് തോന്നുന്നുവെന്ന് രാഹുൽ ഗാന്ധി വീഡിയോയിൽ ചോദിക്കുന്നുണ്ട്. എന്നാൽ ജാം ഞങ്ങളുടെ ദേഹത്തേക്ക് അവർ എറിഞ്ഞേക്കുമെന്നാണ് സോണിയ ഗാന്ധി ഇതിന് മറുപടി നൽകുന്നത്. തുടർന്ന് ഇരുവരും ചിരിക്കുന്നതും വീഡിയോയിൽ ഉണ്ട്.

അതിനിടയിൽ രാഹുലിനെ കുറിച്ചുള്ള ചില ചോദ്യങ്ങളോടും സോണിയ ഗാന്ധി മറുപടി പറയുന്നുണ്ട്. രാഹുലിൽ ഇഷ്ടപ്പെടാത്ത കാര്യം എന്താണെന്ന് ചോദിക്കുമ്പോൾ എന്നെ പോലെ തന്നെ അവനും ശാഠ്യക്കാരനാണെന്നതാണെന്നാണ് സോണിയ ഗാന്ധി നൽകുന്ന മറുപടി. ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് ചോദിക്കുമ്പോൾ രാഹുൽ നന്നായി തന്നെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുമെന്ന് സോണിയ മറുപടി. തനിക്ക് അസുഖമായിരുന്നപ്പോൾ പ്രിയങ്കയും രാഹുലും ചേർന്നാണ് തന്നെ പരിചരിച്ചതെന്നും സോണിയ പറഞ്ഞു.
ആരാണ് വീട്ടിലെ ഏറ്റവും നല്ല കുക്ക് എന്ന ചോദ്യത്തിന് അമ്മയുടെ അമ്മയാണെന്നായിരുന്നു രാഹുലിന്റെ മറുപടി. അതിനിടെ താൻ ഇന്ത്യയിലെത്തിയപ്പോൾ ആദ്യകാലത്ത് ഭക്ഷണകാര്യത്തിൽ വളരെ അധികം ബുദ്ധിമുട്ടിയിരുന്നുവെന്നും സോണിയ പറഞ്ഞു. 'നമ്മൾ പുറത്ത് പോകുമ്പോൾ വിദേശരാജ്യങ്ങളിലെ ഭക്ഷണം ഇഷ്ടപ്പെടാത്ത പോലെ ഇവിടുത്തെ രുചികൾ എനിക്കും തുടക്കത്തിൽ ഇഷ്ടമായിരുന്നില്ല. ഭക്ഷണവുമായി അഡ്ജെസ്റ്റാവാൻ സമയമെടുത്തു. പ്രത്യേകിച്ച് പച്ചമുളക് പോലുള്ളവ. അച്ചാറൊന്നും ഇഷ്ടമായിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്ത് പോയി നാട്ടിൽ വന്നാൽ ചോറും പരിപ്പ് കറിയും കഴിക്കാനാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്', സോണിയ പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിൽ പഠിക്കുമ്പോഴാണ് താൻ ഭക്ഷണം ഉണ്ടാക്കാൻ പഠിച്ചതെന്ന് രാഹുൽ ഗാന്ധി വീഡിയോയിൽ പറയുന്നുണ്ട്. 'ഭക്ഷണത്തിന് വേണ്ടിയാണ് വലിയ രാഷ്ട്രീയ പോരാട്ടങ്ങൾ നടന്നിട്ടുള്ളത്. ഗാന്ധിജിക്ക് ഭക്ഷണത്തെക്കുറിച്ച് ഒരു പ്രത്യേക കാഴ്ചപ്പാടുണ്ടായിരുന്നു -- സസ്യാഹാരം, ആട്ടിൻപാൽ, അങ്ങനെ പോഷകസമൃദ്ധമായവ. ഗാന്ധിജിയുടേതിൽ നിന്ന് അല്പം വ്യത്യസ്തമായ ആശയങ്ങൾ ഇക്കാര്യത്തിൽ എനിക്കും ഉണ്ട്', രാഹുൽ പറഞ്ഞു.












Click it and Unblock the Notifications