ശശി തരൂരിനെ മറികടന്ന് രാഹുൽ ഗാന്ധി ഒന്നാമത്! പക്ഷേ, ഇന്ത്യയിൽ നരേന്ദ്ര മോദി തന്നെ...
കോൺഗ്രസ് അദ്ധ്യക്ഷന്റെ പദവി ഏറ്റെടുത്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്ക് ട്വിറ്ററിൽ ഫോളോവേഴ്സിന്റെ എണ്ണം കൂടിയത്.
ദില്ലി: ഒടുവിൽ ശശി തരൂർ എംപിയെ പിന്തള്ളി കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഒന്നാം സ്ഥാനം. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കോൺഗ്രസ് നേതാക്കളുടെ പട്ടികയിലാണ് രാഹുൽ ഗാന്ധി ഒന്നാമത് എത്തിയത്. കഴിഞ്ഞദിവസം വരെ കോൺഗ്രസ് എംപി ശശി തരൂരായിരുന്നു പട്ടികയിൽ ഒന്നാമത്.
കോൺഗ്രസ് അദ്ധ്യക്ഷന്റെ പദവി ഏറ്റെടുത്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്ക് ട്വിറ്ററിൽ ഫോളോവേഴ്സിന്റെ എണ്ണം കൂടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ തുടർച്ചയായ പരിഹാസങ്ങളും പ്രസംഗങ്ങളുമായി രാഹുൽ ഗാന്ധി വാർത്തകളിലിടം നേടിയതോടെ ട്വിറ്ററിലും അദ്ദേഹത്തെ പിന്തുടരുന്നവരുടെ എണ്ണം വർദ്ധിച്ചു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ താരമായ ശശി തരൂരിനെ മറികടന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ ഒന്നാമത് എത്തിയത്.

രാഹുൽ ഗാന്ധി
സോഷ്യൽ മീഡിയ വെബ്സൈറ്റായ ട്വിറ്ററിൽ രാഹുൽ ഗാന്ധിക്ക് ഇപ്പോൾ 6.77 മില്യൺ ഫോളോവേഴ്സാണുള്ളത്. കഴിഞ്ഞദിവസം വരെ ഏറ്റവും കൂടുതൽ ഫോളോവേഴ്സുണ്ടായിരുന്ന കോൺഗ്രസ് നേതാവായ ശശി തരൂരിന് 6.7 മില്യൺ ഫോളോവേഴ്സുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം കൂടിയത്. ട്വിറ്ററിൽ മാത്രമല്ല, ഫേസ്ബുക്ക് അടക്കമുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും രാഹുൽ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നുവെന്നാണ് എഐസിസി സോഷ്യൽ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന പറഞ്ഞത്.

ജനങ്ങൾക്ക് വേണ്ടി...
രാഹുൽ ഗാന്ധിയുടെ ട്വീറ്റുകളും പ്രസംഗങ്ങളും പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതായതിനാലാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം ദിനംപ്രതി കൂടുവാൻ കാരണമെന്നാണ് ദിവ്യ സ്പന്ദനയുടെ അഭിപ്രായം. നേരത്തെ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ സജീവമല്ലാതിരുന്ന രാഹുൽ ഗാന്ധി അടുത്തിടെയാണ് നവമാധ്യമ ലോകത്ത് സജീവമായി ഇടപെടാൻ തുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിദ്ധ്യമാകുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നേരത്തയുണ്ടായിരുന്ന ഓഫീസ് ഓഫ് രാഹുൽ ഗാന്ധി എന്ന ട്വിറ്റർ ഐഡി മാർച്ച് 17നാണ് രാഹുൽ ഗാന്ധി എന്ന് പുനർനാമകരണം ചെയ്തത്.

സന്തോഷം മാത്രമെന്ന്...
അതേസമയം, രാഹുൽ ഗാന്ധി ട്വിറ്ററിൽ ഒന്നാമത് എത്തിയ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് വലിയ സന്തോഷം തോന്നുവെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ അദ്ദേഹത്തോട് വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ മുതലാണ് രാഹുൽ ഗാന്ധിയുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടൽ സജീവമായത്. ഇതിനുപിന്നാലെ അദ്ദേഹത്തെ പിന്തുടരുന്നവരുടെ എണ്ണവും കൂടി. കഴിഞ്ഞ ജൂലായിൽ വെറും 24.93 ലക്ഷം ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന രാഹുൽ ഗാന്ധിക്ക് ഒരു മാസം കൊണ്ട് ഒരു മില്യൺ ഫോളോവേഴ്സാണ് പുതുതായി വന്നത്.

മോദി തന്നെ...
അതേസമയം, ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന രാജ്യത്തെ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. രാഹുൽ ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം ആറ് മില്യൺ കടന്നെങ്കിൽ അതിന്റെ ഏഴിരട്ടിയാണ് മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം. 42.3 മില്യൺ പേരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ പിന്തുടരുന്നത്. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയം മുതൽ മോദി ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.












Click it and Unblock the Notifications