മോദി ഒരു വർഷത്തിനകം അധികാരത്തിൽ നിന്ന് പുറത്താകും, പ്രവചനവുമായി രാഹുൽ ഗാന്ധി, സാമ്പത്തിക സുനാമി വരുന്നു!
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വർഷത്തിനകം അധികാരത്തിൽ നിന്ന് പുറത്താകുമെന്ന പ്രവചനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത സാമ്പത്തിക സുനാമിയെയാണ് നേരിടാൻ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഒരിക്കൽ പൂർണ്ണമായി നിയന്ത്രിച്ചിരുന്ന ഭരണസംവിധാനങ്ങൾ ഇപ്പോൾ ആകെ ഉലഞ്ഞിരിക്കുകയാണെന്നും ആഭ്യന്തരമായി തകർന്നുകൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
''തന്റെ വിലയിരുത്തൽ അനുസരിച്ച് ഒരു വർഷത്തിനകം മോദി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താകും. ഭരണസംവിധാനത്തിന്മേലുള്ള അദ്ദേഹത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക ആഘാതങ്ങളിൽ നിന്ന് ഇന്ത്യയെ സംരക്ഷിച്ചിരുന്ന സുരക്ഷാ സംവിധാനങ്ങൾ ബിജെപി സർക്കാർ എടുത്തുമാറ്റി. ഇതിന്റെ ഫലമായി രാജ്യം ഇതുവരെ കാണാത്ത വിധത്തിലുള്ള വലിയൊരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കും. നിലവിലെ വിലക്കയറ്റം ഇതിന്റെ തുടക്കം മാത്രമാണ്. ഇത് തടയാൻ ആർക്കും കഴിയില്ല'', രാഹുൽ ഗാന്ധി പറഞ്ഞു.

''കേന്ദ്ര ഭരണസംവിധാനത്തിന് ഉള്ളിൽ തന്നെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും മാറ്റങ്ങളും നടക്കുന്നുണ്ട്. ചീഫ് ഇലക്ഷൻ കമ്മീഷണർ, ഇന്റലിജൻസ് മേധാവികൾ, മുതിർന്ന ജഡ്ജിമാർ എന്നിവരിൽ നിന്ന് പോലും തനിക്ക് കൃത്യമായി വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് മന്ത്രിമാർ എന്നിവരെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ഇപ്പോൾ ഔദ്യോഗിക സംവിധാനങ്ങൾ തന്നെ തനിക്ക് എത്തിച്ചു നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഈ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന കാര്യം മോദിക്കും അറിയാമെന്ന് രാഹുൽ കൂട്ടിചേർത്തു.
സാമ്പത്തിക പ്രതിസന്ധിയും തെരഞ്ഞെടുപ്പ് അട്ടിമറികളും കാരണം ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്. ജനരോഷം അടിച്ചമർത്താനായി മോദി സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചേക്കാമെന്നും രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു.ബിജെപിക്കും ആർഎസ്എസിനും ആദിവാസികളോട് വിദ്വേഷ മനോഭാവമാണുള്ളത്. ആദിവാസികളുടെ വെള്ളം, കാട്, മണ്ണ് എന്നിവയ്ക്കുള്ള അവകാശങ്ങൾ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. അവരെ വെറും കാട്ടുവാസികളായി ചിത്രീകരിക്കാനാണ് 'വനവാസി' എന്ന വാക്ക് ബിജെപി ഉപയോഗിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.














Click it and Unblock the Notifications