നിറയെ വ്യാജ വോട്ടര്‍മാര്‍; തെളിവ് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി, കമ്മീഷനും ബിജെപിയും ഒത്തുകളിച്ചു
ന്യൂഡല്‍ഹി: അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ വ്യാപകമായ തിരിമറി നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ പരാമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
തന്റെ ആരോപണങ്ങള്‍ക്ക് ബലമേകുന്ന തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. കര്‍ണാടകയിലെ ഒരു മണ്ഡലത്തില്‍ മാത്രം നടന്ന അട്ടിമറി നീക്കങ്ങളും രാഹുല്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കുന്നു എന്ന ഇന്ത്യാ സഖ്യത്തിന്റെ സംശയത്തിന് ബലമേകുന്നതാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കി മാര്‍ച്ച് സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുകളിക്കുന്നു എന്നതാണ് ഗുരുതരമായ ആരോപണം. വ്യാജ വ്യക്തികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക ഇതിന് തെളിവാണ്. ബാംഗ്ലൂര്‍ സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വോട്ടുകളൂടെ കൂട്ട മോഷണം ആണ് നടന്നിരിക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി പറയുന്നു.
വോട്ടര്‍ പട്ടിക വിശദമായി കോണ്‍ഗ്രസ് പരിശോധിച്ചു. ഒരു വോട്ടര്‍ നിരവധി സ്ഥലത്ത് പട്ടികയിലുണ്ട് എന്ന് കണ്ടെത്തി. പല വോട്ടര്‍മാരം വ്യാജ വിലാസത്തിലാണ്. മഹാദേവപുരയില്‍ കൂട്ടത്തോടെ വ്യാജന്മാരെ ചേര്‍ത്തുവെന്നും രാഹുല്‍ പറയുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്‍ട്രലില്‍ കോണ്‍ഗ്രസിന്റെ മന്‍സൂര്‍ അലി ഖാന്‍ മികച്ച ലീഡ് നിലനിര്‍ത്തിയിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ ബിജെപിയുടെ പിസി മോഹന്‍ 32707 വോട്ടിന് ജയിക്കുകയായിരുന്നു.
ഈ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ആറിലും കോണ്‍ഗ്രസ് വിജയിച്ചു. മഹാദേവപുരയില്‍ മാത്രം ബിജെപിക്ക് 114000 വോട്ട് കിട്ടി. 100250 വോട്ടുകളാണ് ഇവിടെ മോഷ്ടിക്കപ്പെട്ടത്. 11965 വോട്ടുകള്‍ ഒന്നിലധികം ചേര്‍ത്തതാണ്. 40009 വോട്ടര്‍മാര്‍ വ്യാജന്മാരാണ്. ഒരു വിലാസത്തില്‍ മാത്രം 10425 വോട്ടര്‍മാരുണ്ട്. 4132 വോട്ടര്‍മാരുടെ ഫോട്ടോ വ്യക്തമല്ല. കന്നി വോട്ടര്‍മാരെ ചേര്‍ക്കുന്ന ഫോറം 6 ദുരുപയോഗം ചെയ്തതിന് തെളിവുണ്ട് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വോട്ടര്‍ പട്ടിക ഇലക്ട്രോണിക് രൂപത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കാത്തത് സംശയകരമാണ്. തട്ടിപ്പ് നിമിഷങ്ങള്‍ക്കകം കണ്ടെത്താന്‍ അതിലൂടെ സാധിക്കും. ചോദിച്ചപ്പോള്‍ കെട്ട് കടലാസുകളാണ് തന്നത്. ആറ് മാസത്തെ പരിശോധനയ്ക്ക് ശേഷമാണ് മഹാദേവപുരയിലെ തട്ടിപ്പ് കണ്ടെത്തിയത്. ഇലക്ട്രോണിക് ഡാറ്റ കമ്മീഷന്‍ തന്നിരുന്നു എങ്കില്‍ 30 സെക്കന്റില്‍ തട്ടിപ്പ് കണ്ടെത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വലിയ പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുവന്നു. എന്തുകൊണ്ട് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കുന്നില്ല എന്ന് കമ്മീഷന്‍ ചോദിച്ചു. മാത്രമല്ല, വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും രാഹുല്‍ ഗാന്ധിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications