'രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക മുത്തശ്ശി'; മറുപടിയുമായി ജയ്റാം രമേശ്..'ഞങ്ങൾക്ക് പ്രോംപ്റ്റർ വേണ്ട'
ലണ്ടൻ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ രാഹുൽ ഗാന്ധി വിളിച്ച് ചേർത്ത പത്രസമ്മേളനത്തിനിടെ നടന്ന കാര്യങ്ങളാണ് ചർച്ചയ്ക്ക് വഴിവെച്ചത്

ദില്ലി: വാർത്താസമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയെ തിരുത്തിയത് സംബന്ധിച്ച വിവാദം ചൂട് പിടിക്കുന്നതിനിടെ മറുപടിയുമായി മുതിർന്ന നേതാവ് ജയ്റാം രമേശ്. ടെലി പ്രോംപ്റ്റർ ഇല്ലാതെ തന്നെ കോൺഗ്രസ് നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ സാധിക്കുമെന്നും ഇപ്പോൾ നടക്കുന്നത് മോധാനി അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ജയ്റാം രമേശ് പറഞ്ഞു.
'രാഹുൽ ഗാന്ധി നടത്തിയ പരാമർശം ബിജെപിയുടെ ഫേക്ക് ന്യൂസ് മെഷീൻ വളച്ചൊടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഞാൻ രാഹുലിനോട് അക്കാര്യം ചൂണ്ടിക്കാട്ടി. അദ്ദേഹം ഉടൻ തന്നെ അത് തിരുത്തുകയും ചെയ്തു. ഞങ്ങൾ ടെലി പ്രോംപ്റ്റർ ഇല്ലാതെ തന്നെ സ്വതന്ത്രമായി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കും. ഇപ്പോൾ നടക്കുന്നത് മോധാനി അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ്', ജയറാം രമേശ് ട്വീറ്റ് ചെയ്തു.
തന്റെ ലണ്ടൻ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ രാഹുൽ ഗാന്ധി വിളിച്ച് ചേർത്ത പത്രസമ്മേളനത്തിനിടെ നടന്ന കാര്യങ്ങളാണ് ചർച്ചയ്ക്ക് വഴിവെച്ചത്. നിർഭാഗ്യവശാൽ താൻ പാർലമെന്റിലെ അംഗമാണെന്നും പാർലമെന്റിൽ സംസാരിക്കുക എന്നത് തന്റെ ജനാധിപത്യ അവകാശമാണെന്നുമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ഉടൻ തന്നെ ജയ്റാം രമേശ് ഇടപെട്ട് തിരുത്തുകയായിരുന്നു. നിർഭാഗ്യവശാൽ എന്ന പ്രയോഗം ബി ജെ പി പരിഹാസത്തിന് കാരണമാകുമെന്നായിരുന്നു ജയ്റാം രമേശ് പറഞ്ഞത്. സ്വകാര്യമായി പറഞ്ഞ ഇക്കാര്യം മൈക്കിലൂടെ കേൾക്കുകയായിരുന്നു. തുടർന്ന് കടുത്ത പരിഹാസവുമായി ബി ജെ പി രംഗത്തെത്തി.
എത്രകാലം രാഹുൽ ഗാന്ധിയെ ഇങ്ങനെ പഠിപ്പിക്കുമെന്നായിരുന്നു ബി ജെ പി നേതാവ് സാംബിത് പാത്രയുടെ ചോദ്യം.
രാഹുൽ ഗാന്ധിക്ക് സ്വന്തമായി ഒരു വാചകം പോലും ഉണ്ടാക്കാൻ സാധിക്കില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞത്.ജയറാം ആണോ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക മുത്തശ്ശി?, രാഹുലിന്റെ സംസാരിക്കാനുള്ള കഴിവില്ലായ്മ അദ്ദേഹത്തെ ഇപ്പോൾ ഉള്ളതിനേക്കാൾ പരിഹാസ്യനാക്കുകയാണ്.പരിശീലിപ്പിക്കാതെ ഒരു പ്രസ്താവന പോലും നടത്താൻ കഴിയാത്തതിൽ സങ്കടമുണ്ട്! അദ്ദേഹത്തിന്റെ വിദേശ ഇടപെടൽ പ്രസ്താവനയ്ക്ക് അദ്ദേഹത്തെ പരിശീലിപ്പിച്ചത് ആരാണ്?', എന്നായിരുന്നു അമിത് മാളവ്യയുടെ വിമർശനം.
അതിനിടെ ലണ്ടനില്‍ താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് പാര്‍ലമെന്റില്‍ മറുപടി പറയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സ്പീക്കറെ സമീപിച്ചു.നാല് മന്ത്രിമാരാണ് തനിക്കെതിരെ പാര്‍ലമെന്റില്‍ ആരോപണം ഉന്നയിച്ചതെന്നും അതിന് സഭയില്‍ തന്നെ മറുപടി നല്‍കേണ്ടത് തന്റെ അവകാശമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്പീക്കർ തനിക്ക് അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.












Click it and Unblock the Notifications