മൊഹബത് കാ സർബത്തും കബാബും രുചിച്ച് രാഹുല്‍: ദില്ലിയുടെ തെരുവില്‍ രാഹുലിന്റെ അപ്രതീക്ഷിത സന്ദർശനം
കേരളത്തില്‍ വരുന്ന രാഹുല്‍ ഗാന്ധി ഏതെങ്കിലും ചായക്കടകളില്‍ കയറി ചായകുടിക്കുന്നതും ആളുകളുമായി സംവധിക്കുന്നതുമെല്ലാം ഇപ്പോള്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വയനാട് എത്തിയപ്പോഴും അദ്ദേഹം ഇത്തരത്തില്‍ കടകളില്‍ പോയി ചായകുടിച്ചു. എന്നാല്‍ ഇപ്പോഴിതാ ദില്ലിയിലും സമാനമായ മാതൃക പിന്തുടർന്നിരിക്കുകയാണ് രാഹുല്‍ ഗാന്ധി. കൊണാട്ട് പ്ലേസിന് അടുത്തുള്ള ബംഗാളി മാർക്കറ്റിലും ചാന്ദ്‌നി ചൗക്ക് ഏരിയയിലും എത്തിയ രാഹുല്‍ വ്യത്യസ്തമായ രുചികള്‍ നുകരുകയും ആളുകളുമായി സംവദിക്കുകയും ചെയ്തു.
കർണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്ന രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസമാണ് ദില്ലിയിലെത്തിയത്. മാർക്കറ്റിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ചുറ്റും സുരക്ഷ തീർത്ത് അംഗരക്ഷകർ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും അദ്ദേഹം വലയം ഭേദിച്ച് ആളുകളുമായി ഇടപെട്ടു. ബംഗാളി മാർക്കറ്റില്‍ നിന്നും ഗപ്പേ കഴിച്ചതിന് ശേഷമാണ് അദ്ദേഹം ചാന്ദിനി ചൌക്കിലേക്ക് വന്നത്. ഓൾഡ് ഡൽഹിയിലെ ചാന്ദ്‌നി ചൗക്ക് ഏരിയയിലേക്കായിരുന്നു അദ്ദേഹത്തിന്റെ വരവ്.

റംസാൻ ആഘോഷങ്ങൾ നടക്കുന്ന തെരുവുകളിൽ വലിയ ജനത്തിരക്കുള്ള സമയത്തായിരുന്നു രാഹുല്‍ വന്നത്. രാഹുല്‍ ഗാന്ധി വന്നുവെന്ന് അറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ അവിടെ തടിച്ച് കൂടുകയും ചെയ്തു. ഏറെ നേരം അദ്ദേഹം ആളുകളുമായി സംവദിച്ചു. ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട പാനീയമായ 'മൊഹബത് കാ സർബത്' കുടിച്ച രാഹുല്‍ പിന്നീട് നേരെ നേരെ അൽ ജവഹർ റെസ്റ്റോറന്റിലേക്ക് പോയി കബാബും രുചിച്ചു. ഭക്ഷണത്തിന്റെ രുചിയറിഞ്ഞ നടക്കുന്നതിനോടൊപ്പം ആളുകളെ കേള്‍ക്കാനും അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും രാഹുല്‍ മറന്നിരുന്നില്ല.
കർണാടക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള പ്രചാരണ തിരക്കിലാണ് രാഹുൽ ഗാന്ധി. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനായി അദ്ദേഹം ആവശ്യം ഉയർത്തുകയും 50% സംവരണത്തിന്റെ പരിധി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാർട്ടി നിറവേറ്റുന്ന നിരവധി വാഗ്ദാനങ്ങളെക്കുറിച്ചും അദ്ദേഹം കഴിഞ്ഞ ദിവസം കോലാറിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചിരുന്നു.
അതേസമയം, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി ജെ പിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാൻ കോൺഗ്രസ് നേതാവ് മറ്റ് പാർട്ടി നേതാക്കളെയും ഉടന്‍ കാണുന്നുണ്ട്. ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ ദില്ലി കേന്ദ്രീകരിച്ച നടന്ന് വരികയാണ്. 2019-ലെ മാനനഷ്ടക്കേസിൽ ഗുജറാത്തിലെ സൂറത്തിലെ കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് അടുത്തിടെ രാഹുൽ ഗാന്ധിക്ക് ലോക്‌സഭാംഗത്വം നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരെ രാഹുല്‍ നല്‍കിയ അപ്പീല്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചോളൂ: മുടി കൊഴിച്ചില്‍ മുതല്‍ മുഖക്കുരു വരെ പമ്പ കടക്കും












Click it and Unblock the Notifications