മധ്യപ്രദേശില്‍ 45 അംഗ സ്ഥാനാര്‍ത്ഥി പട്ടികയുമായി മായാവതി... നേരിടാനുറച്ച് രാഹുല്‍ ഗാന്ധി!!
ഭോപ്പാല്‍: കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് മായാവതി പറഞ്ഞതിന് പിന്നാലെ തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയാണ് അണിയറ നീക്കങ്ങള്‍ നയിക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ തുറന്നെതിര്‍ക്കാനൊരുങ്ങുകയാണ് മായാവതി. അതേസമയം ബിജെപി വിചാരിച്ച രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മായാവതിയുടെ നീക്കത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ആശങ്കയിലാണ്. ഉത്തര്‍പ്രദേശില്‍ സഖ്യമില്ലെങ്കില്‍ മഹാസഖ്യത്തിന് സാധ്യതയില്ലാതെ വരും.
അതാണ് എല്ലാവരുടെയും പ്രധാന ആശങ്ക. അതേസമയം മധ്യപ്രദേശിലും രാജസ്ഥാനിലും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് മായാവതി. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്. മായാവതിയെ തകര്‍ത്ത് അധികാരം നേടണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ പരസ്പരമുള്ള പോരാട്ടങ്ങളും കാണാനാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്. അങ്ങനെ വന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെ മാറി മറിഞ്ഞേക്കാം.

മായാവതി വാശിയില്‍
കോണ്‍ഗ്രസിനെ അവരുടെ കോട്ടകളില്‍ പരാജയപ്പെടുത്തണമെന്ന വാശിയിലാണ് ബിഎസ്പി. ഇതിന്റെ ഭാഗമായി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും അവര്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. മധ്യപ്രദേശിലെ പട്ടികയാണ് പ്രഖ്യാപിക്കുന്നത്. 45 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിക്കുന്നത്. നേരത്തെ 22 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ബിഎസ്പി പ്രഖ്യാപിച്ചിരുന്നു. അതേസമയം ശക്തരായ സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ കലിപ്പില്‍
കോണ്‍ഗ്രസിന്റെ ജയസാധ്യത ഇല്ലാതാക്കാനുള്ള മായാവതിയുടെ ശ്രമത്തില്‍ രാഹുല്‍ അസംതൃപ്തനാണ്. അതുകൊണ്ട് മായാവതിയുമായി ഭാവിയില്‍ യാതൊരു ഇടപാടും വേണ്ടെന്നാണ് രാഹുലിന്റെ നിലപാട്. മായാവതിയെ പൊളിക്കാന്‍ രാജസ്ഥാനിലും മധ്യപ്രദേശിലും പ്രത്യേക കമ്മിറ്റികളാണ് രാഹുല്‍ രൂപീകരിച്ചിരിക്കുന്നത്. മായാവതിയുടെ വോട്ടുബാങ്കില്‍ കോണ്‍ഗ്രസ് കടന്നുകയറണമെന്നാണ് രാഹുലിന്റെ ആവശ്യം. ഇതോടെ ഇരുവരും തമ്മിലുള്ള പരസ്യമായ പോരാട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി
മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് രാഹുല്‍ രാജസ്ഥാനില്‍ രൂപീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല സച്ചിന്‍ പൈലറ്റിനാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള രണ്ട് പേരെ തന്റെ ഇടവും വലവുമായി നിര്‍ത്തിയിരിക്കുകയാണ് രാഹുല്‍. ദളിത് വോട്ടുബാങ്കിനെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനാണ് ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ ഓരോ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. എഐസിസി സെക്രട്ടറി ഹരീഷ് ചൗധരിക്കാണ് മാനിഫെസ്റ്റോ കമ്മിറ്റിയുടെ ചുമതല. ആല്‍വാറിലെ എംപി രഘു ശര്‍മയാണ് പ്രചാരണ കമ്മിറ്റിയുടെ അധ്യക്ഷന്‍.

തിരഞ്ഞെടുപ്പ് പ്രവചനം ഇങ്ങനെ....
രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളോടെ തന്നെ കാര്യങ്ങള്‍ ബിജെപി കൈവിടെന്നാണ് മനസ്സിലാവുന്നത്. കോണ്‍ഗ്രസിന് ഇവിടെ വലിയ വിജയമാണ് ഒരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം തന്നെ ബിഎസ്പി ഒപ്പം കൂട്ടാന്‍ തയ്യാറല്ല. 30 സീറ്റുകളിലധികമാണ് ബിഎസ്പി ആവശ്യപ്പെട്ടത്. ഇത് ഒരിക്കലും കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ സാധിക്കില്ല. 15 സീറ്റ് നല്‍കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം മായാവതി തള്ളിക്കളയുകയായിരുന്നു.

ബെഹന്‍ജിയെ ആവശ്യമില്ല
മായാവതിയെ മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. അവരില്ലാതെ തന്നെ ജയിക്കുമെന്ന് രാഹുല്‍ പറയുന്നു. അവര്‍ ഇല്ലാതിരിക്കുന്നത് കോണ്‍ഗ്രസിന്റെ സാധ്യതകളെ ഒരുതരത്തിലും ഇല്ലാതാക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനകത്തെ മുതിര്‍ന്ന നേതാക്കളാണ് സഖ്യ സാധ്യതകള്‍ ഇല്ലാതാക്കുന്നതെന്ന് മായാവതി തുറന്നടിച്ചിട്ടുണ്ട്. രാഹുലും സോണിയാ ഗാന്ധിയും സഖ്യത്തിനായി പരിശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ കാരണമെന്ത്?
മായാവതി കോണ്‍ഗ്രസിനെ ഒഴിവാക്കാനുള്ള പ്രധാന കാരണം 2008ലെ ഫലം മനസ്സില്‍ കണ്ടാണ്. അന്ന് ബിഎസ്പി ആറു സീറ്റാണ് നേടിയത്. ഇത് കോണ്‍ഗ്രസിനെ ഭൂരിപക്ഷം നേടുന്നതില്‍ നിന്ന് പിന്നോട്ടടിക്കുകയും ചെയ്തു. അന്ന് അശോക് ഗെലോട്ടിന് മുഖ്യമന്ത്രിയാവാന്‍ സ്വതന്ത്രന്‍മാരുടെ പിന്തുണ തേടേണ്ടി വന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ നാലു മാസത്തിന് ശേഷം ആറ് ബിഎസ്പി എംഎല്‍എമാരും കൂറുമാറി കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ഈ ഒരു ഫലമാണ് ബിഎസ്പി ലക്ഷ്യമിടുന്നത്. ആറ് എംഎല്‍എമാരെ ലഭിച്ചാല്‍ അവര്‍ക്ക് വിലപേശാനാവും. എന്നാല്‍ 2008ല്‍ യുപി മുഖ്യമന്ത്രിയായിരുന്നു മായാവതി. അതാണ് അവരെ ദേശീയ തലത്തില്‍ ബിഎസ്പിയെ ശക്തിപ്പെടുത്തിയത്.

ബിഎസ്പി നേട്ടമുണ്ടാക്കുമോ?
ഇത്തവണ മുഖ്യമന്ത്രി പദമില്ലാതെയാണ് അവര്‍ തിരഞ്ഞെടുപ്പ് നേരിടുന്നത്. എന്നാല്‍ അത് മായാവതിക്ക് ഗുണം ചെയ്യാന്‍ സാധ്യതയില്ല. 1998ല്‍ രാജസ്ഥാനില്‍ രണ്ട് സീറ്റ് ജയിച്ച മായാവതി പിന്നീട് വളര്‍ന്ന് വരികയായിരുന്നു. 2013ല്‍ വോട്ട് നില കുറഞ്ഞതാണ് കോണ്‍ഗ്രസ് അവരെ കൈവിടാന്‍ കാരണം. എല്ലാ തിരഞ്ഞെടുപ്പിലും വ്യത്യസ്ത മണ്ഡലങ്ങളിലാണ് ബിഎസ്പി ജയിക്കാറുള്ളത്. അത് പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള ദളിത് നേതാവിനെ മായാവതി കണ്ടെത്തുന്നത് കൊണ്ടാണ്. ഇത്തവണയും അത് ഫലം കാണുമോ അതോ രാഹുല്‍ ജയിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.












Click it and Unblock the Notifications