കര്‍ഷകരോടുള്ള കടുത്ത അവഹേളനം.. അംഗീകരിക്കാനാകില്ല; കങ്കണയ്‌ക്കെതിരെ രാഹുല്‍
ന്യൂഡല്‍ഹി: കര്‍ഷക സമരത്തെക്കുറിച്ചുള്ള ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന്റൈ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കങ്കണയുടെ പ്രതികരണം രാജ്യത്തെ മുഴുവന്‍ കര്‍ഷകരോടുമുള്ള കടുത്ത അവഹേളനമാണ് എന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. തന്റെ എക്‌സ് അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട മോദി സര്‍ക്കാരിന്റെ 'പ്രചരണ യന്ത്രം' തുടര്‍ച്ചയായി കര്‍ഷകരെ അവഹേളിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന്' രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരെ ബലാത്സംഗം ചെയ്യുന്നവരെന്നും വിദേശ ശക്തികളുടെ പ്രതിനിധികളെന്നും ബിജെപി എംപി വിശേഷിപ്പിച്ചത് ആ പാര്‍ട്ടിയുടെ കര്‍ഷക വിരുദ്ധ നയത്തിന്റെ മറ്റൊരു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഈ ലജ്ജാകരമായ കര്‍ഷക വിരുദ്ധ പ്രസ്താവനകള്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവയുള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും കടുത്ത അപമാനമാണ്. ഇത് ഒരു സാഹചര്യത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കര്‍ഷക സമരം പിന്‍വലിച്ചപ്പോള്‍ രൂപീകരിച്ച സര്‍ക്കാര്‍ കമ്മറ്റി ഇപ്പോഴും കോള്‍ഡ് സ്റ്റോറേജിലാണ്, എംഎസ്പി സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിന് നാളിതുവരെ കഴിഞ്ഞിട്ടില്ല,' രാഹുല്‍ പറഞ്ഞു.
രക്തസാക്ഷികളായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു ആശ്വാസവും നല്‍കിയിട്ടില്ല എന്നും എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായി നിന്ന് ഇക്കൂട്ടര്‍ സ്വഭാവഹത്യ തുടരുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അന്നദാതാക്കളെ അനാദരിച്ചും അവരുടെ അന്തസിനു നേരെ ആക്രമണം നടത്തിയും മോദി സര്‍ക്കാര്‍ കാണിക്കുന്ന കര്‍ഷകരോടുള്ള വഞ്ചന മറച്ചുവെക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയും ബിജെപിയും എത്ര ഗൂഢാലോചന നടത്തിയാലും കര്‍ഷകര്‍ക്ക് എംഎസ്പിയുടെ നിയമപരമായ ഗ്യാരണ്ടി ഇന്ത്യാ സഖ്യം ഉറപ്പാക്കും എന്നും രാഹുല്‍ പറഞ്ഞു. ബി ജെ പിയുടെ ഉന്നത നേതൃത്വം വേണ്ടത്ര ശക്തമല്ലായിരുന്നുവെങ്കില്‍ കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ ബംഗ്ലാദേശിന് സമാനമായ അവസ്ഥയിലേക്ക് നയിക്കുമെന്നായിരുന്നു കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിനിടെ ബലാത്സംഗം നടക്കുന്നുണ്ടെന്നും മാണ്ഡി എംപി കൂടിയായ കങ്കണ റണാവത്ത് ആരോപിച്ചിരുന്നു. ബംഗ്ലാദേശിലേതുപോലെ ഇതിനെല്ലാം പിന്നില്‍ നീണ്ട ആസൂത്രണമുണ്ടായിരുന്നു. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ബില്ലുകള്‍ പിന്‍വലിക്കുമെന്ന് കര്‍ഷകര്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ അവര്‍ ഇപ്പോഴും അവിടെത്തന്നെ ഇരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ചൈനയും അമേരിക്കയും മറ്റ് വിദേശ ശക്തികളും ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ രാജ്യത്തെ നശിപ്പിക്കാനുള്ള ഈ ഗൂഢാലോചനയില്‍ പങ്കാളികളാണ് കര്‍ഷകരെന്നും കങ്കണ പറഞ്ഞിരുന്നു. അതേസമയം കങ്കണയുടെ പ്രതികരണം ബിജെപി തള്ളിക്കളഞ്ഞിരുന്നു. കങ്കണ റണാവത്ത് നടത്തിയ പ്രസ്താവന പാര്‍ട്ടിയുടെ അഭിപ്രായമല്ല എന്നും താരത്തിന്റെ പ്രസ്താവനയോട് വിയോജിപ്പുണ്ടെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടിയുടെ നയത്തില്‍ പ്രസ്താവന നടത്താന്‍ കങ്കണയ്ക്ക് അനുമതിയോ അധികാരമോ ഇല്ലെന്നായിരുന്നു ബിജെപി പ്രസ്താവനയില്‍ പറഞ്ഞത്. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications