ട്രംപ് ഇന്ത്യയെ കുറിച്ച് പറഞ്ഞത് ശരിയെന്ന് രാഹുല്‍... പിന്തുണയ്ക്കാതെ കോണ്‍ഗ്രസ് എംപിമാരും പ്രതിപക്ഷവും
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചത്ത (നിര്‍ജീവ) ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ എന്ന പരാമര്‍ശത്തെ പിന്തുണച്ച രാഹുല്‍ ഗാന്ധിയോട് വിയോജിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നിരയിലെ മറ്റ നേതാക്കളും. ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം താരിഫും വ്യക്തമല്ലാത്ത പിഴയും പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയ്ക്കും റഷ്യയ്ക്കും അവരുടെ നിര്‍ജ്ജീവമായ സമ്പദ്വ്യവസ്ഥയെ ഒരുമിച്ച് തകര്‍ക്കാന്‍ കഴിയും എന്ന് ട്രംപ് പറഞ്ഞിരുന്നു.
ഇതിനെ കുറിച്ച് രാഹുലിനോട് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം ട്രംപിന്റെ വാദം പിന്തുണച്ചത്. 'അതെ, അദ്ദേഹം പറഞ്ഞത് ശരിയാണ്. പ്രധാനമന്ത്രിയും ധനമന്ത്രിയും ഒഴികെ എല്ലാവര്‍ക്കും ഇത് അറിയാം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു നിര്‍ജ്ജീവ സമ്പദ്വ്യവസ്ഥയാണെന്ന് എല്ലാവര്‍ക്കും അറിയാം. ട്രംപ് ഒരു വസ്തുത പറഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു നിര്‍ജ്ജീവ സമ്പദ്വ്യവസ്ഥയാണെന്ന് ലോകം മുഴുവന്‍ അറിയാം', രാഹുല്‍ പറഞ്ഞു.

എന്നാല്‍ മറ്റ് പ്രതിപക്ഷ നേതാക്കള്‍ ഈ വാദം അംഗീകരിക്കാന്‍ തയ്യാറായില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഗുരുതരമായ കാര്യമാണ് എന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങിയതിന് 25% പിഴയും കൂടി ചേര്‍ത്താല്‍ അത് 35-45% വരെയാകാം. അമേരിക്കയുമായുള്ള നമ്മുടെ വ്യാപാരത്തെ നശിപ്പിക്കുന്ന 100% പിഴയെക്കുറിച്ച് പോലും പറയുന്നുണ്ട്.
വ്യാപാര ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്, ഇത് കുറയാനുള്ള സാധ്യതയുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍, അത് നമ്മുടെ കയറ്റുമതിയെ തകര്‍ക്കും, കാരണം അമേരിക്ക നമുക്ക് വളരെ വലിയ വിപണിയാണ്,' തരൂര്‍ പറഞ്ഞു. അമേരിക്കയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും യുക്തിരഹിതമാണെങ്കില്‍, ഇന്ത്യയ്ക്ക് ചെറുക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
'അമേരിക്ക നമ്മുടെ ആവശ്യങ്ങളും മനസിലാക്കണം. അമേരിക്കയ്ക്കുമേലുള്ള നമ്മുടെ തീരുവകള്‍ അത്ര യുക്തിരഹിതമല്ല. ഇത് ഏകദേശം 17 ശതമാനമാണ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കാന്‍ മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കുന്നില്ല,' എന്നും അദ്ദേഹം പറഞ്ഞു. നിര്‍ജീവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എന്ന ട്രംപിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് എംപി രാജീവ് ശുക്ലയും വിമര്‍ശിച്ചു.
'ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മരിച്ചിട്ടില്ല. പിവി നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും ഉണ്ടായിരുന്നപ്പോള്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. അടല്‍ ബിഹാരി വാജ്പേയി ആ പരിഷ്‌കാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. 10 വര്‍ഷത്തിനുള്ളില്‍ മന്‍മോഹന്‍ സിംഗ് അത് ശക്തിപ്പെടുത്തി. നിലവിലെ സര്‍ക്കാരും അതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഒട്ടും ദുര്‍ബലമല്ലെന്നും ശുക്ല പറഞ്ഞു. നമ്മെ സാമ്പത്തികമായി ഇല്ലാതാക്കാന്‍ കഴിയുമെന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍, അത് ഒരു തെറ്റിദ്ധാരണ മൂലമാകാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപ് ഒരു മിഥ്യാധാരണയില്‍ ജീവിക്കുകയാണ് എന്നും താരിഫ് ചുമത്തുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദും ട്രംപിനെതിരെ രംഗത്തെത്തി.
'ട്രംപിനെക്കുറിച്ച് ഒരു വാക്ക് പോലും പറയാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ല. നമ്മള്‍ അമേരിക്കയുടെ അടിമകളായി മാറിയോ? അമേരിക്ക എല്ലാ ദിവസവും നമ്മെ ഭീഷണിപ്പെടുത്തുകയാണ്. ഡൊണാള്‍ഡ് ട്രംപ് ഇന്ന് പറഞ്ഞത് വളരെ പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ രാജ്യം മുഴുവന്‍ പ്രധാനമന്ത്രി മോദിക്കൊപ്പം ഉറച്ചുനില്‍ക്കും. പക്ഷേ അദ്ദേഹം ട്രംപിന് ഉത്തരം നല്‍കണം,' മസൂദ് പറഞ്ഞു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ അഹങ്കാരത്തെയും അജ്ഞതയെയും വെളിവാക്കുന്നു എന്ന് ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദി വിമര്‍ശിച്ചു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ലോകത്തിലെ മികച്ച 5 സമ്പദ്വ്യവസ്ഥകളില്‍ ഒന്നാണെന്നും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളില്‍ ഒന്നാണെന്നും അവര്‍ പറഞ്ഞു.
ട്രംപിന്റെ പരാമര്‍ശം സര്‍ക്കാരിനെതിരെ മാത്രമല്ല, മുഴുവന്‍ രാജ്യത്തിനെതിരെയുമാണെന്ന് ആര്‍ജെഡി എംപി മനോജ് ഝാ പറഞ്ഞു. 'വ്യക്തതകള്‍ ചോദിക്കുന്നത് രാജ്യസഭയില്‍ ഒരു പാരമ്പര്യമാണ്, പക്ഷേ അതിനുള്ള സാധ്യത ഇന്ന് തള്ളിക്കളയപ്പെട്ടു... ഇത് സര്‍ക്കാരിനെക്കുറിച്ചുള്ള വെറും അഭിപ്രായമല്ല, ഇന്ത്യയെക്കുറിച്ചുള്ള അഭിപ്രായമായിരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications