രാഹുല്‍ ഗാന്ധിയുടെ 'രഹസ്യം' കണ്ടെത്തി ബിജെപി; തണുപ്പിനെ പ്രതിരോധിക്കാന്‍ ഷര്‍ട്ടിനുള്ളില്‍...
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ടി ഷര്‍ട്ട് മാത്രം ധരിച്ച് കൊടുംതണുപ്പുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ നടക്കുന്നത് വലിയ ചര്‍ച്ചയായിരുന്നു. ജനങ്ങള്‍ സ്‌നേഹം കൊണ്ട് മൂടുന്നതിനാലാണ് തണുപ്പ് അറിയാത്തത് എന്നായിരുന്നു പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആലങ്കാരികമായി നല്‍കിയ മറുപടി. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ 'തണുപ്പിന്റെ രഹസ്യം' കണ്ടെത്തിയിരിക്കുകയാണിപ്പോള്‍ ബിജെപി. രാഹുല്‍ ഗാന്ധിയുടെ ടി ഷര്‍ട്ടിനകത്ത് ചൂട് നല്‍കാന്‍ മറ്റൊരു വസ്ത്രമുണ്ട് എന്നാണ് ബിജെപിയുടെ കണ്ടെത്തല്‍. ബിജെപി നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ കഴുത്തിന്റെ ഭാഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. തണുപ്പ് നേരിടാനാണ് രാഹുല്‍ ഇങ്ങനെ ചെയ്യുന്നതെന്നും അവര്‍ പറയുന്നു.

രാജ്യത്തെ ജനങ്ങളെ ഐക്യപ്പെടുത്തുക, വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒന്നിക്കുക തുടങ്ങി ഒട്ടേറെ സന്ദേശം നല്‍കിയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നത്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര നിരവധി സംസ്ഥാനങ്ങള്‍ പിന്നിട്ട് ഉത്തര്‍ പ്രദേശിലാണിപ്പോള്‍. രാഹുല്‍ ഗാന്ധിയുടെ താമസം, വസ്ത്രം, ഭക്ഷണം, താടി തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ അടുത്തിടെ ബിജെപി വൃത്തങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നു. ഏറ്റവും ഒടുവിലെത്തേതാണ് ഷര്‍ട്ടിനുള്ളിലെ വസ്ത്രം സംബന്ധിച്ച ചര്‍ച്ച.
രാഹുല്‍ ഗാന്ധിയുടെ ടി ഷര്‍ട്ടിന്റെ കോളര്‍ ഭാഗം എടുത്തുകാട്ടി ചിത്രം പങ്കുവച്ചിരിക്കുകയാണ് ഡല്‍ഹി മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ മന്‍ജീന്ദര്‍ സിങ് സിര്‍സ. ബാഗില്‍ നിന്ന് പൂച പുറത്തുവന്നു എന്നാണ് ഇതോടൊപ്പം എഴുതിയിട്ടുള്ളത്. സ്ലീവ്‌ലെസ് തെര്‍മല്‍ വസ്ത്രമാണ് രാഹുല്‍ അകത്ത് ധരിച്ചിരിക്കുന്നത്. ഇതുവരെ പറഞ്ഞിരുന്ന നുണ പൊളിഞ്ഞു. രാഹുല്‍ ഗാന്ധിയെ നുണയന്‍ എന്നും സിര്‍സ ട്വീറ്റില്‍ അധിക്ഷേപിക്കുന്നു. ശൈത്യകാലത്ത് തണുപ്പ് സാധാരണമാണ്. വ്യാജമായ രീതിയില്‍ ജനങ്ങളുടെ ശ്രദ്ധ നേടാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല ഇതെന്നും സിര്‍സ പറയുന്നു.
അതേസമയം, ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥ് രംഗത്തുവന്നു. അവര്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം സൂം ചെയ്ത് സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവയ്ക്കുകയാണ്. അദ്ദേഹത്തിന്റെ കഴുത്തും നെഞ്ചുമെല്ലാം പരിശോധിക്കുകയാണ്. സാഹസികമായ കുറ്റവാളികളാണിവര്‍ എന്നും സുപ്രിയ പരിഹസിച്ചു.
രാഹുല്‍ ഗാന്ധി ജനക്കൂട്ടത്തിനൊപ്പം നില്‍ക്കുന്നതും അവരെ ആലിംഗനം ചെയ്യുന്നതുമായ ചിത്രമാണ് സേവാദള്‍ പങ്കുവച്ചിരിക്കുന്നത്. ഞങ്ങള്‍ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. അവരുടെ സ്‌നേഹച്ചൂടില്‍ രാഹുല്‍ ഗാന്ധിക്ക് തണുപ്പ് പ്രശ്‌നമാകുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം വെള്ള ടി ഷര്‍ട്ട് ധരിച്ച് പദയാത്ര നടത്തുന്നതെന്നും സേവാദള്‍ പ്രതികരിക്കുന്നു.












Click it and Unblock the Notifications