'കർഷകരെ നിസഹായരാക്കുക, യുവജനങ്ങളെ പൊള്ള സ്വപ്‌നം കാണിപ്പിക്കുക'; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ധനവില വർധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില വർധിപ്പിയ്ക്കുക, കർഷകരെ കൂടുതൽ നിസഹായരാക്കുക, യുവജനങ്ങളെ തൊഴിൽ എന്ന പൊള്ളയായ സ്വപ്‌നം കാണിക്കുക തുടങ്ങിയവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിദിന പ്രവര്‍ത്തി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പരിഹസിച്ചു.
'റോസ് സുബഹ് കി ബാത്ത്' (ദൈനംദിന സംഭാഷണം) എന്ന ഹാഷ്‌ടാഗിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. 'പെട്രോൾ, ഡീസൽ, പാചക വാതക നിരക്കുകളിൽ എത്രത്തോളം വർധനവ് വരുത്താം, വര്‍ധിയ്ക്കുന്ന ചെലവുകളെക്കുറിച്ചുള്ള ചർച്ചകൾ എങ്ങനെ നിർത്താം, യുവജനങ്ങളെ തൊഴിൽ എന്ന പൊള്ളയായ സ്വപ്‌നം എങ്ങനെ കാണിയ്ക്കാം, ഏത് പൊതുമേഖല കമ്പനി വിൽക്കണം, കർഷകരെ എങ്ങനെ കൂടുതൽ നിസഹായരാക്കാം, ഇതൊക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതിദിന പ്രവര്‍ത്തി പട്ടികയിലുള്ള കാര്യങ്ങള്‍' രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ദേശിയ പണിമുടക്ക് ദിനത്തിൽ പോലും രാജ്യത്ത് ഇന്ധനവില വർധിച്ചിരുന്നു. രാജ്യത്ത് രണ്ടു ദിവസത്തെ പണിമുടക്ക് പുരോഗമിക്കവേ പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് എണ്ണക്കമ്പനികള്‍ ഉയര്‍ത്തിയത്. ഒരാഴ്‌ചകൊണ്ട് ഇന്ധനവിലയില്‍ അഞ്ചു രൂപയ്ക്കടുത്ത് വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ ലിറ്ററിന് 15 രൂപയെങ്കിലും വര്‍ധിക്കുന്നത് വരെ വിലവര്‍ധന തുടരുമെന്നാണ് വിദഗ്‌ധരുടെ വലയിരുത്തല്‍.

137 ദിവസത്തോളം രാജ്യത്ത് ഇന്ധനവില നിശ്ചലമായി തുടര്‍ന്നതിനെ തുടര്‍ന്നു പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ഭാരത് പെട്രോളിയം കോർപറേഷന്‍, എച്ച് പി സി എല്‍ തുടങ്ങിയവരുടെ നഷ്ടം 19,000 കോടിക്ക് മുകളിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയതോടെ അടുത്ത പണപ്പെരുപ്പ റിപ്പോര്‍ട്ടുകളും, ധനനയവും നിര്‍ണായകമാണ്. ഇക്കഴിഞ്ഞ 22ന് ഇന്ധന വിലയ്ക്കൊപ്പം പാചകവാതകവിലയും കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും അഞ്ചു കിലോയുടെ കുട്ടി സിലിണ്ടറിന് 13 രൂപയുമാണു കൂട്ടിയത്. ഇതോടെ പലിയിടങ്ങളിലും ഗാര്‍ഹിക സിലിണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ 1,000 രൂപയ്ക്കു മുകളില്‍ നല്‍കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ട്.

റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണയിലും എണ്ണവില കുതിച്ചുയരുകയാണ്. വരും നാളുകളിലും ഇന്ധനവില വര്‍ധിക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. യുദ്ധത്തെ തുടര്‍ന്ന് ഒരുവേള 130 ഡോളര്‍ പിന്നിട്ട രാജ്യാന്തര എണ്ണവില 100 ഡോളറിലേക്കു താഴ്ന്നിരുന്നെങ്കിലും നിലവില്‍ 120 ഡോളറിനു അരികെയാണ്. ഉപരോധനങ്ങളെ തുടര്‍ന്ന് റഷ്യന്‍ എണ്ണ കെട്ടിക്കിടക്കുന്നതാണ് ഇന്ത്യയ്ക്ക് ഏക പ്രതീക്ഷ നല്‍കുന്നത്.












Click it and Unblock the Notifications