രാഹുല്‍ ഗാന്ധിക്ക് വീണ്ടും കുരുക്ക്; ഹാജരാകാന്‍ പട്‌ന കോടതി നിര്‍ദേശം, ബിജെപി നേതാവിന്റെ പരാതി
പട്‌ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പട്‌ന കോടതിയുടെ നോട്ടീസ്. ഏപ്രില്‍ 12ന് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശമാണ് കേസിന് ആധാരം. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് പരാതിക്കാരന്‍. രാഹുല്‍ ഗാന്ധി 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗമാണ് പരാതിക്ക് കാരണം. ഇതേ സംഭവത്തില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുലിനെ കഴിഞ്ഞാഴ്ച രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. രാഹുല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. അതിനിടെയാണ് പട്‌ന കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

എംപി, എംഎല്‍എ, എംഎല്‍സി തുടങ്ങി ജനപ്രതിനിധികള്‍ക്ക് വേണ്ടിയുള്ള പട്‌നയിലെ കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുന്നതിനാണിത്. കേസിലെ എല്ലാ സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ തെളിവുകളും സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു. ഇനി രാഹുല്‍ ഗാന്ധിയുടെ ഭാഗം കേള്‍ക്കുകയാണ് വേണ്ടത്. അതിനാണ് ഏപ്രില്‍ 12ന് വിളിപ്പിച്ചിരിക്കുന്നത് എന്ന് സുശീല്‍ മോദിയുടെ അഭിഭാഷകന്‍ എസ്ഡി സഞ്ജയ് പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധി ഏപ്രില്‍ 12ന് പട്‌ന കോടതിയില്‍ ഹാജരാകാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു അവസരം നല്‍കാന്‍ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ അന്‍ഷുല്‍ കുമാര്‍ കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം. 2019ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നടപടികള്‍ ഘട്ടങ്ങളായി പുരോഗമിക്കുകയായിരുന്നു. ഇപ്പോള്‍ സൂറത്ത് കോടതിയുടെ വിധി വന്ന പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലാറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് വിവാദമായത്. ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി... എല്ലാ കള്ളന്മാര്‍ക്കൊപ്പവും മോദി എന്ന പേര് എങ്ങനെ വന്നു എന്ന പ്രസംഗ ഭാഗമാണ് കേസിന് കാരണം. രാഹുല്‍ മോദി സമുദായത്തെ അധിക്ഷേപിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് മോദി എന്ന് പേരുള്ള ബിജെപി നേതാക്കള്‍ രാഹുലിനെതിരെ പരാതി നല്‍കിയത്.
ഗുജറാത്തില്‍ മുന്‍ മന്ത്രി പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ബിഹാറില്‍ മുന്‍ മന്ത്രി സുശീല്‍ മോദിയും. ഇതേ പ്രസംഗത്തിന്റെ പേരില്‍ വേറെയും സ്ഥലങ്ങളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ കേസില്‍ അഞ്ച് സാക്ഷികളാണുള്ളത്. സുശീല്‍ കുമാര്‍ മോദി അടക്കമുള്ളവരാണ് സാക്ഷിപ്പട്ടികയില്‍. 2022 ആഗസ്റ്റിലാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പടുത്തിയത്. കഴിഞ്ഞ മാസം പരാതിക്കാര്‍ തെളിവ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഗുജറാത്തിലെ സൂറത്ത് കോടതിയുടെ വിധിക്കെതിരെ കോണ്‍ഗ്രസ് വൈകാതെ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അപ്പീല്‍ സമര്‍പ്പിക്കാത്തത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രമാണ് എന്ന് ബിജെപി ആരോപിച്ചിരുന്നു. ഇരവാദം മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം എന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം, ജയിലില്‍ പോകാനും തയ്യാറാണ് എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.












Click it and Unblock the Notifications