പിന്മാറില്ലെന്ന് രാഹുല്‍ ഗാന്ധി; അമേഠി വിടില്ല... രണ്ടിടത്ത് വീണ്ടും, പ്രിയങ്കയും കളത്തില്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാകുന്നു. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന മണ്ഡലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായി എന്ന് സൂചന. 2019ലെ പോലെ രണ്ട് മണ്ഡലങ്ങളില്‍ അദ്ദേഹം ജനവിധി തേടുമെന്നാണ് പുതിയ വിവരം. ഉത്തര്‍ പ്രദേശിലെ അമേഠി, കേരളത്തിലെ വയനാട് എന്നീ മണ്ഡലങ്ങളില്‍ അദ്ദേഹം മല്‍സരിക്കുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്.
കേരളത്തില്‍ 16 ലോക്‌സഭാ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ വീണ്ടും മല്‍സരിക്കുമോ എന്ന കാര്യത്തില്‍ കേരളത്തിലെ നേതാക്കള്‍ക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. ഹൈക്കമാന്റ് തീരുമാനത്തിന് കാത്തിരിക്കുകയാണവര്‍. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം...

രാഹുല്‍ ഗാന്ധി അമേഠിയിലും വയനാടും മല്‍സരിക്കുമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. 2019ല്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് രാഹുല്‍ പരാജയപ്പെട്ട മണ്ഡലമാണ് അമേഠി. അതേസമയം, അദ്ദേഹം നേരത്തെ ഇവിടെ ജയിച്ചതുമാണ്. അതുകൊണ്ടുതന്നെ അമേഠി വിട്ടുപോകാന്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പ്പര്യമില്ല. ഇത്തവണ എസ്പിയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് യുപിയില്‍ മല്‍സരിക്കുന്നത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ സോണിയ ഗാന്ധിയും. അന്ന് തോറ്റ സ്മൃതി ഇറാനി വീണ്ടും 2019ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിച്ച് മികച്ച വിജയം നേടുകയായിരുന്നു. എന്നാല്‍ വയനാട് മണ്ഡലത്തില്‍ നിന്നുള്ള വിജയം രാഹുല്‍ ഗാന്ധിയെ ലോക്‌സഭയിലെത്തിച്ചു.
ഉത്തരേന്ത്യയില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കണം എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അമേഠിയില്‍ മല്‍സരിക്കണമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവും ആവശ്യപ്പെട്ടു. ഇതെല്ലാം പരിഗണിച്ചാണ് രാഹുലിന്റെ പുതിയ തീരുമാനം. എസ്പിയുടെ പിന്തുണയുള്ളതിനാല്‍ ഉത്തര്‍ പ്രദേശില്‍ വലിയ ആവേശത്തിലാണ് ഇത്തവണ കോണ്‍ഗ്രസ് കളത്തിലിറങ്ങുന്നത്.
അതേസമയം, പ്രിയങ്ക ഗാന്ധി കൂടി ഇത്തവണ മല്‍സര രംഗത്തേക്ക് വരികയാണ്. സോണിയ ഗാന്ധി ഇനി പൊതുതിരഞ്ഞെടുപ്പിനില്ല എന്ന് വ്യക്തമാക്കുകയും രാജ്യസഭ വഴി അവര്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റായ്ബറേലി മണ്ഡലത്തില്‍ പ്രിയങ്ക മല്‍സരിക്കുമെന്നാണ് വിവരം. ദശാബ്ദങ്ങളായി കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലമാണ് റായ്ബറേലി. 2019ല്‍ യുപിയില്‍ കോണ്‍ഗ്രസ് ജയിച്ച ഏക മണ്ഡലവും ഇതായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഡല്‍ഹിയില്‍ യോഗം ചേരും. കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനം വരും. നാളെയോ മറ്റന്നാളോ പ്രഖ്യാപനമുണ്ടാകും. കേരളത്തിലേതുള്‍പ്പെടെ നൂറോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഇതോടെ വ്യക്തമാകും. ഘട്ടങ്ങളായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.












Click it and Unblock the Notifications