കൂലിപ്പണിക്കാരന്റെ മക്കള്‍ ഐഐടിക്ക്; സഹായവുമായി രാഹുല്‍ ഗാന്ധി
പ്രതാപ്ഗഡ്: നിത്യദാരിദ്ര്യത്തിനിടയിലും ഐഐടി ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ സഹോദരങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി സഹായവാഗ്ദാനം നല്‍കി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ രേഹുവ ലാല്‍ഗഞ്ച് ഗ്രാമത്തിലുള്ള രാജു (18) ബ്രിജേഷ് (19) എന്നീ സഹോദരങ്ങള്‍ക്കാണ് രാഹുലിന്റെ സഹായം.
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പഠിച്ച ഇരുവരും അസാമാന്യ പഠനമികവ് പ്രകടിപ്പിക്കുന്നവരാണ്. ഐഐടി പരീക്ഷയില്‍ 167, 410 എന്നിങ്ങനെയാണ് ഇരുവരുടെയും റാങ്ക്. ഇവരുടെ അഡ്മിഷനുവേണ്ടി എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് പിതാവ് ധര്‍മരാജന് രാഹുല്‍ ഗാന്ധി സഹായ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

കൂലിപ്പണിക്കാരനായ ധര്‍മരാജന് മാസം 12,000 രൂപയില്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ കഴിയില്ല. രേഹുവ ലാല്‍ഗഞ്ച് ഗ്രാമത്തില്‍ മണ്ണുതേച്ച് താര്‍പോളിന്‍ വിരിച്ച വീട്ടിലാണ് ഇവരുടെ താമസം. രണ്ടാടും ഒരു സൈക്കിളും ഒരു ഫാനുമാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. കടുത്ത ദാരിദ്ര്യത്തിലും ഉന്നതവിജയം നേടിയ കുട്ടികളുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെയാണ് രാഹുല്‍ അവര്‍ക്കായി രംഗത്തിറങ്ങിയത്.
ഇക്കാര്യം രാഹുല്‍ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളായ പ്രമോദ് തിവാരിയോടും മകളും എം.എല്‍.എയുമായ ആരാധനയോടും വിദ്യാര്‍ഥികള്‍ക്ക് സഹായം എത്തിക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടു. കൂടാതെ, കുട്ടികളെ ഉന്നതവിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ജവഹര്‍ വിദ്യാലയത്തിന് രാഹുല്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു.












Click it and Unblock the Notifications