മുന്നറിയിപ്പ് നൽകി രാഹുൽ ഗാന്ധി, 'ആഗസ്റ്റ് പത്തോടെ രാജ്യത്ത് കൊവിഡ് കേസുകൾ 20 ലക്ഷം കടക്കും'!
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം സംബന്ധിച്ച് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ വര്‍ഷം ആഗസ്റ്റ് പത്തോട് കൂടി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തില്‍ എത്തും എന്നാണ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. നിലവില്‍ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷത്തില്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍ ആണ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്.
കൊവിഡ് മഹാമാരിയുടെ വ്യാപനം ചെറുക്കുന്നതിന് ശക്തമായ നടപടികള്‍ വേണമെന്ന് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജൂലൈ 14നുളള ട്വീറ്റില്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഈ ആഴ്ച 10 ലക്ഷം കടക്കും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Recommended Video
രാഹുല്‍ ഗാന്ധിയുടെ പുതിയ ട്വീറ്റ് ഇങ്ങനെ: ''കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നിരിക്കുന്നു. ഈ വേഗത്തില്‍ തന്നെ കൊവിഡ് വൈറസ് വ്യാപനം തുടരുകയാണ് എങ്കില്‍ ആഗസ്റ്റ് പത്തോടെ 20 ലക്ഷത്തില്‍ അധികം പേര്‍ രാജ്യത്ത് വൈറസ് ബാധയുളളവരാകും. ഈ മഹാമാരിയെ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തവും ആസൂത്രിതവുമായ ഇടപെടലുകള്‍ നടത്തണം''.
10,03,832 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 34,956 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇത് രാജ്യത്ത് ഇതുവരെ ഉളളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 24 മണിക്കൂറിനുളളില്‍ 687 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുളളത് 3.4 ലക്ഷം പേരാണ്. 6,35,757 പേര്‍ കൊവിഡ് രോഗമുക്തി നേടി. 25,602 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.
അതിനിടെ രാജ്യത്ത് കൊവിഡ് കേസുകളുടെ കാര്യത്തിൽ ഒന്നാമത് നിൽക്കുന്ന മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ 8,641 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആരോഗ്യ വകുപ്പ് നൽകുന്ന കണക്ക് പ്രകാരം സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2, 84, 281ലെത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 266 പേരും മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 11,194 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്.












Click it and Unblock the Notifications