രാഹുല്‍ ഗാന്ധി എന്താണ് വിദേശത്ത് ചെയ്യുന്നത്? ചര്‍ച്ചയാക്കി ബിജെപി, 'സമരത്തിനിടെ അവധി ആഘോഷം
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പുറപ്പെട്ടു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിമര്‍ശനവുമായി ബിജെപി. രാഹുല്‍ ഗാന്ധി ബ്രേക്ക് എടുത്ത് അവധി ആഘോഷിക്കുകയാണ് എന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. നവരാത്രിയില്‍ വിദേശത്ത് രാഹുല്‍ ഗാന്ധി എന്താണ് ചെയ്യുന്നത്. കുഴപ്പമുണ്ടാക്കുന്നതില് സഹകരിക്കുന്നവരെ കാണാന്‍ പോയതാണോ എന്നും ഭണ്ഡാരി എക്സില്‍ കുറിച്ചു.
എസ്ഐആര്‍ വിരുദ്ധ സമരത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പു വരെ മുന്നിലുണ്ടായിരുന്നു രാഹുല്‍ ഗാന്ധി. സമരത്തില്‍ പങ്കെടുത്ത പലരും ഇന്ന് ജയിലിലാണ്. മറുഭാഗത്ത് സമരം നടത്തിയ സിജെപി നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല. ഈ വേളയിലാണ് രാഹുല്‍ ഗാന്ധി വിദേശത്ത് പോയി എന്ന വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.

(ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി പങ്കുവെച്ച കാരിക്കേച്ചര്‍, രാഹുല്‍ ഗാന്ധി)
രാഹുല്‍ ഗാന്ധി വിയറ്റ്നാമിലേക്ക് പോയി എന്നാണ് വാര്‍ത്തകള്‍. ഞായറാഴ്ച ഉച്ചയ്ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഹാനോയിലേക്ക് പോയി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ രാഹുലുമായി അടുപ്പമുള്ളവരോ കോണ്‍ഗ്രസ് നേതൃത്വമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെയാണ് ബിജെപി വിഷയം 'കത്തി'ക്കുന്നത്.
മുമ്പും രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര ബിജെപി ചര്‍ച്ചയാക്കിയിരുന്നു. ജനങ്ങളെ ഇളക്കിവിട്ട് രാഹുല്‍ വിദേശത്തുപോയി ഉല്ലസിക്കുന്നു എന്ന ആംഗിളിലാണ് ബിജെപി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. വിയറ്റ്നാമില്‍ ഔദ്യോഗിക പരിപാടികള്‍ രാഹുല്‍ ഗാന്ധിക്കുണ്ടോ എന്ന് വ്യക്തമല്ല. രാഹുല്‍ ഗാന്ധി ബാഗുമായി ചിരിച്ചുകൊണ്ട് പോകുന്ന കാരിക്കേച്ചറുകള്‍ പങ്കുവെച്ചാണ് ബിജെപി വൃത്തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
നേരത്തെ സിജെപി ഡല്‍ഹിയില്‍ സമരം നടത്തുന്ന ദിവസം രാഹുല്‍ ഗാന്ധി ചെന്നൈയില്‍ പോയത് ചര്‍ച്ചയായിരുന്നു. എന്നാല്‍ വിജയുടെ ടിവികെ പിന്നീട് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തില്‍ പങ്കെടുത്തത് രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളുടെ വിജയമാണ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നൈ യാത്രയുടെ നേട്ടമായി എടുത്തുകാട്ടി. പൂജ ആഘോഷം കഴിഞ്ഞാല്‍ വീണ്ടും സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് റാലി നടത്തന് ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ അനുമതിയും ലഭിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്. ഗ്യാനേഷ് രാജിവെക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കോണ്‍ഗ്രസ് പറയുന്നു. അതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര ബിജെപി ചര്‍ച്ചയാക്കുന്നത്.


Click it and Unblock the Notifications
