രാഹുല്‍ ഗാന്ധി അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ഇവിടെ; വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലത്തിലാണ് മല്‍സരിച്ചത്. ഒന്ന് വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന അമേഠിയിലും, മറ്റൊന്ന് കേരളത്തിലെ വയനാട് മണ്ഡലത്തിലും. എംഐ ഷാനവാസ് അന്തരിച്ചതിനെ തുടര്‍ന്നാണ് വയനാട്ടിലേക്ക് മറ്റൊരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ആലോചിച്ചത്.
ഈ വേളയില്‍ മുസ്ലിം സ്ഥാനാര്‍ഥി തന്നെ വേണം എന്ന് കേരളത്തിലെ മുസ്ലിം സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പേര് ഉയര്‍ന്നുകേട്ടത്. ഇതോടെ മുസ്ലിം സംഘടനകള്‍ ആവശ്യത്തില്‍ നിന്ന് പിന്മാറി.
രാഹുല്‍ ഗാന്ധി മല്‍സരിക്കുകയും വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. കേരളത്തിലെ 19 മണ്ഡലങ്ങളിലും യുഡിഎഫ് വെന്നിക്കൊടി നാട്ടി. ആലപ്പുഴയില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷം ജയിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇനി അടുത്ത തിരഞ്ഞെടുപ്പ് വരികയാണ്. ബിജെപിയും കോണ്‍ഗ്രസും ഇപ്പോള്‍ തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇനി എവിടെ മല്‍സരിക്കുമെന്ന ചോദ്യം സ്വാഭാവികമാണ്. ഇതിന് ഉത്തരവുമായി രംഗത്തുവന്നിരിക്കുകയാണ് യുപിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് റായ്. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് വീണ്ടും മല്‍സരിക്കുമെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, എല്ലാ വോട്ടര്‍മാരുടെയും പിന്തുണ അദ്ദേഹം തേടുകയും ചെയ്തു.

യുപിയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് അജയ് റായ്. രാഹുല്‍ ഗാന്ധിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് അയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നെഹ്രു കുടുംബത്തിന് വലിയ ബന്ധമുള്ള മണ്ഡലമാണിത്. ആ ബന്ധം ആര്‍ക്കും തകര്‍ക്കാന്‍ സാധ്യമല്ല. 2024ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ തന്നെ മല്‍സരിക്കുമെന്നും അജയ് റായ് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വമോ രാഹുല്‍ ഗാന്ധിയോ ഇതുവരെ എവിടെ മല്‍സരിക്കുമെന്ന് പറഞ്ഞിട്ടില്ല. അടുത്തിടെ മധ്യപ്രദേശിലെ ഭോപ്പാലില്‍ മാധ്യമങ്ങളുമായി സംവദിക്കവെ രാഹുല്‍ ഗാന്ധിയോട് എവിടെയാണ് അടുത്ത തവണ മല്‍സരിക്കുക എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇനിയും ഒരു വര്‍ഷമില്ലേ, ഇപ്പോള്‍ തന്നെ ഈ വിഷയം മാധ്യമങ്ങളുടെ തലക്കെട്ടില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി.

മൂന്ന് തവണ യുപിയിലെ അമേഠിയില്‍ നിന്ന് വിജയിച്ച വ്യക്തിയണ് രാഹുല്‍ ഗാന്ധി. 2019ല്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും നേരത്തെ അമേഠിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014ല്‍ രാഹുലിനോട് തോറ്റ സ്മൃതി ഇറാനി 2019ല്‍ വീണ്ടും മല്‍സരിച്ച് ജയിക്കുകയായിരുന്നു.

നരേന്ദ്ര മോദിക്കെതിരെ മല്‍സരിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് അജയ് റായ്. 2014, 2019 തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം വാരണാസി മണ്ഡലത്തില്‍ മോദിക്കെതിരെ മല്‍സരിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ഇപ്പോള്‍ രാജസ്ഥാനിലുള്ള യാത്ര ജനുവരി മൂന്നിന് യുപിയില്‍ എത്തുമെന്നും അജയ് റായ് പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ആറ് മേഖലകളാക്കി തിരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമാക്കിയിട്ടുള്ളത്. ആറ് മേഖലയ്ക്കും പ്രത്യേകം പ്രസിഡന്റുമാരുണ്ട്. ഇവരുടെ നേതൃത്വത്തില്‍ മേഖലാ പദയാത്രകള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കും. ഇതിന് ശേഷമാകും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര യുപിയിലെത്തുക. പ്രയാഗ് രാജില്‍ നിന്ന് കഴിഞ്ഞ ദിവസം അജയ് റായുടെ നേതൃത്വത്തികല്‍ ഒരു പദയാത്ര ആരംഭിച്ചിട്ടുണ്ട്. യാത്ര അമേഠിയിലെത്തിയ വേളയിലാണ് രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന കാര്യം അജയ് റായ് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications