പ്രിയങ്കയുടെ ദേഹത്ത് മഞ്ഞ് വാരിയെറിഞ്ഞ് രാഹുൽ; ഓടി രക്ഷപ്പെട്ട് കെസി; കാശ്മീരിൽ നിന്നുള്ള വീഡിയോ വൈറൽ
കനത്ത മഞ്ഞ് വീഴ്ചയ്ക്കിടയിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ നടന്നു

ശ്രീനഗർ; ഭാരത് ജോഡോയാത്രയ്ക്കിടയിൽ കാശ്മീരിൽ മഞ്ഞിൽ കളിക്കുന്ന രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഇരുവരും മഞ്ഞ് പരസ്പരം വാരിയെറിഞ്ഞ് കളിക്കുകയാണ് വീഡിയോയിൽ. മഞ്ഞ് എറിയുന്നതിൽ നിന്നും രക്ഷപ്പെടാനായി ഓടി ഒളിക്കുന്ന കോൺഗ്രസ് നേതാക്കളേയും വീഡിയോയിൽ കാണാം. വീഡിയോ രാഹുലും പ്രിയങ്കയും തങ്ങളുടെ ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

രസകരമായ വീഡിയോ
'ഷീൻ മുബാറക്ക്! ശ്രീനഗറിലെ #BharatJodoYatra ക്യാമ്പ്‌സൈറ്റിലെ മനോഹരമായ അവസാന പ്രഭാതം', എന്ന തലക്കെട്ടോടെയാണ് രാഹുൽ വീഡിയോ പങ്കിട്ടത്. കൂടി നിൽക്കുന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ മഞ്ഞ് കട്ടയുമായി സഹോദരി പ്രിയങ്കയുടെ അടുത്തേക്ക് രാഹുൽ ഓടുന്നതും പ്രിയങ്കയുടെ തലയിൽ മഞ്ഞ് കട്ട് ഇടുന്നതും വീഡിയോയിൽ കാണാം. സ്നേഹത്തോടെ പ്രിയങ്കയും ഇതേ രീതിയിൽ രാഹുലിന് ദേഹത്ത് മഞ്ഞിടാൻ ശ്രമിക്കുന്നുണ്ട്. രാഹുൽ മഞ്ഞുമായി ഓടുമ്പോൾ ഓടി രക്ഷ്പപെടുന്ന കെസി വേണുഗോപാലും വീഡിയോയിൽ ഉണ്ട്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

കടുത്ത മഞ്ഞ് വീഴ്ചയാണ്
കടുത്ത മഞ്ഞ് വീഴ്ചയാണ് ഇപ്പോൾ കാശ്മീരിൽ. ശ്രീനഗറിൽ ഏഴ് ഇഞ്ചും, ഗുൽമാർഗിൽ ഒരു അടിയിലേറെയുമാണ് ഞായറാഴ്ച മഞ്ഞ് വീഴ്ച ഉണ്ടായത്. ഞായറാഴ്ച രാത്രിയോടെയാണ് മഞ്ഞ് വീഴ്ച ശക്തമായതെന്നും ഇപ്പോഴും ഇത് തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും കാരണം ശ്രീനഗർ-ജമ്മു ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ട്രാക്കുകളിൽ മഞ്ഞ് അടിഞ്ഞുകൂടിയതിനാൽ ബാരാമുള്ള-ബനിഹാൽ റൂട്ടിലെ ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. മഞ്ഞ് വീഴ്ച കനത്തതോടെ വ്യോമഗതാഗതവും നിർത്തി വെച്ചിരിക്കുകയാണ്.

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം
അതേസമയം കനത്ത മഞ്ഞ് വീഴ്ചയ്ക്കിടയിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ നടന്നു. കന്യാകുമാരിയിൽ നിന്നും സെപ്റ്റംബർ ഏഴിനാണ് യാത്ര തുടങ്ങിയത്. 14 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെയാണ് യാത്ര കടന്ന് പോയത്. യാത്രയുടെ സമാപന സമ്മേശനത്തിൽ 12 ഓളം പ്രതിപക്ഷ പാർട്ടികളുടെ സാന്നിധ്യം ശ്രദ്ധേയമായി. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദൾ (ആർജെഡി), നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്), ഉദ്ധവ് താക്കറെയുടെ ശിവസേന, കേരള കോൺഗ്രസ്, ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ്, മെഹബൂബ മുഫ്തിയുടെ ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), ഷിബു സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എന്നീ പാർട്ടികൾ പരിപാടിയിൽ പങ്കെടുത്തു. സി പി എം വിട്ടുനിന്നപ്പോള്‍ സി പി ഐയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ഡി രാജ പങ്കെടുത്തു.

ജനങ്ങൾ ഒപ്പം നിന്നതാണ്
ജനങ്ങൾ ഒപ്പം നിന്നതാണ് യാത്രയിൽ തനിക്ക് ഊർജ്ജമായതെന്ന് രാഹുൽ ഗാന്ധി സമാപന പ്രസംഗത്തിൽ പറഞ്ഞപ. മഹാത്മാ ഗാന്ധിയും എന്റെ കുടുംബവും എന്നെ പഠിപ്പിച്ചത് ഭയപ്പെടാതെ ജീവിക്കാനാണ്. യാത്ര ഒരിക്കലും ബുദ്ധിമുട്ടേറിയതായിരുന്നില്ലെന്നും മറിച്ച് മനുഷ്യരുടെ അനുഭവങ്ങളിലൂടെയാണ് താൻ കടന്ന് പോയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാശ്മീരിലേക്ക് യാത്ര കടന്നപ്പോൾ തനിക്ക് സുരക്ഷാ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇവിടെയുള്ള ജനങ്ങൾ ഗ്രനേഡ് കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ് തന്നെ സ്വീകരിച്ചതെന്ന് രാഹുൽ പറഞ്ഞു. 'ഞാൻ യാത്ര നടത്തിയത് എനിക്കോ കോൺഗ്രസിനോ വേണ്ടിയല്ല, രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ആഗ്രഹിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെ നിലകൊള്ളുകയാണ് ലക്ഷ്യം', സമാപന പ്രസംഗത്തിൽ രാഹുൽ ഗാന്ധി ആവർത്തിച്ചു.












Click it and Unblock the Notifications