രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര ത്രിശങ്കുവില്‍; അനുമതി നിഷേധിച്ച് മണിപ്പൂര്‍, ബദല്‍ തേടാന്‍ കോണ്‍ഗ്രസ്
ഇംഫാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങുന്നത് സംബന്ധിച്ച് അനിശ്ചിതത്വം. മണിപ്പൂരില്‍ നിന്ന് യാത്ര ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിന് വേണ്ടി ഇംഫാലിലെ ഗ്രൗണ്ട് അനുവദിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. അടുത്തിടെ വലിയ കലാപം നടന്ന സംസ്ഥാനം കൂടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപ ബാധിത മേഖല സന്ദര്‍ശിച്ചില്ലെന്നും പരിഹാരത്തിന് ശ്രമിച്ചില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പുതിയ ജോഡോ യാത്ര മണിപ്പൂരില്‍ നിന്ന് ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

മണിപ്പൂരില്‍ കലാപം ഇപ്പോഴും നിലച്ചിട്ടില്ല. ഇടയ്ക്കിടെ ഇരുവിഭാഗങ്ങളുടെ സംഘര്‍ഷം നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് കോണ്‍ഗ്രസ് സംശയിക്കുന്നത്. അവര്‍ മറ്റു വഴികള്‍ ആലോചിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ മാസം 14ന് മണിപ്പൂരില്‍ നിന്നാണ് യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഹട്ട കഞ്ചിബംഗില്‍ നിന്ന് തുടങ്ങുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. മുഖ്യമന്ത്രി ബിരേന്‍ സിങിനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് കണ്ടിരുന്നു. അനുമതി നല്‍കാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചതത്രെ.
മണിപ്പൂര്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ മേഘചന്ദ്രയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച നടത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. വളരെ നിര്‍ഭാഗ്യകരമായ നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് മേഘചന്ദ്ര പ്രതികരിച്ചു.
ഈ പശ്ചാത്തലത്തില്‍ ഉദ്ഘാടന വേദി മാറ്റാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. തൗബാല്‍ ജില്ലയിലെ ഖോഞ്ചമിലുള്ള സ്വകാര്യ സ്ഥലത്തേക്ക് ഉദ്ഘാടന വേദി മാറ്റിയേക്കും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ യാത്രയ്ക്ക് തുടക്കമാകും. 14 സംസ്ഥാനങ്ങളിലൂടെ 85 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുക. കാല്‍നടയായും ബസിലുമായിരിക്കും യാത്ര. മാര്‍ച്ച് 20ന് മുംബൈയിലാണ് സമാപനം.












Click it and Unblock the Notifications