രാഹുൽ ഗാന്ധി അപക്വനായ രാഷ്ട്രീയക്കാരൻ; കോൺഗ്രസിനെ ജനം ചെരുപ്പെറിയുമെന്ന് കശ്മീർ ഗവർണർ
ശ്രീനഗർ: ജമ്മു കശ്മീർ വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ജമ്മു കശ്മീർ ഗവർണർ. അപക്വനായ രാഷ്ട്രീയക്കാരനെ പോലെയാണ് രാഹുൽ പെരുമാറുന്നതെന്ന് ഗവർണർ സത്യപാൽ മാലിക് കുറ്റപ്പെടുത്തി. കശ്മീരിലെ സ്ഥിതിഗതികൾ വിശദീകരിക്കുന്നതിന് വേണ്ടി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഗവർണറുടെ പ്രതികരണം.
എനിക്ക് രാഹുൽ ഗാന്ധിയെ കുറിച്ച് സംസാരിക്കേണ്ട ആവശ്യം ഇല്ല. ഇന്ത്യയിലെ ഒരു പ്രമുഖ കുടുബാംഗമാണ് അദ്ദേഹം. പക്ഷെ അപക്വനായ രാഷ്ട്രീയക്കാരനെ പോലെയാണ് രാഹുൽ പെരുമാറുന്നത്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഐക്യരാഷ്ട്ര സംഘടനയ്ക്ക് അയച്ച കത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടുത്തിയത്. അദ്ദേഹം അത് ചെയ്യാൻ പാടില്ലായിരുന്നു, സത്യപാൽ മാലിക് കുറ്റപ്പെടുത്തി.

ഇന്ത്യ കശ്മീരിൽ നടത്തുന്ന നീക്കങ്ങളെ കുറിച്ച് പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ നൽകിയ നോട്ടീസിൽ രാഹുൽ ഗാന്ധിയുടെ പേര് പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും പാകിസ്താനോ മറ്റു രാജ്യങ്ങളോ അതിൽ ഇടപെടേണ്ടെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
കശ്മീർ വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും ഗവർണർ ആരോപിച്ചു. കശ്മീർ വിഷയം ആഭ്യന്തര പ്രശ്നമല്ലെന്ന ലോക്സഭ നേതാവ് അധിർ രജ്ഞൻ ചൗധരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ആർട്ടിക്കിൾ 370നെ പിന്തുണച്ചതിന് പൊതുജനങ്ങൾ കോൺഗ്രസിനോട് ക്ഷമിക്കില്ലെന്നും അവരെ ചെരുപ്പ് കൊണ്ട് അടിക്കുമെന്നും സത്യപാൽ മാലിക് പറഞ്ഞു.












Click it and Unblock the Notifications