മോദിക്ക് മറുപടിയായി വാരണാസിയില്‍ രാഹുല്‍
വാരണാസി: അമേത്തിയില്‍ തന്റെ തട്ടകത്തില്‍ വന്ന് ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് മടങ്ങിപ്പോയ നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി. മോദി മത്സരിക്കുന്ന വാരണാസിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത റോഡ് ഷോ നടത്തിയാണ് രാഹുല്‍ ഗാന്ധി മറുപടി കൊടുത്തത്.
വന്‍ ജനക്കൂട്ടമാണ് രാഹുല്‍ ഗാന്ധിയുടെ വാഹനപ്രചാരണ ജാഥക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നത്. റോഡ് ഷോ 12 കീലോമീറ്റര്‍ പിന്നിടാന്‍ നാല് മണിക്കൂര്‍ സമയമെടുത്തു. മോദിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായും രാഹുലിനൊപ്പം പ്രചാരണ വാഹനത്തില്‍ ഉണ്ടായിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാണ് ഇനി നടക്കാനുള്ളത്. പരസ്യ പ്രചാരണം അവസാനിക്കുന്ന ദിവസം വരെ കാത്തിരിക്കേണ്ടി വന്നു രാഹുല്‍ ഗാന്ധിക്ക് വരാണസിയില്‍ തന്റെ ശക്തി തെളിയിക്കാന്‍.
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഗോല്‍ ഗാഡയില്‍ നിന്നായിരുന്നു രാഹുല്‍ റോഡ് ഷോ തുടങ്ങിയത്. ഭാരതീയ ഹിന്ദു സര്‍വ്വകലാശാലയുടെ കവാടത്തിലുള്ള മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ മാല ചാര്‍ത്തുകയും ചെയ്തു. നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും ഒക്കെ നേരത്തെ തന്നെ മാളവ്യക്ക് ഹാരാര്‍പ്പണം നടത്തിയതാണ്.
രാഹുലിന്റെ റോഡ് ഷോക്ക് ഇമ്പം പകരാന്‍ ഷെഹ്നായ് വാദകന്‍ ഉസ്താത് ബിസ്മില്ല ഖാന്റെ കുടുംബാംഗങ്ങളുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു. വാരണാസിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശോജ്ജ്വല മുദ്രാവാക്യം വിളികള്‍ പലപ്പോഴും സംഗീത പരിപാടിയെ മറികടന്നു.
തിരഞ്ഞെടുപ്പ് തൊട്ടു മുന്നില്‍നില്‍ക്കുമ്പോള്‍ വാരണാസിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോയിലും അരവിന്ദ് കെജ്രിവാളിന്റെ പരിപാടിയിലും വന്‍ ആള്‍ക്കൂട്ടങ്ങള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്.


Click it and Unblock the Notifications